ന്യുമോണിയ ബാധ തടയാന്‍ കുട്ടികള്‍ക്കു പുതിയ വാക്സീന്‍

തിരുവനന്തപുരം: ന്യുമോണിയ ബാധ തടയാന്‍ കുട്ടികള്‍ക്കു പുതിയ വാക്സീന്‍ നല്‍കുന്നു. കേന്ദ്ര പദ്ധതിയുടെ ഭാഗമായി ന്യുമോ കോക്കല്‍ കോണ്‍ജുഗേറ്റ് വാക്സീന്‍ വിതരണത്തിന് സംസ്ഥാനം അനുമതി നല്‍കി.

കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ടാണ് പ്രതിരോധ പദ്ധതി. ഗുരുതര ന്യുമോണിയയ്ക്ക് കാരണമാകുന്ന ന്യൂമോകോക്കല്‍ ബാക്ടീരിയയെ പ്രതിരോധിക്കാനാണ് രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്സീന്‍ വിതരണം ചെയ്യുന്നത്.

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി നിലവില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ വിതരണമുള്ള വാക്സിനേഷന്റെ ഭാഗമാകാനാണ് ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയത്. ന്യൂമോകോക്കല്‍ ബാക്ടീരിയയ്ക്ക് പ്രതിരോധ കുത്തിവയ്പായാണ് ഈ വാക്സീന്‍ 2017 മുതല്‍ നല്‍കി വരുന്നത്.

കോവിഡ് മൂന്നാം തരംഗത്തില്‍ കുട്ടികളെ കൂടുതല്‍ ബാധിച്ചേക്കുമെന്നതിനാല്‍, ന്യുമോണിയ ബാധ തടയാനാണ് വിതരണ അനുമതി. യൂനിവേഴ്സല്‍ ഇമ്യൂണൈസേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി സൗജന്യമായാണു നല്‍കുക.

രക്തം, ചെവി, സൈനസ് എന്നിവയിലെ അണുബാധ, മെനിഞ്ചൈറ്റിസ് എന്നിവയ്ക്കും ഈ ബാക്ടീരിയ കാരണമാകുന്നുണ്ട്. ഒന്നര മാസത്തിലും മൂന്നര മാസത്തിലും ഓരോ ഡോസും ഒരു വയസ്സു കഴിഞ്ഞ് ബൂസ്റ്റര്‍ ഡോസും എന്ന ക്രമത്തിലാണ് മറ്റു സംസ്ഥാനങ്ങളില്‍ വിതരണം.

രാജ്യത്ത് ആയിരത്തില്‍ ഏഴു കുഞ്ഞുങ്ങള്‍ ന്യൂമോണിയ ബാധിച്ച്‌ മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. സംസ്ഥാനത്ത് വാക്സീന്‍ വിതരണത്തിന് വിശദമായ മാര്‍ഗരേഖ പുറത്തിറക്കുകയും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.