അഗതികളുടെ അമ്മയെന്ന് ലോകം വിശേഷിപ്പിക്കുന്ന കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസയോടുള്ള ആദരസൂചകമായി തപാൽ സ്റ്റാംപുകൾ പുറത്തിറക്കി ഐക്യരാഷ്ട്ര സഭ. തനിക്കു ചുറ്റുമുള്ള മനുഷ്യരുടെ കണ്ണീരൊപ്പാൻ ജീവിതം ഉഴിഞ്ഞുവെച്ചതിലൂടെ വിശുദ്ധിയുടെ മകുടം ചൂടിയ വിശുദ്ധ മദർ തെരേസയുടെ ചിത്രത്തോടൊപ്പം മദർ പറഞ്ഞ ഒരു വാക്യവും സ്റ്റാംപിൽ ഇടംപിടിച്ചിട്ടുണ്ട്.
മദർ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ അഞ്ചാം പിറന്നാളിലാണ് യു.എൻ നടപടി എന്നതും ശ്രദ്ധേയം. ഈ സെപ്തംബർ നാലിനാണ് വിശുദ്ധാരാമ പ്രവേശനത്തിന്റെ അഞ്ചാം പിറന്നാൾ. ‘നമുക്ക് എല്ലാവർക്കും മഹത്തായ കാര്യങ്ങൾ ചെയ്യാനാവില്ല, എന്നാൽ, ചെറിയ കാര്യങ്ങൾ മഹത്തരമായ സ്‌നേഹത്തോടെ നമുക്കെല്ലാം ചെയ്യാൻ സാധിക്കും,’ എന്ന വാക്കുകളാണ് സ്റ്റാംപിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ന്യൂ യോർക്കിലെ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്തുനിന്നുള്ള തപാൽ ഇടപാടുകൾക്കായി 1.80 ഡോളർ മൂല്യമുള്ള സ്റ്റാംപാണ് പുറത്തിറക്കിയിരിക്കുന്നതെന്ന് യു.എൻ പോസ്റ്റൽ അഡ്മിനിസ്ട്രേഷൻ പറഞ്ഞു. യു.എന്നിലെ ഡിസൈനറായ റോറി കാറ്റ്സാണ് സ്റ്റാംപ് രൂപകൽപ്പന ചെയ്തത്.
ഇന്ന് മാസിഡോണിയയുടെ ഭാഗമായ സ്‌കൂപ്‌ജെയിൽ 1910 ഓഗസ്റ്റ് 26ന് ജനിച്ച മദർ തെരേസ 1950ൽ കൽക്കട്ടയിൽ സ്ഥാപിച്ച ‘മിഷനറീസ് ഓഫ് ചാരിറ്റി’ സന്യാസീസീ സഭ അശരണരരും അനാഥരുമായ അനേകരുടെ അത്താണിയാണിന്ന്. 1997 സെപ്തംബർ അഞ്ചിന് ഇഹലോക വാസം വെടിഞ്ഞ മദർ തെരേസ 2016 സെപ്തംബറിലാണ് വിശുദ്ധാരാമത്തിലേക്ക് ഉയർത്തപ്പെട്ടത്.
‘വിശുദ്ധർക്കിടയിലെ നൊബേൽ ജേതാവ്, നൊബേൽ സമ്മാനിതർക്കിടയിലെ വിശുദ്ധ’ എന്ന വിശേഷണത്തിനും അർഹയായ മദർ തെരേസയോടുള്ള ആദര സൂചകമായി 2010ൽ അമേരിക്കയും 2016 ൽ വത്തിക്കാനും സ്റ്റാംപുകൾ പുറത്തിറക്കിയിട്ടുണ്ട്. 1979ലെ സമാധാന നോബൽ സമ്മാനിതയാണ് വിശുദ്ധ മദർ തെരേസ.