സംസ്ഥാനത്ത് ഇന്ന് അടിയന്തര കോവിഡ് അവലോകന യോ​ഗം; ഓണത്തിന് ശേഷമുള്ള കോവിഡ് സാഹചര്യം വിലയിരുത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണത്തിന് ശേഷമുള്ള കോവിഡ് സാഹചര്യം ഇന്ന് അവലോകന യോ​ഗം വിലയിരുത്തും.

ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം രാവിലെ നടക്കും. വൈകിട്ടാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോ​ഗം ചേരുന്നത്.

ഓണാഘോഷങ്ങള്‍ക്ക് പിന്നാലെ പ്രതിദിന രോ​ഗനിരക്ക് ഉയരുന്ന സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റമുണ്ടാകുമോ എന്നതിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. സംസ്ഥാനത്ത് സാമ്ബത്തിക പ്രതിസന്ധി രൂക്ഷമാകും എന്നതിനാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമോയെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ഇന്ന് തീരുമാനിക്കും. കോവിഡ് ബാധിതരാവുന്നവരുടെ എണ്ണവും മരണ സംഖ്യയും കുറയ്ക്കുക, പരമാവധി പേര്‍ക്കു വാക്സിന്‍ ലഭ്യമാക്കുക എന്നിവയ്ക്കാണ് സര്‍ക്കാര്‍ മുന്‍​ഗണന നല്‍കുന്നത്.

മൂന്നാം തരംഗ ഭീഷണി നേരിടാന്‍ താലൂക്ക് തലം മുതലുള്ള ആശുപത്രികളില്‍ ഓക്‌സിജന്‍ കിടക്കകളും ഐസിയുവും സജ്ജമാക്കും. വെന്റിലേറ്ററുകളുടെ എണ്ണം കൂട്ടി. അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ ഭീഷണിയിലാണ് സംസ്ഥാനത്തെ പല പ്രദേശങ്ങളും. അടുത്ത നാലാഴ്ച അതീവ ജാ​ഗ്രത പാലിക്കണം എന്നും ആരോ​ഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.