ഗർഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് തിരിച്ചറിയുന്ന നിമിഷം മുതൽ ഗർഭച്ഛിദ്രം നിയമവിരുദ്ധമാക്കുന്ന നിയമം നടപ്പാക്കുന്ന ആദ്യത്തെ അമേരിക്കൻ സംസ്ഥാനമായി ടെക്‌സസ്.

ഗർഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് തിരിച്ചറിയുന്ന നിമിഷം മുതൽ ഗർഭച്ഛിദ്രം നിയമവിരുദ്ധമാക്കുന്ന നിയമം നടപ്പാക്കുന്ന ആദ്യത്തെ അമേരിക്കൻ സംസ്ഥാനമായി ടെക്‌സസ്. മേയ് 19ന് ഗവർണർ ഒപ്പുവെച്ച നിയമം ഇന്നലെ (സെപ്തംബർ ഒന്ന്) പ്രാബല്യത്തിലായപ്പോൾ, അമേരിക്കയിലെ പ്രോ ലൈഫ് മുന്നേറ്റ ചരിത്രത്തിൽ രചിക്കപ്പെട്ടത് പുത്തൻ അധ്യായമാണ്. ഏതാണ്ട് ആറ് ആഴ്ചയ്ക്കുശേഷമുള്ള ഗർഭച്ഛിദ്രങ്ങൾ തടയാൻ നിയമം സഹായകമാകും.

സമാനമായ നിയമങ്ങൾ നിരവധി സംസ്ഥാനങ്ങൾ പാസാക്കിയിട്ടുണ്ടെങ്കിലും അതെല്ലാം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതിനാൽ അവ പ്രാബല്യത്തിലാക്കാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യം ടെക്‌സസിനും വെല്ലുവിളിയായിരുന്നു. കഴിഞ്ഞ ദിവസം പ്ലാൻഡ് പേരന്റ്ഹുഡ് ഉൾപ്പെടെയുള്ള ഗർഭച്ഛിദ്ര അനുകൂല സംഘടനകൾ നിയമം നടപ്പാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. സുപ്രീം കോടതി അടിയന്തര ഇടപെടൽ നടത്തുംമുമ്പേ ടെക്‌സസ് നിയമം പ്രാബല്യത്തിലാക്കുകയായിരുന്നു.

എന്നാൽ, നിയമം നടപ്പാക്കിയതിന് പിന്നാലെ, ‘നിയമം നടപ്പാക്കുന്നത് തടയാൻ സാധിക്കില്ല,’ എന്ന് സുപ്രീം കോടതി വിധി പറഞ്ഞതും ശ്രദ്ധേയമായി. നാല് ജഡ്ജുമാരുടെ വിയോജിപ്പോടെയാണ്, ഒൻപതംഗ സുപ്രീം കോടതി ടെക്‌സസിന് അനുകൂലമായ ഭൂരിപക്ഷ വിധി പുറപ്പെടുവിച്ചത്. പ്രസ്തുത വിധി, സമാന നിയമങ്ങൾ പാസാക്കിയ സംസ്ഥാനങ്ങൾക്കും പ്രതീക്ഷ പകരുന്നതാണ്. മാത്രമല്ല, അമേരിക്കയിലെമ്പാടും ഗർഭച്ഛിദ്രത്തിന് നിയമസാധുത നൽകാൻ കാരണമായ ‘റോ വേഴ്‌സസ് വേഡ്’ കേസ് പുനപരിശോധനാ സാധ്യതകൾ ചർച്ചയാകുമെന്നും നിരീക്ഷണങ്ങളുമുണ്ട്.

ഗർഭച്ഛിദ്രം നടത്തിക്കൊടുക്കുന്നരെയും അതിനായി സഹായിക്കുന്നവരെയും നിയമ നടപടികളിലൂടെ ആർക്കും തടയാനുള്ള സാഹചര്യവും നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അമ്മയുടെ ജീവന് അപകടകരമാവുന്ന സാഹചര്യങ്ങളിൽ മാത്രമേ നിയമത്തിന് ഉളവുണ്ടാവൂ. ടെക്‌സാസ് സർക്കാരിന്റെ നടപടിയിൽ പ്രോലൈഫ് സംഘടനകളും ക്രൈസ്തവ സഭകളും സന്തോഷം രേഖപ്പെടുത്തി. അതേസമയം വിവിധതരത്തിലുള്ള ക്ലേശം അനുഭവിക്കുന്ന ഗർഭിണികളെ സഹായിക്കാൻ പ്രോ ലൈഫ് സംഘടനകൾ കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കാൻ തയാറാകുന്നതും ശ്രദ്ധേയ ഇടപെടലാണ്.