താലിബാൻ ഭീകരർ വീടുകൾ കയറിയിറങ്ങി പരിശോധന ആരംഭിച്ചെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ, അതിക്രൂരമായ ക്രിസ്തീയ വിരുദ്ധ പീഡനങ്ങളെ കുറിച്ചുള്ള വാർത്തകളും പുറത്തുവരുന്നു. ക്രിസ്തീയ വിശ്വാസിയായ അഫ്ഗാൻ പൗരനെ താലിബാൻ ഭീകരർ ജീവനോടെ തൊലിയുരിഞ്ഞ് തൂണിൽ തൂക്കിയിട്ടെന്ന, യു.എസ് ജനപ്രതിനിധി സഭാംഗമായിരുന്ന മാർക്ക് വാക്കറിന്റെ വെളിപ്പെടുത്തൽ ലോകത്തെ ഒന്നടങ്കം നടുക്കുകയാണിപ്പോൾ. അമേരിക്കൻ റേഡിയോ അവതാരകൻ ടോഡ് സ്റ്റാർണസിന് നൽകിയ അഭിമുഖത്തിലാണ് പെന്തക്കോസ്ത് സഭയിലെ പാസ്റ്റർ കൂടിയായ മാർക്ക് വാക്കറിന്റെ വെളിപ്പെടുത്തൽ.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 17 ചൊവ്വാഴ്ചയാണ് ജീവനോടെ തൊലിയുരിച്ച സംഭവം നടന്നതെന്ന് വാക്കർ വിശദീകരിച്ചു: ‘ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാൻ തയാറാകാതിരുന്ന ഒരാളെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ മുന്നിലിട്ട് താലിബാൻ ഭീകരർ കൊടും ക്രൂരതയ്ക്ക് ഇരയാക്കി എന്നാണ് എനിക്ക് കിട്ടിയ വിവരം.’ അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ ഭീതിതമാകുകയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, അഫ്ഗാൻ ജനതയ്ക്കായി പ്രാർത്ഥിക്കാൻ സമയം നീക്കിവെക്കണമെന്നും ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹത്തോട് അഭ്യർത്ഥിച്ചു.
‘പുരോഹിതരേ, വൈദീകരേ, സഭാ വിശ്വാസികളേ, അഫ്ഗാൻ ജനതയ്ക്കായി പ്രാർത്ഥിക്കാൻ നിങ്ങളുടെ വാരാന്ത്യ ആരാധനകളിൽ അഞ്ച് മിനിറ്റ് നീക്കിവെക്കണം. സ്ഥിതിഗതികൾ അതീവ ഗുരുതരമാണ്,’ ട്വിറ്റർ സന്ദേശത്തിലൂടെയും അദ്ദേഹം പ്രാർത്ഥാഭ്യർത്ഥ നടത്തി. ഈ വിശദാംശങ്ങൾ എങ്ങനെയാണ് കിട്ടിയതെന്ന ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചതിങ്ങനെ: ‘എനിക്ക് അതിന്റെ എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്താനാകില്ല. എന്നാൽ ഇപ്പോഴും അവിടെ സേവനം ചെയ്യുന്ന ചിലരുമായി തുടരുന്ന ബന്ധത്തിലൂടെയാണ് ഇക്കാര്യങ്ങൾ അറിയാനാകുന്നത്.’
ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോഴ്‌സിന്റെ കണക്കുകൾ പ്രകാരം ക്രൈസ്തവ വിരുദ്ധ പീഡനം ഏറ്റവും രൂക്ഷമായ രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ് അഫ്ഗാൻ. ജനസംഖ്യയുടെ 99% മുസ്ലീങ്ങളുള്ള അഫ്ഗാനിലെ ക്രൈസ്തവ ജനസംഖ്യ 0.3% മാത്രമാണ്. രാജ്യത്തെ ഏക കത്തോലിക്കാ ദൈവാലയം ഇറ്റാലിയൻ എംബസിക്കുള്ളിലാണ് സ്ഥിതിചെയ്യുന്നത്. ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നത് ജയിൽശിക്ഷയോ വധശിക്ഷ പോലുമോ ലഭിക്കാൻ സാധ്യതയുള്ള കുറ്റമാണെങ്കിലും രഹസ്യമായി ക്രൈസ്തവ വിശ്വാസം പിന്തുടരുന്ന ചെറിയ ക്രൈസ്തവ ന്യൂനപക്ഷം അഫ്ഗാനിസ്ഥാനിലുണ്ട്.
അവരെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗംകൂടിയാണ് വീടുകൾ കയറിയുള്ള പരിശോധന. അവർ ബൈബിൾ ആപ്പുകൾ മൊബൈലിൽ ഡൗൺലോഡ് ചെയ്തിട്ടുണ്ടോ എന്നറിയാൻ ഭീകരർ മൊബൈൽ ഫോൺ പോലും പരിശോധിച്ച് നോക്കുന്നുണ്ടെന്നും സമൂഹത്തിലെ ഒരാൾ ഇപ്രകാരം കൊല്ലപ്പെട്ടതായി തങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും ക്രൈസ്തവ സന്നദ്ധ സംഘടനയായ ‘റിലീസ് ഇന്റർനാഷ്ണ’ലിന്റെബ്രിട്ടീഷ് വക്താവ് ആൻഡ്രു ബോയിഡ് ഇക്കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.