വാക്സിൻ അതത് പഞ്ചായത്തുകളിൽ തന്നെ എടുക്കണം, പറ്റുമെങ്കിൽ വാർഡിൽ; മാർഗ്ഗനിർദേശത്തിൽ ആശയകുഴപ്പം

കൊവിഡ് വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതത് തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴില്‍ തന്നെ രജിസ്റ്റര്‍ ചെയ്ത് സ്ലോട്ട് ബുക്ക് ചെയ്യണമെന്ന സര്‍ക്കാരിന്റെ പുതിയ മാര്‍ഗരേഖയില്‍ ആശയക്കുഴപ്പം. തദ്ദേശസ്ഥാപനത്തിന് പുറത്ത് രജിസ്റ്റര്‍ ചെയ്താലും അതത് വാര്‍ഡുകളില്‍ത്തന്നെ വാക്സെനുടക്കാന്‍ നിര്‍ദേശിക്കണമെന്നും വകുപ്പുകള്‍ക്ക് നല്‍കിയ മാര്‍ഗരേഖയില്‍ പറയുന്നുണ്ട്. വാര്‍ഡ് തലത്തിലെ മുന്‍ഗണന പട്ടികയനുസരിച്ചായിരിക്കും ഇനിയുള്ള വാക്സിനേഷന്‍. അതത് തദ്ദേശസ്ഥാപനങ്ങളില്‍ അല്ലാത്തവര്‍ക്ക് മറ്റിടങ്ങളില്‍ സ്പോട്ട് രജിസ്ട്രേഷന് തടസ്സമുണ്ടാകുമോയെന്നതും ആശങ്കയാണ്.

വാക്സിനേഷനില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ചുമതല നല്‍കുന്നതാണ് പുതിയ മാര്‍ഗരേഖ.പക്ഷെ , ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ പറ്റുമെങ്കില്‍ അതത് വാര്‍ഡില്‍ തന്നെ രജിസ്റ്റര്‍ ചെയ്ത് വാക്സിനെടുക്കണമെന്ന പുതിയ നിര്‍ദേശമാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. ഇനി അഥവാ പുറത്ത് രജിസ്റ്റര്‍ ചെയ്താലും അതത് പഞ്ചായത്തിലോ തദ്ദേശസ്ഥാപനത്തിന് കീഴിലോ എടുക്കാന്‍ നിര്‍ദേശിക്കും. നിലവില്‍, സ്ലോട്ട് ഒഴിവുള്ള എവിയെും ആളുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനും വാക്സിനെടുക്കാനും സൗകര്യമുണ്ട്. പുതിയ നിര്‍ദേശത്തോടെ ഇക്കാര്യത്തില്‍ ആശയക്കുഴപ്പം ശക്തമാവുകയാണ്.

ഇതര സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മുന്നില്‍ ഇത്തരം നിബന്ധന കര്‍ശനമാക്കുമോയെന്നതാണ് പ്രധാനം. എന്നാല്‍ പറ്റുന്നവര്‍ക്ക് ഇളവാലോചിക്കും എന്നാണ് സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. 50 ശതമാനം ഓണ്‍ലൈന്‍, 50 ശതമാനം സ്പോര്‍ട്ട് രജിസ്ട്രേഷന്‍ എന്ന രീതിയില്‍ മാറ്റമില്ല. എന്നാല്‍ ഓണ്‍ലൈനല്ലാത്തവര്‍, അതത് തദ്ദേശസ്ഥാപനത്തിന് കീഴില്‍ത്തന്നെ സ്പോട്ട് രജിസ്റ്റര്‍ ചെയ്യേണ്ടി വരും. കളക്ടര്‍മാര്‍ക്കാണ് പുതിയ വാക്സിനേഷന്‍ രീതിയില്‍ ഏകോപന ചുമതല നല്‍കിയിരിക്കുന്നത്. മിക്കയിടത്തും പഞ്ചായത്തിലെ ആരോഗ്യകേന്ദ്രത്തില്‍ മാത്രമായി കേന്ദ്രീകരിക്കുന്ന വാക്സിനേഷന്‍ ഊര്‍ജിത വാക്സിനേഷന്റെ ഭാഗമായി കൂടുതല്‍ കേന്ദ്രങ്ങള്‍ തുറന്ന് വിപുലമാക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമാണ് വാര്‍ഡ് തലത്തില്‍ ഉള്ള വാക്സിനേഷന്‍ വിജയകരമാക്കാനാവുക. ആഗസ്ത് 31 വരെയുള്ള യജ്‍ഞം വിവിധ മുന്‍ഗണനാ ഗ്രൂപ്പുകളിലെ പ്രധാന്യമനുസരിച്ച്‌ മാത്രം തെരഞ്ഞെടുത്ത് വാക്സിന്‍ നല്‍കുന്ന തരത്തിലാണ്. എല്ലാം നിശ്ചയിക്കുക വാര്‍ഡ് തലത്തിലുള്ള പട്ടികയാണ്. 10 തരം മുന്‍ഗണനാ വിഭാഗങ്ങളെയാണ് നിശ്ചയിച്ചിരിക്കുന്നത്. 60ന് മുകളിലുള്ളവരുടെ ആദ്യഡോസ് സമ്ബൂര്‍ണമാക്കാന്‍ കര്‍ശന നിര്‍ദേശമുള്ളതിനാല്‍ മിക്കയിടത്തും ഇതില്‍ മാത്രമായി കേന്ദ്രീകരിക്കണമെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.