ക്രിസ്തുനാഥനെ ജീവന്റെ അപ്പമായി സ്വീകരിക്കണം: ഫ്രാൻസിസ് പാപ്പ

ക്രിസ്തുനാഥനെ ജീവന്റെ അപ്പമായി സ്വീകരിക്കണമെന്നും ഭൗതിക നേട്ടങ്ങളിൽ ലക്ഷ്യംവെക്കാതെ ദൈവവുമായുള്ള ബന്ധത്തിൽ ആഴപ്പെടണമെന്നും ഫ്രാൻസിസ് പാപ്പ. നമ്മുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും പിതാവായ ദൈവത്തെ അറിയിക്കാമെങ്കിലും അതിനുവേണ്ടിമാത്രമുള്ള ദൈവാന്വേഷണം വിഗ്രഹാരാധക പ്രലോഭനമാണെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു. അപ്പം വർദ്ധിപ്പിച്ച അത്ഭുതത്തിനുശേഷം അനേകർ ഈശോയെ അനുഗമിക്കുന്ന തിരുവചനത്തെ ആസ്പദമാക്കി, ആഞ്ചലൂസ് പ്രാർത്ഥനയിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

അപ്പം വർദ്ധിപ്പിച്ച ഈശോയെ അനേകർ അനുഗമിക്കുന്നതായി സുവിശേഷം വ്യക്തമാക്കുന്നു. എന്നാൽ, ഈശോ പ്രവർത്തിച്ച അത്ഭുതം മാത്രമായിരുന്നു അവരെ ആകർഷിച്ചത്. യേശു പ്രവർത്തിച്ച അത്ഭുതത്തിന്റെ യഥാർത്ഥ അർത്ഥം മനസിലാകാത്ത അവർ, തങ്ങളുടെ ഭൗതിക അപ്പം നിറയ്ക്കുന്നതിൽ കൂടുതൽ ശ്രദ്ധാലുക്കളായി. ഇത്തരം ഇടുങ്ങിയ ചിന്താഗതിയെ കുറിച്ച് നാം ജാഗരൂകരാകണം. അന്നന്നത്തെ ആവശ്യങ്ങൾ നിറവേറുന്നതിനു വേണ്ടിമാത്രം ദൈവത്തെ തേടുന്നതും അവിടുത്തോട് പ്രാർത്ഥിക്കുന്നതും വിഗ്രഹാരാധക പ്രലോഭനമാണ്.

അതിനാൽ, നാം ദൈവത്തെ എന്തിനുവേണ്ടിയാണ് അന്വേഷിക്കുന്നതെന്ന് സ്വയം വിശകലനം ചെയ്യണം: ‘ആവശ്യങ്ങൾക്കുവേണ്ടി ദൈവത്തെ വിളിക്കുകയും പ്രത്യേകിച്ച് ആവശ്യമില്ലാത്തപ്പോൾ അവിടുത്തെ മറക്കുകയുമാണോ ചെയ്യുന്നത്?’ നമ്മുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ദൈവത്തെ അറിയിക്കുന്നതിൽ തെറ്റില്ല. പക്ഷേ, കർത്താവ് ഒന്നാമതായി, സ്‌നേഹത്തിന്റെ ഒരു ബന്ധത്തിൽ നമ്മോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നു. നമ്മുടെ പ്രാർത്ഥനകളിലൂടെ അവിടുത്തേക്ക് അത് മനസ്സിലാക്കാനാകണം.

യഥാർത്ഥ സ്‌നേഹം എന്നത് സമ്മാനമാണ്, അത് പ്രതിഫലം പ്രതീക്ഷിക്കുന്നില്ല. ദൈവവുമായുള്ള ബന്ധം നമ്മുടെ താൽപ്പര്യത്തിന്റെയും കണക്കുകൂട്ടലിന്റെയും യുക്തിക്ക് അതീതമാണ്. അതിനാൽ, നമ്മുടെ കാര്യങ്ങൾ സാധിച്ചുകിട്ടുക എന്നതിനപ്പുറം സ്നേഹത്തിൽ ആഴപ്പെട്ട ബന്ധം ദൈവവുമായി സ്ഥാപിക്കുകയും വളർത്തിയെടുക്കുകയും വേണം. ആ ബന്ധത്തിലൂടെ നമ്മുടെ യുക്തിസഹജമായ ആഗ്രഹങ്ങൾക്കും ആവശ്യങ്ങൾക്കുമപ്പുറം ദൈവത്തിന് പ്രവർത്തിക്കാൻ സാധിക്കുമെന്നും പാപ്പ കൂട്ടിച്ചേർത്തു.