ജമ്മുകശ്മീരിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം ഇന്ന്;പൂർണ സംസ്ഥാന പദവി വേണമെന്ന് കോൺഗ്രസ്‌

ജമ്മുകശ്മീരിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന് ചേരും. ജമ്മുകശ്മീരിലെ 14 നേതാക്കളെയാണ് യോഗത്തിനായി ക്ഷണിച്ചിരിക്കുന്നത്.

യോഗത്തില്‍ പങ്കെടുക്കാന്‍ കശ്മീര്‍ താഴ്വരയിലെ പാര്‍ട്ടികളുടെ ഗുപ്കര്‍ സഖ്യം നേരത്തെ തീരുമാനിച്ചിരുന്നു. കശ്മീരിന്‍റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് താഴ്വരയിലെ പാര്‍ട്ടികള്‍ ആവശ്യപ്പെടും. ആറു പാര്‍ട്ടികളുടെ ഗുപ്കര്‍ സഖ്യം ജമ്മുകശ്മീരിലെ സ്ഥിരം താമസക്കാര്‍ക്ക് മാത്രം പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന 35 എ അനുച്ഛേദം പുനസ്ഥാപിക്കണം എന്ന നിര്‍ദ്ദേശവും ഉയര്‍ത്തും. എന്നാല്‍ ഈ ആവശ്യങ്ങള്‍ ഏറ്റെടുക്കില്ല എന്ന സൂചനയാണ് കോണ്‍ഗ്രസ് നല്‍കുന്നത്.

പൂര്‍ണ സംസ്ഥാന പദവി എന്ന ആവശ്യം ഉന്നയിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ജമ്മുകശ്മീരിനെ പോലെ തെരഞ്ഞെടുപ്പ് വേണമെന്ന് ലഡാക്കിലെ രാഷ്ട്രീയ കക്ഷികള്‍ ആവശ്യപ്പെടുന്നു. നിയമസഭയുള്ള സംസ്ഥാനമായി മാറ്റണം എന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

ജമ്മുകശ്മീരിന് പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കണം എന്ന് ആവശ്യപ്പെടാന്‍ മന്‍മോഹന്‍ സിംഗിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗമാണ് തീരുമാനിച്ചത്. എന്നാല്‍ 370 ആം വകുപ്പ് പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ടാല്‍ ബിജെപി അത് ആയുധമാക്കിയേക്കും എന്നാണ് യോഗത്തിലുയര്‍ന്ന വികാരം. പ്രതിപക്ഷ നിരയിലെ ഈ വ്യത്യസ്ത നിലപാട് കേന്ദ്രസര്‍ക്കാരിന് ആയുധമാകും. കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് പിരിഞ്ഞ ദിവസം രാജ്യസഭയില്‍ പ്രധാനമന്ത്രി പുകഴ്ത്തി സംസാരിച്ചിരുന്നു. ഗുലാംനബി ആസാദിന്റെ സഹായം കശ്മീരില്‍ സമവായത്തിന് കേന്ദ്രം തേടിയേക്കും.

രാജ്യസഭ അംഗത്വം ഒഴിഞ്ഞെങ്കിലും ദില്ലിയിലെ വീട്ടില്‍ തുടരാന്‍ സര്‍ക്കാര്‍ ഗുലാംനബി ആസാദിനെ അനുവദിച്ചിരിക്കുകയാണ്. സര്‍വ്വകക്ഷി യോഗത്തിന് മുമ്ബ് ഇന്ത്യ -പാകിസ്ഥാന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാക്കള്‍ക്കിടയിലെ ചര്‍ച്ച നടക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇതുണ്ടായെന്ന സൂചന ഇതുവരെയില്ല.