മാമ്മോദീസ എന്ന കൂദാശ

മാമ്മോദീസ എന്ന കൂദാശ

ക്രൈസ്തവജീവിതത്തിന്‍റെ മുഴുവന്‍ അടിസ്ഥാനമാണ് മാമ്മോദീസ. ആത്മീയജീവനിലേക്ക് പ്രവേശിക്കാനുള്ള കവാടവും മറ്റു കൂദാശകളെ സമീപിക്കാനുള്ള വാതിലുമാണത്. മാമ്മോദീസായില് നാം പാപമുക്തരാവുകയും ദൈവമക്കളായി വീണ്ടും ജനിക്കുകയും ഈശോയുടെ അവയവങ്ങളായിത്തീരുകയും സഭയുടെ ശരീരത്തിലേക്ക് ചേര്ക്കപ്പെടുകയും അങ്ങനെ തിരുസ്സഭയുടെ ദൗത്യത്തില് പങ്കുകാരാവുകയും ചെയ്യുന്നു.

പഴയനിയമത്തിലെ പ്രതിരൂപങ്ങള്‍

1. ജലത്തെ ജീവന്റെയും ഫലഭൂയിഷ്ഠതയുടെയും ഉറവിടമായാണ് ലോകാരംഭം മുതല് കണ്ടുപോന്നിരുന്നത്. ദൈവികചൈതന്യം ജലത്തില് ആവസിച്ചിരുന്നതായി വിശുദ്ധഗ്രന്ഥം രേഖപ്പെടുത്തുന്നുണ്ട് (ഉത്പ. 1,2).
2. നോഹയുടെ പെട്ടകം: മാമ്മോദീസായിലൂടെയുള്ള രക്ഷയുടെ പ്രതിരൂപമാണ് നോഹയുടെ പെട്ടകം. കാരണം, നോഹയുടെ പെട്ടകം വഴിയായി എട്ടുപേര് ജലത്തിലൂടെ രക്ഷിക്കപ്പെട്ടു.
3. സമുദ്രജലം മരണത്തിന്റെ പ്രതീകമാണ്. ഈശോയുടെ കുരിശുരഹസ്യത്തെ അത് സൂചിപ്പിക്കുന്നു. അതിനാല് മാമ്മോദീസാജലത്തിന് ഈശോയുടെ മരണവുമായുള്ള നമ്മുടെ ബന്ധത്തെ സൂചിപ്പിക്കാന് സാധിക്കുന്നു.
4. ഇസ്രായേല് ചെങ്കടല് കടന്നതും ഈജിപ്തിന്റെ അടിമത്തത്തില് നിന്ന് മോചിതരായതും മാമ്മോദീസ സാധ്യമാക്കുന്ന വിമോചനത്തിന്റെ മുന്രൂപങ്ങളായിരുന്നു.
5. ഇസ്രായേല് ജോര്ദ്ദാന് നദി കടന്ന് വാഗ്ദാനഭൂമിയില് പ്രവേശിച്ചത് മാമ്മോദീസായിലൂടെ ലഭിക്കുന്ന നിത്യജീവന്റെ പഴയനിയമ പ്രതീകമാണ്.

ഈശോയുടെ മാമ്മോദീസ

എന്തുകൊണ്ടാണ് ഈശോ സ്നാപകയോഹന്നാനില് നിന്ന് അനുതാപത്തിന്റെ ജ്ഞാനസ്നാനം സ്വീകരിച്ചത്?ജോര്ദ്ദാനില് വച്ച് സ്നാപകയോഹന്നാനില് നിന്ന് മാമ്മോദീസാ സ്വീകരിച്ചുകൊണ്ടാണ് ഈശോ തന്റെ പരസ്യജീവിതം ആരംഭിക്കുന്നത്. സ്നാപകയോഹന്നാന് നല്കിയിരുന്ന പാപികള്ക്കുവേണ്ടിയുള്ള സ്നാനം ഈശോ സ്വീകരിച്ചതിന്റെ സാംഗത്യം പലരും ചോദ്യം ചെയ്യാറുണ്ട്. “എല്ലാ നീതിയും പൂര്ത്തിയാകാന് വേണ്ടി”യാണ് താനിത് സ്വീകരിക്കുന്നതെന്ന് ഈശോ തന്നെ പറയുന്നുണ്ട്. ഈശോ തന്നെത്തന്നെ ശൂന്യനാക്കുന്ന പ്രവൃത്തിയായിരുന്നു അത്. സൃഷ്ടിയുടെ ആരംഭത്തില് ജലത്തിനുമേല് ചലിച്ചുകൊണ്ടിരുന്ന പരിശുദ്ധാത്മാവ് ആ നിമിഷത്തില് ഈശോയുടെ മേല് ഇറങ്ങിവരികയും പുതിയ സൃഷ്ടിയുടെ ആരംഭം കുറിക്കുകയും ചെയ്തു.

മാമ്മോദീസാ നല്കാനുള്ള ഈശോയുടെ കല്പന

തന്റെ പുനരുത്ഥാനത്തിനുശേഷം അപ്പസ്തോലന്മാര്ക്ക് പ്രത്യക്ഷപ്പെട്ടപ്പോള് ഈശോ ഈ കല്പന നല്കി, “ആകയാല് നിങ്ങള് പോയി എല്ലാ ജനതകളെയും പഠിപ്പിക്കുവിന്. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില് അവര്ക്കു ജ്ഞാനസ്നാനം നല്കുവിന്. ഞാന് നിങ്ങളോട് കല്പിച്ചവയെല്ലാം അനുസരിക്കാന് അവരെ പഠിപ്പിക്കുവിന്.”

മാമ്മോദീസ തിരുസ്സഭയില്‍

പന്തക്കുസ്തായുടെ ദിവസം മുതല് തന്നെ സഭ മാമ്മോദീസ ആഘോഷിച്ചിരുന്നതായി വിശുദ്ധഗ്രന്ഥത്തില് വായിക്കാന് സാധിക്കും. തന്റെ പ്രഭാഷണം കേട്ടു വിസ്മയഭരിതരായ ജനക്കൂട്ടത്തോട് പത്രോസ്ശ്ലീഹാ അനുതപിക്കാനും ഈശോമിശിഹായുടെ നാമത്തില് സ്നാനം സ്വീകരിക്കാനും ആവശ്യപ്പെടുന്നുണ്ട് (അപ്പ. 2,38). അപ്പസ്തോലന്മാരും അവരുടെ ശിഷ്യന്മാരും സഹപ്രവര്ത്തകരുമെല്ലാം ഈശോയില് വിശ്വസിക്കുന്ന ആര്ക്കും മാമ്മോദീസ നല്കിയിരുന്നതായി കാണാവുന്നതാണ് (അപ്പ. 16,31-33).

പൗലോസ് അപ്പസ്തോലന്റെ വീക്ഷണത്തില് മാമ്മോദീസ സ്വീകരിക്കുന്ന വിശ്വാസി ഈശോയുടെ മരണവുമായി ഐക്യപ്പെടുന്നു, അവിടുത്തോടൊപ്പം സംസ്കരിക്കപ്പെടുന്നു, അവിടുത്തോടൊപ്പം ഉയിര്പ്പിക്കപ്പെടുകയും ചെയ്യുന്നു (റോമ. 6,3-4). മാമ്മോദീസാ മുങ്ങുന്നവര് ഈശോയെ ധരിക്കുകയാണ് ചെയ്യുന്നത് (ഗലാ. 3,27).

സമാപനം

ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനപരമായ കൂദാശയാണിത്. മറ്റെല്ലാ കൂദാശകളുടെയും മുന്വ്യവസ്ഥ, അല്ലെങ്കില് അവയിലേക്കുള്ള വാതിലാണത്. മാമ്മോദീസാ നമ്മെ ഈശോമിശിഹായോട്… അവിടുത്തെ കുരിശിലെ രക്ഷാകരമായ മരണത്തോട് കൂട്ടിച്ചേര്ക്കുന്നു. അങ്ങനെ, മാമ്മോദീസാ നമ്മെ ഉത്ഭവപാപത്തിന്റെയും വ്യക്തിപരമായ എല്ലാ പാപങ്ങളുടെയും ശക്തിയില് നിന്ന് സ്വതന്ത്രരാക്കിത്തീര്ക്കുന്നു. അതോടൊപ്പം അത് നമ്മെ മിശിഹായോടൊപ്പം അനന്തമായ ജീവിതത്തിലേക്ക് ഉയിര്പ്പിക്കുകയും ചെയ്യുന്നു.

മരണത്തിന്റെ രാജ്യത്തുനിന്ന് ജീവനിലേക്കുള്ള മാര്ഗ്ഗവും സഭയിലേക്കുള്ള കവാടവും ദൈവവുമായുള്ള നിത്യസംസര്ഗ്ഗത്തിന്റെ ആരംഭവുമാണ് ക്രിസ്തീയമാമ്മോദീസ.

✍️Noble Thomas Parackal

Leave a Reply