സ്വകാര്യജീവിതത്തിലേക്കുള്ള കടന്നുകയറ്റം ജനാധിപത്യത്തിന് ഭീഷണിയാണെന്ന് സിബിസിഐയുടെ സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് സാല്‍വദോര്‍ ലോബോ. പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഗവണ്‍മെന്റ് ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കന്മാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും മറ്റ് പ്രമുഖരുടെയും ഫോണ്‍ ചോര്‍ത്തിയ വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യത ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശമായതിനാല്‍ ഈ പ്രവൃത്തി കടുത്ത അനീതിയാണെന്ന് ബിഷപ് ലോബോ പറഞ്ഞു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുമ്പോള്‍ രഹസ്യമായി നിരീക്ഷിക്കുന്നത് മനസിലാക്കാം. എന്നാല്‍ ചില വ്യക്തികളെയോ ഗ്രൂപ്പുകളെയോ ലക്ഷ്യംവയ്ക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ചില മാധ്യമപ്രവര്‍ത്തകര്‍ ഗവണ്‍മെന്റിനോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയതില്‍ സന്തോഷമുണ്ട്. ഇത് ജനാധിപത്യത്തിനും രാജ്യത്തിന്റെ മതേതരത്വത്തിനും നല്ലതാണെന്നും ബിഷപ് ലോബോ പറഞ്ഞു.