കേരളത്തിൽ തോമാശ്ലീഹ പ്രവർത്തിച്ച അത്ഭുതങ്ങൾ

തോമാശ്ലീഹാ സുവിശേഷം പ്രസംഗിച്ചിട്ടുള്ള സ്ഥലങ്ങളിലെല്ലാം അദ്ദേഹം പ്രവർത്തിച്ചിട്ടുള്ള അത്ഭുതങ്ങളെപ്പറ്റിയും സ്ഥാപിച്ചിട്ടുള്ള ദേവാല യങ്ങളെപ്പറ്റിയും ഒട്ടനവധി ഐതിഹ്യങ്ങൾ പരമ്പരാഗതമായി നിലനിൽക്കുന്നുണ്ട്. ഈ ഐതിഹ്യങ്ങൾ അതേപടി വിശ്വസിക്കേണ്ടതില്ലെങ്കിലും അതിന്റെ പിന്നിലുള്ള സത്യം വിസ്മരിക്കാനാവാത്തതാണ്.
കേരളത്തില്‍ പ്രവര്‍ത്തിച്ച അത്ഭുതങ്ങള്‍
കേരളത്തില്‍ ചുറ്റിസഞ്ചരിച്ച് വചനം പ്രഘോഷിച്ച തോമാ ഒട്ടനവധി അത്ഭുതപ്രവര്‍ത്തനങ്ങള്‍ നടത്തി. ഓരോ അത്ഭുതങ്ങളും ദൈവികവിശ്വാസത്തിലേക്ക് നയിക്കാന്‍ സഹായകരമായി. ആ അത്ഭുതങ്ങള്‍ ഏവയെന്ന് പരിശോധിക്കാം.
മ) സ്വര്‍ഗ്ഗത്തില്‍ പണിയപ്പെട്ട കൊട്ടാരം
‘ഗുണ്ടഫര്‍’ എന്നു പേരുള്ള ഇന്ത്യന്‍ രാജാവ്, മനോഹരമായ ഒരു കൊട്ടാരം പണിയുന്നതിന് സമര്‍ത്ഥനായ ഒരു ശില്പിയെ അന്വേഷിക്കാന്‍ ഹാബാന്‍ എന്ന ദൂതനെ ശില്‍പ്പികളുടെ നാടായ പാലസ്തീനായിലേക്ക് അയയ്ക്കുകയുണ്ടായി. അങ്ങനെ ഹാബാന്‍റെ നിര്‍ദ്ദേശപ്രകാരമാണ് തോമാശ്ലീഹാ ഭാരതത്തിലേക്ക് യാത്ര തിരിക്കുന്നത് എന്ന ഒരു ഐതിഹ്യവും നിലനില്ക്കുന്നുണ്ട്.
ഹാബാന്‍ തന്നെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ണ്ണസമ്മതത്തോടെ ഏറ്റെടുക്കുകയും ഒരു നല്ല ശില്പിയെ അന്വേഷിച്ച് യാത്ര തിരിക്കുകയും ചെയ്തു. ഈ ദൗത്യം ഏറ്റെടുത്തതിനുശേഷം ദൈവനിയോഗം എന്ന നിലയ്ക്ക് അവിചാരിത മായാണ് തോമായെ കണ്ടുമുട്ടുന്നത്. തോമസിന്‍റെ വാക്കുകളും പ്രവര്‍ത്തനങ്ങളും ഹാബാനെ ഗാഢമായി സ്പര്‍ശിച്ചു. തോമസിനോട് തന്‍റെ ദൗത്യത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അത്യധികം സന്തോഷത്തോടെ തോമ ആ ദൗത്യം ഏറ്റെടുത്തു.
ഗുണ്ടഫര്‍ രാജാവിന്‍റെ പക്കല്‍ എത്തിയ തോമസിന് വന്‍സ്വീകരണമാണ് ലഭിച്ചത്. രാജസന്നിധിയില്‍വച്ച് ഏതു രീതിയിലുള്ള കൊട്ടാരമാണ് വേണ്ടതെന്നും അത് എങ്ങനെ ആയിരിക്കണമെന്നും രാജാവ് തോമയോട് പറഞ്ഞു. അതിനുശേഷം കൊട്ടാരം പണിയുവാനുള്ള പണം രാജാവില്‍ നിന്നും വാങ്ങുകയും ചെയ്തു.
പണം വാങ്ങി രാജകൊട്ടാരത്തില്‍നിന്ന് പുറത്തിറങ്ങിയ തോമ നാട്ടിലെ പാവപ്പെട്ട ആളുകളുടെ ദുഃഖസ്ഥിതിയും കഷ്ടപ്പാടുകളും കണ്ടപ്പോള്‍ അവരുടെമേല്‍ അലിവു തോന്നുകയും തന്‍റെ കൈവശം ഉണ്ടായിരുന്ന പണമെല്ലാം പാവപ്പെട്ടവര്‍ക്ക് ദാനമായി കൊടുക്കുകയും ചെയ്തു. ഈ സംഭവം കേള്‍ക്കാന്‍ ഇടയായ രാജാവ് ഇതിലെ സത്യം എന്തെന്ന് അന്വേഷിച്ചറിഞ്ഞ് മനസ്സിലാക്കി. സത്യം മനസ്സിലാക്കിയ ഗുണ്ടഫര്‍ രാജാവ് കോപിഷ്ഠനാവുകയും തോമസിനെ കാരാഗൃഹത്തിലടയ്ക്കാന്‍ ഏര്‍പ്പാടു ചെയ്യുകയും ചെയ്തു. പടയാളികള്‍ തോമസിനെ പിടിച്ചുകൊണ്ടുവന്ന് കാരാഗൃഹത്തില്‍ അടയ്ക്കുകയും ചെയ്തു.
തോമസിനെ കാരാഗൃഹത്തില്‍ അടച്ചതിനുശേഷം രാജാവിന്‍റെ സഹോദരനായ ഗാഡിന് ഒരു സ്വപ്നദര്‍ശനമുണ്ടായി. ആ ദര്‍ശനത്തില്‍ തോമസ് സ്വര്‍ഗ്ഗത്തില്‍ പണിതിട്ടുള്ള അതിമനോഹരമായ കൊട്ടാരം കാണുകയുണ്ടായി. ഇത് മനസ്സിലാക്കിയ ഗാഡ് രാജാവിന്‍റെ പക്കല്‍ ഈ വിവരം നേരിട്ടറിയിക്കുകയും തോമസിനെ കാരാഗൃഹത്തില്‍നിന്ന് വിട്ടയയ്ക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് ഗാഡിന്‍റെ അപേക്ഷപ്രകാരം തോമസിനെ അവര്‍ വിമുക്തനാക്കി.
യ) മൈലാപ്പൂരില്‍ ദേവാലയം; ദൈവത്തിന്‍റെ ഇടപെടല്‍
ക്രിസ്ത്യാനികള്‍ക്കുവേണ്ടി മൈലാപ്പൂരില്‍ ദേവാലയം പണിയുന്നതിന് തോമ ആഗ്രഹിച്ചിരുന്നു. അതിനുവേണ്ടി ഉത്സാഹിച്ചിരുന്നു. പക്ഷേ, അവിടുത്തെ പ്രധാനപുരോഹിതരും ബ്രാഹ്മണന്മാരും ചക്രവര്‍ത്തിയായ സാഗാമൊസും (ടമഴമാൗെ) ഇതിന് സമ്മതിച്ചില്ല. ഇങ്ങനെയിരിക്കെ ശ്ലീഹായുടെ വല്ലഭത്തേയും ക്രിസ്തുവിശ്വാസത്തെയും സ്ഥിരപ്പെടുത്തുന്നതിന് തക്കതായ ഒരു അസാമാന്യ സംഭവം ഉണ്ടായി എന്ന് പറയപ്പെടുന്നു. അത് ഇങ്ങനെയാണ്.
പട്ടണത്തില്‍നിന്ന് ഏകദേശം പത്തുമൈല്‍ ദൂരമുള്ള കടലോരത്ത് ഒരു ബ്രഹ്മാണ്ഡ തടി വന്നുചേരുവാന്‍ ഇട യായി. ഇതറിഞ്ഞ ചക്രവര്‍ത്തി ആ തടി കൊട്ടാരത്തിലെ വലിയ പണികള്‍ക്ക് ഉപയോഗിക്കാന്‍വേണ്ടി ആഗ്രഹിച്ചു. അതിനാല്‍ ശക്തരായ കുറെ അനുയായികളെ അയച്ച് ആ തടി കൊട്ടാരത്തിലേക്ക് എടുക്കാന്‍ ആവശ്യപ്പെട്ടു.
ചക്രവര്‍ത്തിയുടെ നിര്‍ദ്ദേശപ്രകാരം അനുയായികള്‍ ചെന്ന് തടി കൊണ്ടുവരാന്‍ ശ്രമിച്ചു. പക്ഷേ, അവര്‍ക്ക് ആ തടി അവിടെനിന്ന് അനക്കാന്‍പോലും സാധിച്ചില്ല. അതുകൊണ്ട് തടിമിടുക്കുള്ള ശക്തരായ ആളുകളെയുംകൂട്ടി വീണ്ടും ആ തടി കൊട്ടാരത്തിലേക്ക് കൊണ്ടുവരാന്‍ നോക്കി. അവരെക്കൊണ്ടും സാധിക്കാത്തപക്ഷം ആനകളെ അയച്ചുനോക്കി, അതിലും അവര്‍ക്കു പരാജയം സമ്മതിക്കേണ്ടിവന്നു. ഇത് മനസ്സിലാക്കിയ തോമ ചക്രവര്‍ത്തിയുടെ അടുത്തുചെന്ന് ആ തടി ക്രിസ്ത്യാനികള്‍ക്ക് ദേവാലയം പണിയുന്നതിന് വിട്ടുതരുകയാണെങ്കില്‍ യാതൊരു പരാശ്രയവും കൂടാതെ താന്‍തന്നെ ആ തടി വലിച്ചുകയറ്റി പട്ടണത്തില്‍ കൊണ്ടുവരുന്നതായിരിക്കുമെന്ന് പറഞ്ഞു.
സുബോധമില്ലാതെയാണ് തോമ ഇപ്രകാരം പറയുന്നതെന്നും കുറെ മനുഷ്യരും ആനകളും പരിശ്രമിച്ചിട്ട് അനക്കാന്‍പോലും സാധിക്കാത്ത തടി എങ്ങനെ ഒരു മനുഷ്യനാല്‍ സാധിക്കും എന്ന് ചക്രവര്‍ത്തി തോമയോട് ചോദിച്ചു. എന്നാലും തോമസിന്‍റെ നിര്‍ബന്ധം നിമിത്തം ചക്രവര്‍ത്തിയില്‍നിന്ന് അനുവാദം ലഭിച്ചു. ഉടനെ തോമസ് കടലോരത്ത് ചെല്ലുകയും തന്‍റെ അരയില്‍ കെട്ടിയിരുന്ന കെട്ടഴിച്ച് ആ കെട്ടിന്‍റെ ഒരു ഭാഗം തടിയുടെ ഒരറ്റത്ത് കെട്ടിയതിനുശേഷം കുരിശടയാളം വരച്ച് പ്രാര്‍ത്ഥിച്ച് യാതൊരു അദ്ധ്വാനവുംകൂടാതെ തടി വലിച്ച് നീക്കുകയും ചെയ്തു.
കാഴ്ച്ചക്കാരായി കൂടിയിരുന്ന അനേകായിരം ആളുകളുടെ മുമ്പാകെ ആ തടി പട്ടണത്തിന്‍റെ മുന്‍വശത്ത് കൊണ്ടുവരികയും തടി കൊണ്ടുപോയി ഇട്ടിരുന്ന സ്ഥലത്ത് കല്ലുകൊണ്ട് ഒരു കുരിശുണ്ടാക്കി അവിടെ സ്ഥാപിക്കുകയും ചെയ്തു. എന്നിട്ട് കുരിശിന്മേല്‍ തോമസിന്‍റെ ദീര്‍ഘദര്‍ശനപ്രകാരം ഇങ്ങനെ എഴുതി. “ദൂരെ കിടക്കുന്ന സമുദ്രം ആ സ്ഥലത്ത് സമീപിക്കുമ്പോള്‍, വെള്ളക്കാരായ സത്യവേദ അറിയിപ്പുകാര്‍ ദൈവകൃപയാല്‍ ദൂരദേശത്തുനിന്ന് അവിടെ വന്നിറങ്ങും.” ഇത് ആയിരത്തില്‍പരം സംവത്സരാനന്തരം പ്രാവര്‍ത്തികമാവുകയും ചെയ്തു.
ഇങ്ങനെ ഒട്ടനവധി അത്ഭുതപ്രവര്‍ത്തനങ്ങളാലും അതിശയങ്ങളാലും ക്രിസ്തുമതം പ്രബലപ്പെട്ടുകൊണ്ടിരുന്നു. ഇതു കണ്ടിട്ട് പ്രധാന പുരോഹിതര്‍ക്കും ബ്രാഹ്മണന്മാര്‍ക്കും അസൂയയും കോപവും തോന്നുകയും എങ്ങനെയെങ്കിലും തോമാശ്ലീഹായെ ചതിയില്‍ അകപ്പെടുത്തുവാന്‍ അവര്‍ പരിശ്രമിക്കുകയും ചെയ്തു. എന്നാല്‍, അവരുടെ ഒരു തന്ത്രവും ഫലിച്ചില്ല.
ര) മരിച്ചവന്‍ സംസാരിക്കുന്നു
തോമാശ്ലീഹായെ എങ്ങനെയെങ്കിലും ചതിയില്‍പ്പെടുത്തണമെന്ന് ഉദ്ദേശിച്ചിട്ട് സാധിക്കാതെ വന്നപ്പോള്‍ ബ്രാഹ്മണരില്‍ ഒരുത്തന്‍ തന്‍റെ സ്വന്തം പുത്രനെ കുത്തിക്കൊന്നു. ആ കുറ്റം തോമസിന്‍റെ മേലില്‍ ആരോപിക്കുകയും ചക്രവര്‍ത്തിയുടെ മുമ്പാകെ ഈ അന്യായം ബോധിപ്പിക്കുകയും ചെയ്തു. തോമായ്ക്ക് എന്‍റെമേലുള്ള വിദ്വേഷമാണ് എന്‍റെ മകനോട് തീര്‍ത്തതെന്നും തോമ തന്നെയാണ് കൊലയാളി എന്നും തെളിയിക്കാന്‍ ആ ബ്രാഹ്മണന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
എന്നാല്‍, തോമാശ്ലീഹായുടെ ശിഷ്യന്മാര്‍ തങ്ങളുടെ ഗുരു ഒരിക്കലും ഈ വിധം ദ്രോഹം ചെയ്തിട്ടില്ലെന്നും ചെയ്യുകയില്ലെന്നും വാദിച്ചു. ഇതുകൊണ്ടൊന്നും സത്യം തെളിയിക്കാന്‍ സാധ്യമല്ലെന്ന് മനസ്സിലാക്കിയ തോമാ, കാര്യത്തിന്‍റെ വാസ്തവം തെളിയിക്കുന്നതിന് കൊല്ലപ്പെട്ടവന്‍റെ വാമൊഴിതന്നെ കേള്‍ക്കുന്നതല്ലെ ഉത്തമം എന്നും ആ മരിച്ചുപോയ പൈതല്‍തന്നെ ഇതിനുള്ള ഉത്തരം പറയട്ടെ എന്നും പറഞ്ഞു. ഇതുകേട്ട് സദസ്സിലുള്ളവര്‍ പൊട്ടിച്ചിരിക്കാനും മരിച്ചുപോയവന്‍ എങ്ങനെയാടോ സംസാരിക്കുന്നത് എന്നുപറഞ്ഞ് തോമസിനെ കളിയാക്കാനും തുടങ്ങി. തോമ ശാന്തമായി അവരോടായി പറഞ്ഞു. “മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്.”
തോമാശ്ലീഹായുടെ വാക്കുപ്രകാരം മരിച്ചുപോയ പൈതലിനെ കൊണ്ടുവരാന്‍ ചക്രവര്‍ത്തി ആവശ്യപ്പെട്ടു. ഇത് തോമാവിരോധികള്‍ക്കും സമ്മതമായിരുന്നു. കാരണം മരിച്ചുപോയവന്‍ ഒരിക്കലും സംസാരിക്കുകയില്ല എന്ന് അവര്‍ വിശ്വസിച്ചിരുന്നു. ചക്രവര്‍ത്തിയുടെ അനുയായികള്‍ മരിച്ചുപോയ കുഞ്ഞിനെ അവരുടെ മുമ്പാകെ കൊണ്ടുവന്നു കിടത്തി. കൊല്ലപ്പെട്ട പൈതലിനെ തോമ സമാധാനദൃഷ്ടിയോടെ നോക്കി. എന്നിട്ട് അവന്‍റെ നേരെ തിരിഞ്ഞ് അവനോടു ചോദിച്ചു. ‘ദൈവമാകുന്നുവെന്ന് ഞാന്‍ പ്രസംഗിക്കുന്ന മിശിഹായുടെ നാമത്തില്‍ കുഞ്ഞേ! നിന്നെ കൊന്നത് ആരാണെന്നു പറയുക?’ മിശിഹായുടെ തിരുനാമത്തെ ശ്ലീഹാ ഉച്ചരിച്ച ക്ഷണത്തില്‍ മരിച്ചുപോയ ആ പൈതലിന് ജീവനുണ്ടാവുകയും ശ്വാസം വലിച്ചുകൊണ്ട് നേത്രങ്ങള്‍ തുറക്കുകയും ചെയ്തു. എന്നിട്ട് ഉച്ചസ്വരത്തില്‍ ആ പൈതല്‍ വിളിച്ചുപറഞ്ഞു. ‘തോമാശ്ലീഹാ സത്യദൈവത്തിന്‍റെ പ്രതിനിധിയാണെന്നും ഇദ്ദേഹത്തിന്‍റെ നേരെയുള്ള വിദ്വേഷംകൊണ്ട് ഇദ്ദേഹത്തെ ചതിയില്‍ അകപ്പെടുത്താന്‍വേണ്ടി എന്‍റെ അപ്പന്‍ എന്നെ കൊന്നതാണ്.’
ഈ സംഭവത്തിനുശേഷം ഈ അന്യായം ചെയ്തവര്‍ക്ക് ഒരക്ഷരംപോലും പറയാന്‍ കഴിയാതെ സ്വന്തം പാതകം അനുസരിക്കേണ്ടതായി വന്നു. ഈ സംഭവത്തിനുശേഷം ക്രിസ്തുമതം വിശ്വസിക്കണമോ എന്ന് സംശയിച്ചിരുന്ന സഗാമോസ് രാജാവും അവന്‍റെ പ്രതിനിധികളും വേറെ അനേകം കുലീനവംശക്കാരും ക്രിസ്തുമതം അനുസരിക്കുകയും ജ്ഞാനസ്നാനം കൈക്കൊള്ളുകയും ചെയ്തു. ഇങ്ങനെ ക്രിസ്തുമതം ദിവസേന പ്രബലപ്പെടുകയും അനേകര്‍ അതില്‍ വന്നുചേരുകയും ചെയ്തുകൊണ്ടിരുന്നു.
റ) വെള്ളം ദൈവസന്നിധിയില്‍ സ്വീകരിക്കപ്പെടുന്നു
ബ്രാഹ്മണര്‍ വളരെയധികം നിഷ്ഠയുള്ളവരായിരുന്നു. അവര്‍ പ്രധാനമായും വേദങ്ങള്‍ പഠിക്കുകയും ദൈവസന്നിധിയില്‍ പൂജ ചെയ്യുകയുമാണ് ചെയ്തിരുന്നത്. തോമാശ്ലീഹായുടെ കീര്‍ത്തി ഓരോ ദേശങ്ങള്‍തോറും പരന്നുതുടങ്ങിയപ്പോള്‍ ബ്രാഹ്മണരില്‍ ചിലര്‍ അവനെ അപഹസിക്കാനും കുറേയേറെ കുറ്റങ്ങള്‍ പറഞ്ഞുനടക്കാനും തുടങ്ങി. ഒരു ദിവസം അവര്‍ ചുറ്റുംകൂടി ഇരുന്ന് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തോമ ആ വഴിയിലൂടെ കടന്നുപോകുവാന്‍ ഇടയായി.
തോമ ആ വഴിയിലൂടെ കടന്നുപോയപ്പോള്‍ അമ്പലക്കുളത്തിന്‍റെ അടുത്ത് ചില ബ്രാഹ്മണര്‍ എന്തൊക്കെയോ ഉരുവിടുന്നതും അതിനുശേഷം കുളത്തിലെ വെള്ളം മുകളിലോട്ട് എറിയുന്നതും കണ്ടു. ഇതു കണ്ടപ്പോള്‍ തോമ അവരോടായി ചോദിച്ചു: “എന്താണ് നിങ്ങള്‍ ഇവിടെ ചെയ്യുന്നത്?” അപ്പോള്‍ അവര്‍ പറയുകയുണ്ടായി. ഞങ്ങള്‍ മന്ത്രോച്ചാരണംകൊണ്ട് ദൈവത്തെ പ്രീതിപ്പെടുത്തുകയും അതിനുശേഷം വെള്ളം മുകളിലേക്ക് എറിയുകയുമാണ് ചെയ്യുന്നത്. തോമ പറയുകയുണ്ടായി, ‘ദൈവത്തെ പ്രീതിപ്പെടുത്തിയശേഷം വെള്ളം മുകളിലേക്ക് എറിഞ്ഞിട്ട് എന്തേ ദൈവം അത് സ്വീകരിക്കാത്തത്.’ അവര്‍ക്കു മറുപടിയൊന്നും പറയാനായിട്ട് സാധിച്ചില്ല.
പക്ഷേ, അവര്‍ തോമായോടു ചോദിച്ചു: “താങ്കളുടെ ദൈവത്തിന് ഈ വെള്ളം മുകളിലേക്ക് സ്വീകരിക്കാനായിട്ട് സാധിക്കുമോ?” തോമ പറഞ്ഞു. “തീര്‍ച്ചയായും.” എന്നിട്ട് തോമ കണ്ണുകള്‍ അടച്ച് സ്വര്‍ഗ്ഗത്തിലേക്ക് നോക്കി പ്രാര്‍ത്ഥിച്ച് കുളത്തിലെ വെള്ളം മുകളിലേക്ക് എറിയുകയും ആ വെള്ളം മുകളില്‍ത്തന്നെ നില്ക്കുകയും ദൈവസന്നിധിയില്‍ സ്വീകാര്യമാവുകയും ചെയ്തു. അങ്ങനെ ഒട്ടനവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച് തോമ തന്‍റെ വിശ്വാസം മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുത്തു.