പ്ലസ് വൺ: മലബാർ മേഖലയിൽ 20 ശതമാനം സീറ്റ് ഉയർത്തി; മുഴുവൻ വിദ്യാർത്ഥികൾക്കും അവസരം, ആശങ്കയുടെ ആവശ്യമില്ലെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച്‌ വിദ്യാര്‍ഥികള്‍ക്ക് ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി

ശിവന്‍കുട്ടി. മുഴവന്‍ വിദ്യാര്‍ഥികള്‍ക്കും അഡ്മിഷന്‍ ലഭിക്കുമെന്നും, സീറ്റ് കുറവുള്ള ജില്ലകളില്‍ പ്രശനപരിഹാരത്തിന് നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.

“പ്ലസ് വണ്‍ പ്രവേശനം ഒന്നാം ഘട്ടത്തിന്റെ മെറിറ്റ് അടിസ്ഥാനത്തിലുള്ള ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടാം ഘട്ടം പ്രസിദ്ധീകരിക്കാനുള്ള തിയതിയും നിശ്ചയിച്ച്‌ കഴിഞ്ഞു. അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഉപരിപഠനത്തിനായുള്ള സൗകര്യം ഒരുക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം,” മന്ത്രി പറഞ്ഞു.

“മലബാര്‍ മേഖലയില്‍ 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചിട്ടുണ്ട്. സീറ്റ് ഒഴിവുള്ള ജില്ലകളില്‍ നിന്ന് കുറവുള്ള ജില്ലകളിലേക്ക് മാറ്റാന്‍ തീരുമാനമെടുത്തു. രക്ഷിതാക്കളും വിദ്യാര്‍ഥികളും ആശങ്കപ്പെടേണ്ട സാഹചര്യമില്ല,” വി. ശിവന്‍കുട്ടി വ്യക്തമാക്കി.

ഹയര്‍ സെക്കന്‍ഡറി, വിഎച്ച്‌എസ്‌ഇ ഒന്നാം വര്‍ഷ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചപ്പോള്‍ അപേക്ഷിച്ച 4,65,219 വിദ്യാര്‍ഥികളില്‍ 2,18,418 പേര്‍ക്ക് മാത്രമാണ് അഡ്മിഷന്‍ ലഭിച്ചത്. 2,71,136 മെറിറ്റ് സീറ്റില്‍ ഇനി അവശേഷിക്കുന്നത് 52,718 സീറ്റുകള്‍ മാത്രമാണ്.