നിയമസഭയിലെ കയ്യാങ്കളിക്കേസ് ഇന്ന് സുപ്രീം കോടതി വിധി പറയും

ന്യൂഡല്‍ഹി: നിയമസഭയിലെ കയ്യാങ്കളിക്കേസില്‍ ഇന്ന് സുപ്രീം കോടതി വിധി പറയും. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിലെ വസ്തുക്കള്‍ തല്ലിത്തകര്‍ക്കുന്നതിന് എന്ത് ന്യായീകരണമാണ് ഉള്ളതെന്നും അതില്‍ എന്ത് പൊതുതാല്‍പര്യമാണെന്നും അടക്കമുള്ള രൂക്ഷ പരാമര്‍ശനങ്ങള്‍ കേസ് പരി​ഗണിക്കവെ സുപ്രീംകോടതിയില്‍ നിന്ന് വന്നിരുന്നു.

കേസ് തീര്‍പ്പാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി നിരാകരിച്ച ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെ‍‍ഞ്ച് പരിഗണിക്കുന്നത്. കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരിനു സാധിക്കില്ലെന്നും പൊതുമുതല്‍ നശിപ്പിച്ച എംഎല്‍എമാര്‍ക്കു മാപ്പു കൊടുക്കില്ലെന്നും കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

കടുത്ത വാദപ്രതിവാദങ്ങള്‍ക്ക് വേദിയാകുന്ന കോടതിമുറിയിലെ വസ്തുക്കള്‍ നശിപ്പിച്ചാല്‍ അതിന് ന്യായീകരണമുണ്ടോ? സഭയില്‍ ഒരു എംഎല്‍എ റിവോള്‍വറുമായി എത്തി വെടിവച്ചാല്‍, അതില്‍ സഭയ്‌ക്കാണ് പരമാധികാരം എന്ന് പറയുമോന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചിരുന്നു. സഭാചട്ടങ്ങളുടെ പരിധിയിലാണ് ഇത്തരം കേസുകള്‍ വരികയെന്ന് കേരളം വാദം ഉന്നയിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ച്‌ ഇക്കാര്യങ്ങളില്‍ വിശദമായ പരാമര്‍ശങ്ങള്‍ കോടതി ഉത്തരവില്‍ ഉണ്ടാവുമെന്നാണ് സൂചന.