ഹഗിയ സോഫിയ, കോറ ചർച്ച്: വിശദമായ റിപ്പോർട്ട് തുർക്കി ഉടൻ നൽകണമെന്ന് യുനസ്‌ക്കോ

പുരാതന ക്രൈസ്തവ ദൈവാലയങ്ങളായിരുന്ന ഹഗിയ സോഫിയ, കോറ ഹോളി സേവ്യർ ചർച്ച് എന്നിവ മുസ്ലീം പള്ളിയാക്കിപ്പോൾ നടത്തിയ രൂപമാറ്റങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോർട്ട് 2022 ഫെബ്രുവരി ഒന്നിനകം കൈമാറണമെന്ന് തുർക്കി ഭരണകൂടത്തിന് യുനസ്‌ക്കോ വേൾഡ് ഹെറിറ്റേജ് കമ്മീഷന്റെ നിർദേശം. യുനസ്‌ക്കോയുടെ പൈതൃക സ്മാരക പട്ടികയിൽ ഉൾപ്പെടുത്തിയ നിർമിതികളാണ് ഇവ രണ്ടും.

പ്രസ്തുത റിപ്പോർട്ട് മാസങ്ങൾക്കുമുമ്പേ യുനസ്‌ക്കോ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, രണ്ട് സ്മാരകങ്ങളും സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന മറുപടിക്ക് അപ്പുറമുള്ള വിശദീകരണമൊന്നും കൈമാറാൻ തുർക്കി തയാറായില്ല. വിഷയം രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ടതാണെന്ന് തുർക്കി വാദിച്ചതോടെ ഉടലെടുത്ത തർക്കം മൂർച്ഛിക്കുന്ന സാഹചര്യത്തിലാണ്, റിപ്പോർട്ട് സമർപ്പണത്തിന് യുനസ്‌ക്കോ സമയപരിധി നിശ്ചയിച്ചത്.

അമൂല്യമായ നിരവധി ചുവർ ചിത്രങ്ങളും മൊസൈക്ക് ചിത്രങ്ങളുംകൊണ്ട് സമ്പന്നമായിരുന്നു രണ്ട് ദൈവാലയങ്ങളും. ഇവ മുസ്ലീം പള്ളികളാക്കിയപ്പോൾ അവയുടെ ക്രിസ്തീയ ഉത്ഭവം വ്യക്തമാക്കുന്ന തിരുരൂപങ്ങൾക്ക് മുകളിൽ വെളുത്ത തിരശീലകൾ സ്ഥാപിക്കാൻ തുർക്കി ഉത്തരവിടുകയായിരുന്നു. എന്നാൽ, യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നത് ഇന്നും വ്യക്തമല്ല.

കോറാ ദൈവാലയം, ‘കരിയ കാമി’ എന്ന പേരിൽ 1510ൽ മുസ്ലീം പള്ളിയാക്കിയപ്പോൾ, കുമ്മായംപോലുള്ള വസ്തു തേച്ചുപിടിപ്പിച്ചാണ് ക്രിസ്ത്യൻ ചിത്രങ്ങൾ മറച്ചത്. പിന്നീട് മ്യൂസിയമാക്കി മാറ്റിയപ്പോൾ, ‘ബൈസാന്റിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്ക’യുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘത്തിന്റെ ഒരു പതിറ്റാണ്ടു നീണ്ട ശ്രമത്തിലൂടെയാണ് അവ വീണ്ടെടുക്കാനായത്.

എ.ഡി 537ൽ നിർമിച്ച ഹഗിയ സോഫിയയും 11-ാം നൂറ്റാണ്ടിൽ നിർമിച്ച കോറാ ചർച്ചും ഓട്ടോമൻ തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയപ്പോൾ മുസ്ലീം പള്ളികളാക്കി മാറ്റിയെങ്കിലും രണ്ടാം ലോക മഹായുദ്ധാനന്തരം ആധുനിക തുർക്കിയുടെ പിതാവായ മുസ്തഫ കമാൽ അതാതുർക്ക് ഇത് മ്യൂസിയമായി നിലനിർത്തുകയായിരുന്നു. തീവ്ര ഇസ്ലാമിക നിലപാടുകളുള്ള പ്രസിഡന്റ് തയ്യിപ് എർദോഗൻ 2020ൽ അവയെ മുസ്ലീം പള്ളികളാക്കി മാറ്റുകയായിരുന്നു.