കടകളില്‍ പോകാന്‍ വാക്സീന്‍ സര്‍ട്ടിഫിക്കറ്റ്:പുതിയ മാര്‍ഗ നിര്‍ദേശത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

കടകളില്‍ പോകാന്‍ വാക്സീന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ മാര്‍ഗ നിര്‍ദേശത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. മരുന്നുകളോട് അലര്‍ജി ഉള്ളവര്‍ക്ക് ടെസ്റ്റ് ഡോസെടുത്ത് വാക്സീന്‍ സ്വീകരിക്കാന്‍ സംവിധാനമില്ലാത്ത സാഹചര്യം ചൂണ്ടിക്കാട്ടി ചാലക്കുടി സ്വദേശി പോളി വടക്കനാണ് ഹൈക്കോടതിയെ സമീപിച്ചത്.

അലര്‍ജി പ്രശ്നമുള്ളവര്‍ക്ക് വാക്സീന്‍ നല്‍കാനാവില്ലെന്നാണ് ആശുപത്രികളുടെ നിലപാട്. മാര്‍ഗ്ഗരേഖ പ്രകാരം താന്‍ വീട്ടുതടങ്കലില്‍ ആയതിന് സമമാണ്. സര്‍ക്കാരിന്‍റെ പുതിയ അണ്‍ലോക്ക് മാനദണ്ഡങ്ങള്‍ ഭരണഘടനാ വിരുദ്ധവും മൗലികാവകാശ ലംഘനവുമാണെന്നാണ് ഹര്‍ജിക്കാരന്‍റ വാദം. മരുന്നുകളോട് അലര്‍ജിയുള്ള താന്‍ ടെസ്റ്റ് ഡോസിനായി കളമശ്ശേരി മെഡിക്കല്‍ കോളേജടക്കമുള്ള ആശുപത്രികളെ സമീപിച്ചെങ്കിലും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നായിരുന്നു മറുപടിയെന്നും ഹര്‍ജിയില്‍ പറയുന്നു.ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.