തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ ബുധനാഴ്ച മുതല്‍ തീവ്ര കോവിഡ് പരിശോധന തുടങ്ങും. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രദേശങ്ങള്‍ പുനര്‍നിശ്ചയിക്കുകയും ചെയ്യും.
കഴിഞ്ഞ ദിവസത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം കാല്‍ ലക്ഷത്തിന് അടുത്താണ്. ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം സാമ്ബിള്‍ പരിശോധിച്ചപ്പോഴാണ് ഇത്രയും രോഗബാധിതരെ കണ്ടെത്തിയത്.
മൂന്നു മാസത്തിനു ശേഷം കഴിഞ്ഞ ദിവസം ടിപിആര്‍ പതിനെട്ടിന് മുകളില്‍ എത്തുകയും ചെയ്തു. പകുതിയിലേറെ ജില്ലകളില്‍ സംസ്ഥാന ശരാശരിക്കും മുകളിലാണ് ടിപിആര്‍ എന്നതും ആശങ്ക ഉയര്‍ത്തുന്നു.
വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ജില്ലകള്‍ വാക്‌സിനേഷനില്‍ ഏറെ മുന്നിലാണ്. ഈ ജില്ലകളില്‍ രോഗലക്ഷണമുള്ളവരെ മാത്രം പരിശോധിക്കും. ബാക്കി ജില്ലകളില്‍ പരിശോധന വ്യാപിപ്പിക്കും.
ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ വാക്‌സിന്‍ എടുത്തവരിലെ രോഗബാധ കൂടുതലാണ്. ഈ ജില്ലകളില്‍ ജനിതക പഠനം ആരംഭിക്കും.
നിലവില്‍ 414 വാര്‍ഡുകളിലാണ് കര്‍ശന നിയന്ത്രണങ്ങളുള്ളത്. രോഗവ്യാപനം കുത്തനെ കൂടിയതോടെ കൂടുതല്‍ പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ വരും.
അതേസമയം സംസ്ഥാനത്ത് തല്‍ക്കാലം അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. സമ്ബൂര്‍ണ അടച്ചിടലിലേയ്ക്ക് പോകില്ല. കടകളുടെ പ്രവര്‍ത്തനം രാത്രി 9 വരെ തുടരും.
ശനിയാഴ്ച വീണ്ടും അവലോകന യോഗംചേരുന്നുണ്ട്. യോഗത്തില്‍ സാഹചര്യങ്ങള്‍ വിലയിരുത്തും.