കടുത്ത നിയന്ത്രണങ്ങള്‍ വേണ്ട;കേരളത്തിലെ കോവിഡ് വ്യാപനത്തില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ വിദഗ്ധര്‍

കേരളത്തിലെ കോവിഡ് വ്യാപനത്തില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ വിദഗ്ധര്‍. മരണനിരക്ക് പിടിച്ചു നിര്‍ത്താന്‍ കേരളത്തിനായി.

കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്നും വിദഗ്ധരുടെ അഭിപ്രായം.

അതേസമയം സംസ്ഥാനത്തെ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്ത് പരീക്ഷ എഴുതാന്‍ എത്തുന്ന കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ക്വാറന്‍റൈന്‍ വേണ്ടെന്ന് കര്‍ണാടക അറിയിച്ചു. കേരളത്തിലെ രൂക്ഷമായ കോവിഡ‍് വ്യാപന സ്ഥിതി വിലയിരുത്താനും തുടര്‍ പ്രതിരോധ നടപടികള്‍ ആലോചിക്കാനുമാണ് മുഖ്യമന്ത്രി പൊതുജനാരോഗ്യ‌ വിദഗ്ധരുടെ യോഗം വിളിച്ചത്. വിദേശ സര്‍വകലാശാലകളില്‍ നിന്നും ദേശിയ സ്ഥാപനങ്ങളില്‍ നിന്നുമായി പൊതുജനാരോഗ്യവിദഗ്ധരും വൈറോളജിസ്റ്റുകളും പങ്കെടുത്തു. കേരളത്തില്‍ രോഗികളുടെ എണ്ണം കൂടുന്നതില്‍ ആശങ്ക വേണ്ടെന്നും മരണ നിരക്ക് ഉയരാതെ ശ്രദ്ധിച്ചാല്‍ മതിയെന്നുമാണ് വിദഗ്ധരുടെ പൊതു അഭിപ്രായം. കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടതില്ലെന്നും വിദഗ്ധര്‍ നിര്‍ദേശിച്ചു.

ആള്‍ക്കൂട്ടമൊഴിവാക്കാനുള്ള ക്രമീകരണത്തോടെ പരമാവധി മേഖലകള്‍ തുറക്കാമെന്നും വിദഗ്ധര്‍ നിര്‍ദ്ദേശിച്ചു. വാക്സിനേഷന്‍ വേഗത്തിലാക്കണം. ഒന്നാം തരംഗത്തില്‍ വ്യാപനം കുറഞ്ഞതിനാലാണ് രണ്ടാം തരംഗം രൂക്ഷമാവാന്‍ കാരണമെന്ന് വിദഗ്ധര്‍ വിലയിരുത്തി. മരണനിരക്ക് കുറച്ച്‌ നിര്‍ത്താനായതിലും ഡാറ്റാ കൈകാര്യം ചെയ്യലിലും കേരളത്തെ പ്രശംസിച്ചു. അതേ സമയം സംസ്ഥാനത്തെ രോഗവ്യാപനത്തില്‍ കുറവില്ല. ഇന്നലെ രണ്ട് ജില്ലകളില്‍ നാലായിരത്തിന് മുകളിലായിരുന്നു പ്രതിദിന രോഗബാധ. ടി.പി.ആറിലും കുറവില്ല. ഈ മാസം പകുതി വരെ പ്രതിദിന കേസുകള്‍ ഉയര്‍ന്ന് നില്‍ക്കുമെന്നാണ് വിലയിരുത്തല്‍.