കൊവിഡ് നിയന്ത്രണ രീതികൾ പൊളിച്ചെഴുതാൻ കേരളം;വാര്‍ഡുകള്‍ മാത്രം അടയ്ക്കുന്നത് പരിഗണനയിൽ

ടിപിആര്‍ അനുസരിച്ച്‌ തദ്ദേശസ്ഥാപനങ്ങള്‍ മുഴുവന്‍ അടച്ചുപൂട്ടുന്നതിന് പകരം രോഗവ്യാപനമുള്ള വാര്‍ഡുകള്‍ മാത്രം അടച്ചുള്ള മൈക്രോ കണ്ടെയിന്‍മെന്‍റ് ലോക്ക് ഡൗണ്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചന. ബാക്കിസ്ഥലങ്ങളില്‍ പ്രോട്ടോക്കോള്‍ പാലിച്ച്‌ കുടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചാകും ബദല്‍ രീതി നടപ്പാക്കല്‍. ഒപ്പം പ്രതിദിന പരിശോധന രണ്ട് ലക്ഷത്തോളമാക്കാനും നീക്കമുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ലോക് ഡൗണ്‍ ബദലിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ തുടങ്ങി.

84 ദിവസം അടച്ചുപൂട്ടിയിട്ടും ഇരുപതിനായിരത്തിന് മേല്‍ പ്രതിദിന കേസുകള്‍, 12 ശതമാനത്തിന് മേല്‍ ടിപിആര്‍.സമ്ബൂര്‍ണ്ണ അടക്കലല്ല പ്രതിരോധമെന്ന തിരിച്ചറവിനെതുടര്‍ന്നാണ് കേരളം ബദലിനുള്ള ചര്‍ച്ച തുടങ്ങിയത്. എ,ബി,സി,ഡി വിഭാഗം വെച്ചുള്ള അടക്കല്‍ തുടങ്ങുമ്ബോള്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ 85 തദ്ദേശസ്ഥാപനങ്ങളില്‍ മാത്രം. നിലവില്‍ ഡി വിഭാഗത്തിലുള്ള പ്രദേശങ്ങള്‍ 323. തുടര്‍ന്ന് വരുന്ന അടക്കല്‍ രീതി പരാജയമാണെന്നതിന് ഇതില്‍പ്പരം തെളിവ് വേണ്ട.

നേരത്തെ തന്നെ പല വിദഗ്ധരും ചൂണ്ടിക്കാട്ടിയതും ചില സ്ഥാലങ്ങളില്‍ നടപ്പാക്കിയതുമായ മൈക്രോ കണ്ടെയിന്‍മെന്‍റ് സോണ്‍ കേന്ദ്രീകരിച്ചുള്ള അടക്കലിലേക്ക് പൂര്‍ണ്ണമായും മാറുകയാണ് പ്രധാന ബദല്‍ നിര്‍ദ്ദേശം. ഒരു പ‌ഞ്ചായത്തില്‍ കണ്ടെത്തിയ കേസുകള്‍ കൂടുതലും ഏത് വാര്‍ഡിലാണോ അത് മാത്രം അടക്കും. പഞ്ചായത്ത് മുഴുവനല്ല. കേസ് കൂടാന്‍ കാരണമെന്താണെന്നും പരിശോധിക്കണം. വിവാഹമടക്കമുള്ള ചടങ്ങുകള്‍ നടന്നിട്ടുണ്ടോ എന്നതടക്കം. പഞ്ചായത്തിലെ പകുതിയിലേറെ വാ‍ര്‍ഡുകളിലും കേസുകള്‍ കൂടിയാല്‍ പ‍ഞ്ചായത്ത് മുഴുവന്‍ അടക്കാം.

‘ഡി’ക്ക് പുറത്ത് എ,ബി,സി സ്ഥലങ്ങളില്‍ പരമാവധി കടകള്‍ പ്രോട്ടോക്കാള്‍ പാലിച്ച്‌ തുറക്കണമന്നെ അഭിപ്രായത്തിനാണ് വിദഗ്ധ സമിതിയില്‍ മുന്‍തൂക്കം. വാരാന്ത്യ ലോക്ക് ഡൗണും മാറ്റിയേക്കും. തുറക്കുന്ന കടകടളിലെ ജീവനക്കാരെ ഓരോ ആഴ്ചകളിലും പരിശോധിക്കണമെന്നാണ് മറ്റ് നിര്‍ദ്ദേശം. പ്രധാന വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്താമെന്നതും പരിഗണനയിലാണ്.

കേസുകളില്‍ ഫോക്കസ് ചെയ്തുള്ള ആശങ്ക അധികം വേണ്ടെന്ന് തുറക്കലിനെ അനുകൂലിക്കുന്ന വിദഗ്ധര്‍ പറയുന്നു. ഏപ്രിലില്‍ പ്രതിദിനം ഉണ്ടാകുന്ന 20,000 കേസും ഇപ്പോഴത്തെ 20,000 കേസും തമ്മില്‍ വ്യത്യാസമുണ്ട്. ഇന്ന് ആദ്യ ഡോസ് വാക്സിന്‍ എടുത്തവര്‍ 40 ശത്മനത്തിലേറെ. രണ്ട് ഡോസെടുത്തവ‍ര്‍ 17 ശതമാനത്തിലേറെ പേരാണ്. തുറക്കലിലേക്കാണ് പോകുന്നതെങ്കിലും കേരളത്തിന്‍്റെ സാഹചര്യം കേന്ദ്രം കര്‍ശനമായി നിരീക്ഷിക്കുന്ന സാഹചര്യത്തില്‍ കരുതലോടെയാകും അന്തിമതീരുമാനം എടുക്കല്‍.