രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 51,667 കൊവിഡ് രോഗികള്‍

ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 51,667 കൊവിഡ് രോഗികള്‍ കൂടി. പ്രതിദിന പോസിറ്റീവ് നിരക്ക് 2.98 ശതമാനം ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായ 18 ദിവസങ്ങളായി രാജ്യത്ത് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തില്‍ താഴെ ആണ്. പ്രതിദിന രോഗികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് കൊവിഡ് മുക്തരായവരുടെ എണ്ണം. 64527 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മുക്തരായത്.

രാജ്യത്ത് ഇതുവരെ കൊവിഡ് രോഗമുക്തരായിരിക്കുന്നത് 29128267 പേരാണ്. 24 മണിക്കൂറിനിടെ രാജ്യത്ത് 1329 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 393310 ആയി. രാജ്യത്ത് നിലവിലുളള ആക്ടീവ് കേസുകളുടെ എണ്ണം 612868 ആണ്. ഇന്നലെ 39,95,68,448 സാംപിളുകളാണ് പരിശോധന നടത്തിയതെന്ന് ഐസിഎംആര്‍ അറിയിച്ചു.

അതിനിടെ കൊറോണ വൈറസിന്റെ പുതിയ ഡെല്‍റ്റാ പ്ലസ് വകഭേദം ബാധിച്ച കൂടുതല്‍ കേസുകള്‍ മധ്യപ്രദേശില്‍ കണ്ടെത്തി. 7 കേസുകള്‍ ആണ് മധ്യപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ രണ്ട് പേര്‍ മരണപ്പെട്ടു. ഇവര്‍ വാക്‌സിന്‍ സ്വീകരിച്ചിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഒരു ഡോസോ രണ്ട് ഡോസുകളോ സ്വീകരിച്ചവരായിട്ടുളള മൂന്ന് പേര്‍ രോഗമുക്തരാവുകയോ അല്ലെങ്കില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ഇല്ലാതെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയോ ചെയ്യുകയാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.