വിശുദ്ധ മാമ്മോദീസാ – ചില ചോദ്യാത്തരങ്ങള്‍

വിശുദ്ധ മാമ്മോദീസാ – ചില ചോദ്യാത്തരങ്ങള്‍

വിശുദ്ധ മാമ്മോദീസ ക്രൈസ്തവ ജീവിതത്തിന്റെ മുഴുവനും അടിസ്ഥാനമാണ്. ആത്മിക ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള കവാടവും മറ്റു കൂദാശകളെ സമീപിക്കുവാനുള്ള വാതിലുമാണ്. മാമ്മോദീസായിലൂടെ നാം പാപവിമുക്തരാവുകയും ദൈവമക്കളായി വീണ്ടും ജനിക്കുകയും ക്രിസ്തുവിന്റെ അവയവങ്ങളായി തീരുകയും സഭയുടെ ശരീരത്തിലേക്ക് ചേർക്കപ്പെടുകയും അവളുടെ ദൗത്യത്തിൽ പങ്കുകാരാക്കപ്പെടുകയും ചെയ്യുന്നു. ഈശോ തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു : “ആകയാല്, നിങ്ങള്പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്.
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില് അവര്ക്കു ജ്ഞാനസ്നാനം നല്കുവിന്.”
(മത്തായി 28 : 19-20)

★എന്താണ് മാമ്മോദീസ?

മരണത്തിന്റെ രാജ്യത്തുനിന്ന് ജീവനിലേക്കുള്ള മാർഗമാണ് മാമ്മോദീസ. അത് സഭയിലേക്കുള്ള കവാടവും ദൈവവുമായുള്ള ശാശ്വത സംസർഗത്തിന്റെ ആരംഭവുമാണ്. മാമ്മോദീസ അടിസ്ഥാനപരമായ കൂദാശ ആയതുകൊണ്ടുതന്നെ മറ്റുള്ള കൂദാശകളുടെയെല്ലാം മുൻവ്യവസ്ഥയുമാണ്. മാമ്മോദീസ നമ്മെ യേശുക്രിസ്തുവിനോട് ചേർക്കുന്നു, അവിടുത്തെ രക്ഷാകരമായ കുരിശുമരണത്തിലേക്ക് നമ്മെ കൂട്ടിച്ചേർക്കുന്നു, അങ്ങനെ ഉത്ഭവപാപത്തിന്റെയും വ്യക്തിപരമായ എല്ലാ പാപങ്ങളുടെയും ശക്തിയിൽനിന്ന് അതു നമ്മെ സ്വതന്ത്രരാക്കുന്നു. മാമ്മോദീസ ദൈവവുമായുള്ള ഒരു ഉടന്പടിയാണ്. അതുകൊണ്ട് വ്യക്തി അതിനോട് “അതേ”(“സമ്മതമാണ്”) എന്നു പറയണം. ശിശുക്കളുടെ മാമ്മോദീസയിൽ മാതാപിതാക്കൾ അവർക്കുവേണ്ടി വിശ്വാസം ഏറ്റുപറയുന്നു.

★മാമ്മോദീസ എങ്ങനെയാണ് നടത്തുന്നത്?

പുരാതനകാലത്ത് മാമ്മോദീസാനുഷ്ഠാനത്തിന്റെ രൂപം അർത്ഥിയെ മൂന്നുപ്രാവശ്യം വെള്ളത്തിൽ മുക്കുക എന്നതായിരുന്നു. എന്നാൽ, ഇപ്പോൾ സാധാരണമായി വെള്ളം മൂന്നു പ്രാവശ്യം അർത്ഥിയുടെ തലയിൽ ഒഴിക്കുകയാണ് ചെയ്യുന്നത്. കൂദാശ പരികർമ്മം ചെയ്യുന്ന ശുശ്രൂഷകൻ അർത്ഥിയുടെ പേരു പറഞ്ഞിട്ട് “ഞാൻ നിന്നെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ മാമ്മോദീസ മുക്കുന്നു” എന്നു പറഞ്ഞുകൊണ്ടാണ് വെള്ളം ഒഴിക്കുന്നത്. വെള്ളം ശുദ്ധീകരണത്തിന്റെയും നവജീവിതത്തിന്റെയും പ്രതീകമാണ്. “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ” ജലം കൊണ്ട് നടത്തുന്ന മാമ്മോദീസ മാനസാന്തരത്തിന്റെയും പശ്ചാതാപത്തിന്റെയും അടയാളത്തേക്കാൾ കവിഞ്ഞ ഒന്നാണ്; അത് ക്രിസ്തുവിലുള്ള നവജീവിതമാണ്. അതുകൊണ്ടാണു മാമ്മോദീസാനുഷ്ഠാനത്തിൽ ലേപനം, വെള്ളവസ്ത്രം, മാമ്മോദീസത്തിരി എന്നീ അടയാളങ്ങൾ ഉൾക്കൊണ്ടിരിക്കുന്നത്.

★ആരെയാണ് മാമ്മോദീസ മുക്കാൻ കഴിയുന്നത്? അർത്ഥിയിൽനിന്ന് അത് എന്താണ് ആവശ്യപ്പെടുന്നത്?

മാമ്മോദീസ മുക്കിയിട്ടില്ലാത്ത ഏതു വ്യക്തിയെയും മാമ്മോദീസ മുക്കാം. മാമ്മോദീസ സ്വീകരിക്കുവാനുള്ള ഏക മുൻവ്യവസ്ഥ വിശ്വാസമാണ്. അത് മാമ്മോദീസയുടെ സമയത്ത് പരസ്യമായി ഏറ്റുപറയണം. ക്രിസ്തുമതത്തിലേക്ക് തിരിയുന്ന വ്യക്തി ലോകവീക്ഷണത്തിൽ മാറ്റം വരുത്തുക മാത്രമല്ല ചെയ്യുന്നത്. അയാൾ പഠനത്തിന്റെ ഒരു വഴിയിൽ സഞ്ചരിക്കുന്നു (കാറ്റെക്യുമനേറ്റ് അഥവാ സ്നാനർത്ഥിത്വം). അതിൽ വ്യക്തിപരമായ മാനസാന്തരം വഴി അയാൾ പുതിയ ഒരു മനുഷ്യനായി തീരുന്നു. എന്നാൽ സവിശേഷമായ മാമ്മോദീസ എന്ന ദാനം വഴിയാണ് അങ്ങനെയാകുന്നത്. ഇപ്പോൾ അയാൾ ക്രിസ്തുശരീരത്തിലെ ഒരു സജീവാംഗമാണ്.

★എന്തുകൊണ്ടാണ് സഭ ശിശുമാമ്മോദീസ എന്ന സന്പ്രദായത്തോട് ഒട്ടിച്ചേർന്നു നിൽക്കുന്നത്?

പൗരാണികകാലം മുതൽ സഭ ശിശുമാമ്മോദീസ നടത്തിയിരുന്നു. ഇതിനു ഒരു കാരണമുണ്ട് : നാം ദൈവത്തെക്കുറിച്ചു തീരുമാനിക്കുന്നതിനു മുന്പ് ദൈവം നമ്മെക്കുറിച്ചു തീരുമാനിച്ചുകഴിഞ്ഞു. അതുകൊണ്ട് മാമ്മോദീസ ഒരു ദൈവകൃപയാണ്, ദൈവം നൽകുന്ന സൗജന്യ ദാനമാണ്. അവിടുന്ന് നമ്മെ വ്യവസ്ഥാതീതമായി സ്വീകരിക്കുന്നു. വിശ്വാസമുള്ള മാതാപിതാക്കൾ തങ്ങളുടെ ശിശുവിന് ഏറ്റവും നല്ലത് എന്താണോ അതു വേണമെന്ന് ആഗ്രഹിക്കുന്നു. അങ്ങനെ മാമ്മോദീസയും നൽകണമെന്ന് ആഗ്രഹിക്കുന്നു. മാമ്മോദീസയിൽ ശിശു ഉത്ഭവപാപത്തിന്റെ സ്വാധീനത്തിൽനിന്നും മരണത്തിന്റെ അധികാരത്തിൽ നിന്നും സ്വതന്ത്രമാക്കപ്പെടുന്നു.

★മാമ്മോദീസ മുക്കാൻ ആർക്കാണ് കഴിയുക?

സാധാരണഗതിയിൽ മെത്രാനോ, വൈദികനോ, ഡീക്കനോ മാമ്മോദീസ നൽകുന്നു. അത്യാവശ്യ സന്ദർഭങ്ങളിൽ ഏതു ക്രൈസ്തവനും – യഥാർത്ഥത്തിൽ ആർക്കും- മാമ്മോദീസ മുക്കാം. “ഞാൻ നിന്നെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ മാമ്മോദീസ മുക്കുന്നു” എന്ന മാമ്മോദീസപരമായ സൂക്തം ചൊല്ലിക്കൊണ്ട് സ്വീകർത്താവിന്റെ തലയിൽ വെള്ളം ഒഴിച്ച് മാമ്മോദീസ മുക്കാം.

★ യഥാർത്ഥത്തിൽ മാമ്മോദീസ നിത്യരക്ഷയ്ക്കുള്ള ഏക മാർഗ്ഗം ആണോ?

സുവിശേഷം സ്വീകരിക്കുകയും ക്രിസ്തു ” വഴിയും സത്യവും ജീവനുമാണ്” (യോഹ 14:6) എന്നു കേൾക്കുകയും ചെയ്ത എല്ലാവരെയും സംബന്ധിച്ചു ദൈവത്തിലേയ്ക്കും നിത്യരക്ഷയിലേയ്ക്കുമുള്ള ഏകമാർഗം മാമ്മോദീസയാണ്. എന്നാൽ, അതേ സമയം, ക്രിസ്തു മുഴുവൻ മനുഷ്യവംശത്തിനുംവേണ്ടി മരിച്ചു എന്നത് സത്യമാണ്. അതുകൊണ്ട്, ക്രിസ്തുവിനേയും വിശ്വാസത്തെയും കുറിച്ചു പഠിക്കാൻ അവസരം ലഭിക്കാതിരിക്കുകയും ആത്മാർത്ഥമായി ദൈവത്തെ അന്വേഷിക്കുകയും മനസ്സാക്ഷി പ്രകാരം ജീവിക്കുകയും ചെയ്യുന്ന എല്ലാവരും നിത്യരക്ഷ പ്രാപിക്കും (ഇതിനാണ് “ആഗ്രഹത്താലുള്ള മാമ്മോദീസ” എന്നു പറയുന്നത്).

★ മാമ്മോദീസയിൽ എന്ത് സംഭവിക്കുന്നു?

മാമ്മോദീസയിൽ നാം ക്രിസ്തുശരീരത്തിലെ അവയവങ്ങളായി തീരുന്നു, നമ്മുടെ രക്ഷകന്റെ സഹോദരീസഹോദരന്മാരായി തീരുന്നു, ദൈവമക്കളായി തീരുന്നു. നാം പാപത്തിൽനിന്ന് സ്വതന്ത്രരാക്കപ്പെട്ടു, മരണത്തിൽ നിന്ന് പിടിച്ചെടുക്കപ്പെട്ടു, അപ്പോൾ മുതൽ രക്ഷിതരുടെ സന്തോഷത്തിന്റെ ജീവിതത്തിനായി നിയോഗിക്കപ്പെടുകയും ചെയ്തു. മാമ്മോദീസ സ്വീകരിക്കുക എന്നതിന്റെ അർത്ഥം എന്റെ വൈയക്തിക ജീവിതകഥ ദൈവസ്നേഹത്തിന്റെ നദിയിൽ മുങ്ങിയെന്നാണ്.

★ മാമ്മോദീസയിൽ ഒരു പേര് സ്വീകരിക്കുന്നതിന്റെ പ്രാധാന്യമെന്ത്?

നാം മാമ്മോദീസയിൽ സ്വീകരിക്കുന്ന പേരിലൂടെ ദൈവം നമ്മോട് പറയുന്നു: ” ഞാൻ നിന്നെ പെരുചൊല്ലി വിളിച്ചു, നീ എന്റേതാണ്” (ഏശ 43:1). ഒരു പേരിൽ മാമ്മോദീസ നല്കപ്പെടുക എന്നതിന്റെ അർത്ഥം ദൈവം എന്നെ അറിയുന്നു എന്നാണ്. അവിടുന്ന് എന്നോട് “അതേ” എന്നു പറയുകയും എന്റെ ആവർത്തിക്കപ്പെടാനാവാത്ത അനന്യതയിൽ എന്നേയ്ക്കുമായി സ്വീകരിക്കുകയും ചെയ്യുന്നു.

★ ക്രിസ്ത്യാനികൾ മാമ്മോദീസയിൽ വിശുദ്ധരുടെ പേരുകൾ തിരഞ്ഞെടുക്കുന്നത് എന്തിനാണ്?

വിശുദ്ധരോളം നല്ല മാതൃകകളില്ല, അവരെക്കാൾ നല്ല സഹായികളുമില്ല. എന്റെ പേര് ഒരു വിശുദ്ധന്റേതാണെങ്കിൽ എനിക്ക് ദൈവസന്നിധിയിൽ ഒരു സുഹൃത്തുണ്ട്.

(യൂക്യാറ്റ് 194-202, തയ്യാറാക്കിയത് ആന് മേരി ജോസഫ്, മുണ്ടക്കയം)

Leave a Reply