സംസ്ഥാനത്ത് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും വാക്സിനേഷനില്‍ മുന്‍ഗണന

സംസ്ഥാനത്ത് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും അതിഥിത്തൊഴിലാളികള്‍ക്കും മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും വാക്സിനേഷനില്‍ മുന്‍ഗണന ലഭിക്കും. ഇക്കാര്യം വ്യക്തമാക്കി ആരോഗ്യവകുപ്പിന്‍റെ ഉത്തരവ് പുറത്തിറങ്ങി. 18 മുതല്‍ 23 വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കും വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും വാക്സിനേഷനില്‍ മുന്‍ഗണനയുണ്ടാകും. അതേസമയം, ടിപിആര്‍ കൂടിയ വടക്കന്‍ ജില്ലകളിലടക്കമുള്ള ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ആരോഗ്യമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. ലോക്ക്ഡൗണ്‍ ഇളവുകള്‍ വേണോ, എങ്കില്‍ എങ്ങനെ നടപ്പാക്കണമെന്ന കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍മാരുടെ യോഗം പുരോഗമിക്കുകയാണ്.

വ്യാപനം കുറയാത്ത പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളുണ്ടാവില്ലെന്നാണ് വിവരം. പ്രാദേശികമായി ഇളവുകള്‍ തീരുമാനിക്കാനുള്ള ടിപിആര്‍ മാനദണ്ഡം കര്‍ശനമാക്കിയേക്കും. 18-ന് മുകളില്‍ ടിപിആര്‍ ഉള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ എന്നത് 15 ശതമാനം എന്നാക്കിയേക്കും. അതിനിടെ വ്യാപനം കൂടിയ വടക്കന്‍ ജില്ലകളില്‍ ടിപിആര്‍ കുറക്കാന്‍ അടിയന്തിര നടപടികള്‍ക്ക് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്ന ശേഷമാണ് തീരുമാനം. ഇവിടങ്ങളില്‍ പരിശോധന കൂട്ടും. ക്വാറന്‍റീന്‍, സമ്ബര്‍ക്ക പട്ടിക കണ്ടെത്തല്‍ എന്നിവ കര്‍ശനമാക്കും.

അതേസമയം, വിട്ടുപോയ മരണങ്ങള്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് പുറമെ കോവിഡ് മുക്തരായി ഉടനെ മരിച്ചവരുടെയും പോസ്റ്റ് കോവിഡ് മരണങ്ങളുടെയും പ്രത്യേകം കണക്കെടുക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി.

വിട്ടുപോയ മരണങ്ങള്‍ ഉള്‍പ്പെടുത്താനുള്ള ശ്രമത്തിന് പുറമെ, കോവിഡ് മുക്തരായ ശേഷം ഉടനെയുണ്ടായ മരണങ്ങളുടെയും പോസ്റ്റ് കോവിഡ് മരണങ്ങളുടെയും കണക്കുകള്‍ കൂടി പ്രത്യേകമെടുക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. നെഗറ്റീവായതിന് തൊട്ടുപിന്നാലെയുണ്ടായ മരണങ്ങളെ ഇമ്മീഡിയറ്റ് കോവിഡ് കേസായി കണക്കാക്കി കോവിഡ് മരണപ്പട്ടികയിലേക്കുള്‍പ്പെടുത്താനാകുമോ എന്നാണ് പരിശോധിക്കുന്നത്. നെഗറ്റീവായി 3 മാസത്തിന് ശേഷമുണ്ടായവയെ പോസ്റ്റ് കോവിഡായും കണക്കാക്കാനാണ് നിലവിലെ തീരുമാനം.

നെഗറ്റീവായി എത്ര ദിവസം വരെയുള്ളത് കോവിഡ് കണക്കില്‍ ഉള്‍പ്പെടുത്താമെന്നതിലടക്കം വിശദമായ മാര്‍ഗരേഖ തയാറാക്കണം. കോവിഡ് മുക്തിക്ക് ശേഷമുള്ള മരണങ്ങളെ നോണ്‍ കോവിഡ് മരണമായാണ് കണക്കാക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്ന നിയമസഭാ രേഖ ഏഷ്യാനെറ്റ് ന്യൂസ് ഇന്നലെ പുറത്തുവിട്ടിരുന്നു. പുതിയ സാഹചര്യത്തില്‍ 3 മാസത്തിനകം ഈ മരണങ്ങളുടെ കണക്കെടുക്കാനാണ് പോസ്റ്റ് കോവിഡ് പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന നോഡല്‍ ഓഫീസര്‍മാര്‍ക്കുള്ള നിര്‍ദേശം.