ബ്രസീലിയ: ലോകവും കേരളവും കാത്തിരുന്ന ആവേശ ഫൈനലില്‍ നിലവില ചാംപ്യന്മാരായ ബ്രസീലിനെ വീഴ്ത്തി ലിയോണേല്‍ മെസ്സിയും കൂട്ടരും കോപ്പയില്‍ കിരീടം ഉയര്‍ത്തി. ഇരു ടീമുകളും ഏറെ വാശിയോടെ ഏറ്റുമുട്ടിയ മത്സരത്തില്‍ 1-0 എന്ന സ്‌കോറിനായിരുന്നു അര്‍ജന്റീനയുടെ വിജയം. രണ്ടാം പകുതിയില്‍ ബ്രസീല്‍ ഉജ്വലമായി നടത്തിയ മുന്നേറ്റങ്ങള്‍ അര്‍ജന്റീന പ്രതിരോധം കോട്ട കെട്ടി കാത്തതോടെ 1993 ന് ശേഷം ആദ്യമായി അര്‍ജന്റീന കപ്പുയര്‍ത്തി. ലോകഫുട്ബോളിലെ സൂപ്പര്‍താരം ലിയോണേല്‍ മെസ്സിയ്ക്ക് ആകാശനീല ജഴ്സിയില്‍ ആദ്യ കപ്പ് നേട്ടം.
കളിയുടെ ആദ്യ പകുതിയില്‍ ഡീ മരിയ നേടിയ ഗോളിനായിരുന്നു അര്‍ജന്റീനയുടെ വിജയം. 22 ാം മിനിറ്റില്‍ അര്‍ജന്റീനിയന്‍ ആരാധകരെ ആവേശത്തിലാക്കി ഡീമരിയ കളിയില്‍ ആദ്യം മുന്നിലെത്തി.
35 മീറ്റര്‍ അകലെ നിന്നും ഡീ പോള്‍ നീട്ടി നല്‍കിയ പന്ത് പിടിച്ചെടുത്ത ഡീ മരിയ ബ്രസീലിയന്‍ കീപ്പര്‍ എഡേഴ്‌സണ് മുകളിലൂടെ വലയിലേക്ക് കോരിയിട്ടു. ടൂര്‍ണമെന്റില്‍ ഇതാദ്യമായി തന്നെ ആദ്യ 11 ല്‍ ഉള്‍പ്പെടുത്തിയ പരിശീലകന്‍ സലോണിയ്ക്ക് ഡീ മരിയയുടെ പ്രതിഫലം. ലിയോണേല്‍ മെസ്സിയും ഡീമെരിയയും ചേര്‍ന്നുള്ള നീക്കങ്ങളായിരുന്നു അര്‍ജന്റീനയുടെ തുറുപ്പു ചീട്ടായത്.
മെസ്സിയുടെ വേഗതയുമായി ചേര്‍ന്നു തന്നെ കളിച്ച ഡീ മരിയ മികച്ച ഒത്തിണക്കമാണ് കാട്ടിയത്. കളി ആവേശം കൂടുന്നതിന് അനുസരിച്ച് ഫൗള്‍ വിസിലുകളും ഇടതടവില്ലാതെ മുഴങ്ങി. പല തവണ റഫറിയ്ക്ക് മഞ്ഞക്കാര്‍ഡ് പുറത്തെടുക്കേണ്ടി വന്നു. കുടുതല്‍ ഫൗള്‍ കമ്മിറ്റ് ചെയ്തത് ആതിഥേയരായ ബ്രസീല്‍ തന്നെയായിരുന്നു. ഒന്നാം പകുതിയില്‍ ഇരു ടീമും ആക്രമണത്തിലും ബോള്‍ പൊസഷനിലും ഒപ്പം നിന്നു. രണ്ടാം പകുതിയില്‍ ബ്രസീല്‍ കൂടുതല്‍ ആക്രമണോത്സുഹമായ കളിപുറത്തെടുത്തെങ്കിലും അര്‍ജന്റീന പ്രതിരോധം അവസാനം വരെ ഉറച്ചു നിന്നു.
രണ്ടാം പകുതിയില്‍ ആക്രമണത്തിന് മുര്‍ച്ച കൂട്ടാന്‍ ഫിര്‍മിനോയെ കൊണ്ടുവന്നാണ് ബ്രസീല്‍ തുടങ്ങിയത്. മഞ്ഞക്കാര്‍ഡ് കണ്ട ഫ്രെഡിനെ മാറ്റിയായിരുന്നു ഫിര്‍മിനോ വന്നത്. ഇത് ബ്രസീലിന്റെ മുന്നേറ്റത്തില്‍ പ്രകടമാകുകയും ചെയ്തു. രണ്ടാം പകുതിയില്‍ കനത്ത ആക്രമണം നടത്തിയ ബ്രസീല്‍ 51 ാം മിനിറ്റില്‍ സമനില ഗോള്‍ നേടിയെന്ന് തോന്നിപ്പിച്ചിരുന്നു. റിച്ചാര്‍ലിസണ്‍ പന്ത് വലയില്‍ എത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിന് മുമ്ബ് സൈഡ് റഫറി കൊടി ഉയര്‍ത്തി. തൊട്ടടുത്ത മിനിറ്റില്‍ തുടരെത്തുടരെ ബ്രസീലിന്റെ ആക്രമണം ഉണ്ടായി. ലിച്ചാര്‍ലിസന്റെ ഉജ്വല ഷോട്ട് അര്‍ജന്റീന കീപ്പര്‍ മെര്‍ട്ടീനെസ് തട്ടിയകറ്റി. മറുഭാഗത്ത് മെസ്സിയും ഡീമരിയും ബ്രസീലിയന്‍ ബോക്സില്‍ നിരന്തരം റെയ്ഡ് നടത്തി.
കളിയുടെ അവസാന മിനിറ്റില്‍ ബ്രസീലിനും അര്‍ജന്റീനയ്ക്കും ഉജ്വല അവസരങ്ങള്‍ നഷ്ടമായി. ഗോളിയ്ക്ക് തൊട്ടുമുന്നില്‍ നില്‍ക്കേ മെസ്സി അവിശ്വസനീയമായി ഒരു അവസരം നഷ്ടമാക്കിയപ്പോള്‍ ബ്രസീലിന്റെ ഗാബി ബാര്‍ബോസയുടെ തകര്‍പ്പന്‍ ഷോട്ട് അജന്റീന ഗോളി മെര്‍ട്ടെന്‍സ് കഷ്ടപ്പെട്ട് തട്ടിയകറ്റി. ഇഞ്ചുറി ടൈമില്‍ ബ്രസീലിയന്‍ ഗോളി മുന്നില്‍ നില്‍ക്കേ ഡീ പോളും അവസരം നഷ്ടമാക്കിയത് ആരാധകരെ ഞെട്ടിച്ചു.
അര്‍ജന്റീന സൂപ്പര്‍താരം മെസ്സിയും ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറും തമ്മിലുള്ള പോരാട്ടം തന്നെയായിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്. അര്‍ജന്റീനയടെ ആക്രമണം മെസ്സിയും ഡീ മരിയയും നയിച്ചപ്പോള്‍ ബ്രസീലിന്റെ മദ്ധ്യനിരയില്‍ കളി നയിച്ചത് നയ്മറും റിച്ചാര്‍ലിസണുമായിരുന്നു. ഓരോ തവണയും മെസ്സിയും നെയ്മറും പന്തു തട്ടിയപ്പോഴെല്ലാം ജനക്കൂട്ടം ആര്‍ത്തുവിളിച്ചു. പന്തുകിട്ടുമ്ബോഴെല്ലാം ഇവര്‍ക്കു ചുറ്റും മൂന്ന് കളിക്കാരായിരുന്നു പ്രതിരോധിച്ചത്. മെസ്സിയും ഡീ മരിയയും അനേകം തവണ ഫൗളിന് ഇരയായപ്പോള്‍ മറുവശത്ത് നെയമറിനും സമാനഗതിയായിരുന്നു.
കോവിഡ് പ്രതിസന്ധി മൂലം ഒഴിഞ്ഞ സ്‌റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടന്നിരുന്ന കോപ്പയില്‍ ഇതാദ്യമായി വളരെ കുറച്ചു ശതമാനം കാണികളെ പ്രവേശിപ്പിച്ചിരുന്നു. 8000 കാണികള്‍ക്ക് മുന്നിലായിരുന്നു ഇരു ടീമുകളും തമ്മില്‍ കലാശപ്പോര് നടന്നത്. 13 തുട വിജയത്തിന് ശേഷമായിരുന്നു ബ്രസീല്‍ ഫൈനല്‍ മത്സരത്തിനായി എത്തിയത്. പക്ഷേ അവരുടെ തേരോട്ടം അവസാനിച്ചു. 84 വര്‍ഷത്തിന് ശേഷമാണ് ബ്രസീലിനെതിരേ അര്‍ജന്റീന ഒരു ഫൈനല്‍ ജയിക്കുന്നത്. 1993 ന് ശേഷം ഇതാദ്യമായിട്ടാണ് അര്‍ജന്റീന കോപ്പാ അമേരിക്കയില്‍ കിരീടം നേടിയത്. പല തവണ കപ്പിനും ചുണ്ടിനും ഇടയില്‍ രാജ്യാന്തര കിരീടങ്ങള്‍ അനവധി തവണ നഷ്ടമായ ഫുട്ബോള്‍ ഇതിഹാസനം മെസ്സിയ്ക്കു ഇത് വലിയ നേട്ടമാണ്.