സിക്ക വൈറസ് ആശങ്കയില്‍ കേരളം; പ്രതിരോധം ശക്തിപ്പെടുത്തും, ഇന്ന് ഉന്നതതല യോഗം

സിക്ക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനം ശക്തിപ്പെടുത്താനൊരുങ്ങി ആരോഗ്യവകുപ്പ്. ഗര്‍ഭിണികള്‍ കൂടുതല്‍ കരുതലെടുക്കണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം. നിലവിലെ സ്ഥിതി വിലയിരുത്താന്‍ ഇന്ന് ഡി.എം.ഒമാരുടെ യോഗം ആരോഗ്യമന്ത്രി വിളിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ആദ്യമായാണ് സിക്ക വൈറസ് സ്ഥിരീകരിക്കുന്നത്. സംസ്ഥാനം അയച്ച 19 സാമ്ബിളുകളില്‍ 13ഉം പോസീറ്റീവാണെന്നാണ് സൂചന. തിരുവനന്തപുരത്ത് പനി ബാധിച്ച്‌ ചികിത്സ തേടിയവരില്‍ ഡെങ്കിപ്പനിയുടെയും ചിക്കന്‍ഗുനിയുടെയും ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. പരിശോധനയില്‍ ഇവ രണ്ടുമല്ലെന്ന് തെളിഞ്ഞതോടെയാണ് സാമ്ബിളുകള്‍ പൂനെയിലേക്ക് അയച്ചത്

ഗര്‍ഭിണികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം.

ഗര്‍ഭിണികളില്‍ സിക്ക ബാധിച്ചാല്‍ കുഞ്ഞുങ്ങള്‍ക്ക് വൈകല്യമുണ്ടാകാന്‍ സാധ്യതയുണ്ട്. പകല്‍ സമയത്ത് കടിക്കുന്ന ഈഡിസ് കൊതുകുകളാണ് സിക വൈറസിന് കാരണം. രക്തദാനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും രോഗം പകരാം. സിക്ക വ്യാപിക്കുന്നത് തടയാന്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനാണ് ആരോഗ്യവകുപ്പിന്‍റെ ശ്രമം. കൊതുക് നിര്‍മാര്‍ജന നടപടികള്‍ ശക്തിപ്പെടുത്തും., വീട്ടിലും പരിസരത്തും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം. നിലവില്‍ സിക്ക വൈറസ് രോഗം പ്രതിരോധിക്കാനോ ചികിത്സിക്കാനോ മരുന്നില്ല. കൊതുക് കടിയേല്‍ക്കാതിരിക്കുകയെന്നത് മാത്രമാണ് പ്രതിരോധ മാര്‍ഗം.