അഫ്‌ഗാനിസ്ഥാനില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനം ഇന്ത്യ വീണ്ടും ആരംഭിക്കും ഓപ്പറേഷന്‍ ദേവിശക്തിയിലൂടെ 300 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്നാണ് കണക്കുകൂട്ടല്‍
ക്വാറന്‍റൈന്‍ സൗകര്യമൊരുക്കാന്‍ ഐ.ടി.ബി.പിക്ക് വിദേശകാര്യമന്ത്രാലയം നിര്‍ദേശം നല്‍കി.
കാബൂള്‍ വിമാനത്താവളത്തിന്‍റെ നിയന്ത്രണം താലിബാന്‍റെ കൈകളില്‍ എത്തിയതോടെ മുടങ്ങിയ രക്ഷാപ്രവര്‍ത്തനം വീണ്ടും ആരംഭിക്കാന്‍ ഇന്നലെ ചേര്‍ന്ന നിര്‍ണായക യോഗത്തിലാണ് തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ദേവിശക്തി ഓപ്പറേഷന്‍ വീണ്ടും ആരംഭിക്കാന്‍ തീരുമാനമായത്. നൂറോളം ഇന്ത്യന്‍ പൗരന്മാര്‍ അഫ്‌ഗാന്‍റെ വിവിധ പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായിട്ടാണ് പുതിയ വിവരം. കാബൂള്‍ വിമാന താവളം പ്രവര്‍ത്തന സജ്ജമാകുന്നതോടെ കൊമഴ്സ്യല്‍ വിമാനങ്ങള്‍ക്ക് പറക്കാന്‍ കഴിയുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു. ഇതനുസരിച്ചു തയ്യാറെടുപ്പുകള്‍ക്കായി എയര്‍ ഇന്ത്യയ്ക്ക് നിര്‍ദേശം നല്‍കി. കൊമേഴ്സ്യല്‍ ഫ്ലൈറ്റുകള്‍ക്ക് അനുമതി നിഷേധിച്ചാല്‍ സേനവിമാനം കാബൂളിലേക്ക് അയക്കും.
അഫ്‌ഗാന്‍ പൗരന്മാരായ സിഖ്,ഹിന്ദു വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരെ നാട്ടിലെത്തിക്കാമെന്നാണ് കണക്ക്കൂട്ടല്‍. അഫ്‌ഗാന്‍ പൗരന്മാര്‍ രാജ്യം വിടുന്നതിനോട് താലിബാന് താല്‍പര്യമില്ലെങ്കില്‍ കൂടി ഇന്ത്യയുടെ നിര്‍ബന്ധത്തിനു താലിബാന്‍ വഴങ്ങിയേക്കും. കാബൂള്‍ വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകുന്നത്തോടെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കും. ക്വാറന്‍റൈന്‍ സൗകര്യമൊരുക്കാന്‍ ഐ.ടി.ബി.പി.ക്ക് വിദേശകാര്യമന്ത്രാലയം നിര്‍ദേശം നല്‍കി. കഴിഞ്ഞ മാസം 24ന് കാബൂളില്‍ നിന്ന് ഇന്ത്യയിലെത്തിച്ച 78 പേരുടെ ക്വാറന്‍റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയതോടെ അവരവരുടെ വീടുകളിലേക്ക് അയച്ചു.