മ്യാൻമാർ കർദിനാളിന്റെ മുന്നറിയിപ്പ്: ഒരുമിച്ച് നിന്നാൽ അനേകം ജീവനുകൾ നമുക്ക് രക്ഷിക്കാം, ഭിന്നിപ്പ് തുടർന്നാൽ അനേകായിരങ്ങളെ നമുക്ക് അടക്കംചെയ്യേണ്ടിവരും

കോവിഡിന്റെ മൂന്നാം തരംഗം പിടിമുറുക്കുന്ന സാഹചര്യത്തിലും സംഘർഷങ്ങൾ തുടർന്നാൽ രാജ്യം ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇരയാകുമെന്ന മുന്നറിയിപ്പുമായി മ്യാൻമർ ആർച്ച്ബിഷപ്പ് കർദിനാൾ ചാൾസ് ബോ. സംഘർഷങ്ങൾ അവസാനിപ്പിച്ച് എല്ലാവരുടെയും നന്മയ്ക്കായി ഐക്യപ്പെടാനും അദ്ദേഹം രാഷ്ട്രീയ കക്ഷികളോട് അഭ്യർത്ഥിച്ചു. കോവിഡിന്റെ അപകടകരമായ മുഖത്തും പട്ടാള അട്ടിമറിയെ തുടർന്നുണ്ടായ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് മ്യാൻമർ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷനായ കർദിനാളിന്റെ മുന്നറിയിപ്പ്.

‘ഒരുമിച്ചു നിന്നാൽ അനേകം ജീവനുകൾ നമുക്ക് രക്ഷിക്കാം, ഭിന്നിപ്പ് തുടർന്നാൽ അനേകായിരങ്ങളെ നമുക്ക് അടക്കംചെയ്യേണ്ടിവരും,’ മ്യാൻമറിന്റെ സ്വാതന്ത്ര്യത്തിനായി രക്തസാക്ഷിത്വം വരിച്ച ജനറൽ ഓങ് സാൻ ഉൾപ്പെടെയുള്ളവരുടെ സ്മരണാദിനമായ ‘മാർട്ടേഴ്‌സ ഡേ’യിൽ കർദിനാൾ മുന്നറിയിപ്പ് നൽകി. കോവിഡ് നിയന്ത്രണാതീതമാകുന്ന സാഹചര്യത്തിൽ മഹാമാരിക്കെതിരെ രാജ്യം ഒന്നിക്കുക എന്നത് അവരുടെ രക്തസാക്ഷിത്യത്തിന് നൽകാവുന്ന ഏറ്റവും വലിയ ആദരമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഫെബ്രുവരി രണ്ടിലെ പട്ടാള അട്ടിമറിക്കുശേഷം വലിയ ജനാധിപത്യപ്രക്ഷോഭങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. സുരക്ഷാഭീഷണിക്കൊപ്പം കോവിഡിന്റെ മൂന്നാം തരംഗവും ഇപ്പോൾ രാജ്യത്തെ ദുരിതത്തിലാക്കുകയാണ്. ഓക്‌സിജൻ വിതരണത്തിലെ ഗുരുതരമായ ക്ഷാമവും പിടിമുറുക്കുന്നു. ഏതാണ്ട് അഞ്ചര കോടിമാത്രം ജനസംഖ്യയുള്ള ഇവിടെ കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 5,000 കടന്നു. ഏതാണ്ട് ഒരു മാസത്തിനിടയിൽ മരണസംഖ്യയിൽ ഉണ്ടായത് 50% വർദ്ധനവാണ്.

ജൂലൈ 14നു മാത്രം 7,000ൽപ്പരം പേരാണ് രോഗബാധിതരായതെന്ന് പട്ടാള നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ‘ഹൃദയപരിവർത്തനം ഇല്ലെങ്കിൽ, വരും മാസങ്ങളിൽ ആയിരക്കണക്കിന് ആളുകൾ സംസ്‌കരിക്കപ്പെടും. ഇത് മുറിവുകളുണ്ടാക്കാനുള്ള സമയമല്ല. മറിച്ച് സുഖപ്പെടുത്താനുള്ള സമയമാണ്.’ തോക്കുകൾ കൈവശമുള്ള എല്ലാവരും കർത്താവിന്റെ നാമത്തിൽ അത് ഉപേക്ഷിക്കുക, ജീവൻ രക്ഷിക്കാൻ നമുക്ക് ഒന്നിച്ചണിചേരാം,’ കർദിനാൾ അഭ്യർത്ഥിച്ചു.