മൂന്നു വനിതകളടക്കം സുപ്രീം കോടതിയിലെ പുതിയ ഒന്‍പത് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: മൂന്നു വനിതകളടക്കം സുപ്രീം കോടതിയിലെ പുതിയ ഒന്‍പത് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റിസ് എന്‍.വി.രമണ സത്യവാചകം ചൊല്ലിക്കൊടുത്തു.

സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒന്‍പത് ജഡ്ജിമാര്‍ ഒരുമിച്ച്‌ സത്യപ്രതിജ്ഞ ചെയ്യുന്നത്.

കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന അഭയ് ശ്രീനിവാസ് ഓഖ, കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് ബി.വി.നാഗരത്ന, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്‌ലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേല ത്രിവേദി, ഗുജറാത്ത് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ജെ.കെ.മഹേശ്വരി, കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സി.ടി.രവികുമാര്‍, മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എം.എം.സുന്ദരേഷ്, സീനിയര്‍ അഡ്വക്കേറ്റ് പി.എസ്.നരസിംഹ എന്നിവരാണ് ഇന്നു അധികാരമേറ്റത്. ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 33 ആയി.

ജസ്റ്റിസ് ബി.വി.നാഗരത്ന 2027 ല്‍ ഇന്ത്യയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആയേക്കും. ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്ന ഇ.എസ്.വെങ്കട്ടരാമയ്യയുടെ മകളാണ് ജസ്റ്റിസ് നാഗരത്ന. ഒന്‍പത് ജഡ്ജിമാരില്‍ ഏറ്റവും മുതിര്‍ന്നയാള്‍ ജസ്റ്റിസ് ഓഖയാണ്. കോവിഡ് മഹാമാരി രൂക്ഷമായിരുന്ന സമയത്ത് ബോംബെ ഹൈക്കോടതി ജഡ്ജായിരുന്ന അദ്ദേഹം അതിഥി തൊഴിലാളികളുടെ സുരക്ഷയ്ക്കായി വിവിധ ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. കോവിഡിനെ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതില്‍ നിരവധി ചോദ്യങ്ങളും ഉയര്‍ത്തിയിരുന്നു.

ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ കൊളീജിയമാണ് സുപ്രീം കോടതിയിലേക്ക് ജഡ്ജിമാരായി നിയമിക്കുന്നതിന് ഒന്‍പത് പേരുകള്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്തത്