സ്കൂൾ തുറക്കൽ: ഉച്ചഭക്ഷണം ഇല്ല, പകരം അലവൻസ്; കരട് മാർഗരേഖയായി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രത്യേക യോഗത്തിന് ശേഷമാകും സ്‌കൂള്‍ തുറക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

അതേസമയം സ്കൂള്‍ തുറക്കാന്‍ കരട് മാര്‍ഗരേഖയായി. അഞ്ചുദിവസത്തിനകം അന്തിമ രേഖ പുറപ്പെടുവിക്കും.

ഒരു ബെഞ്ചില്‍ രണ്ടുപേര്‍ എന്ന രീതിയില്‍ ആയിരിക്കും ക്രമീകരണങ്ങള്‍. കൂട്ടം ചേരാന്‍ അനുവദിക്കില്ല. ഓട്ടോയില്‍ രണ്ട് കുട്ടികളില്‍ കൂടുതല്‍ പാടില്ല. ശശീര ഊഷ്മാവ്, ഓക്സിജന്‍ എന്നിവ പരിശോധിക്കാന്‍ സംവിധാനം ഒരുക്കും.

സ്കൂളുകളില്‍ ഉച്ചഭക്ഷണം ഇല്ല, പകരം അലവന്‍സ് നല്‍കും. സ്കൂളിന് മുന്നിലെ കടകളില്‍ പോയി ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല.

ചെറിയ ലക്ഷണം ഉണ്ടെങ്കില്‍ പോലും കുട്ടികളെ സ്കൂളില്‍ വിടരുത്. സ്കൂള്‍ വൃത്തിയാക്കാന്‍ ശുചീകരണ യജ്ഞം നടത്തും. സ്കൂള്‍ തുറക്കും മുന്‍പ് സ്കൂള്‍തല പിടിഎ യോഗം ചേരും. ക്ലാസുകളുടെ ക്രമീകരണം, മുന്നൊരുക്കങ്ങള്‍ എന്നിവയ്ക്ക് അധ്യാപക സംഘടനകളുമായടക്കം വിപുലമായ ചര്‍ച്ചകളിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. രക്ഷകര്‍ത്താക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി ബോധവല്‍ക്കരണ ക്ലാസ് നല്‍കുമെന്നും വിദ്യാഭ്യാസ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.