ഭാരത് ബന്ദിന് തുടക്കം ; സംസ്ഥാനത്ത് ഇന്ന് ഹർത്താൽ

സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് തുടക്കം. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് നാല് വരെയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ സ്ംയുക്ത കര്‍ഷക സമിതി കേരളത്തിലും ഹര്‍ത്താല്‍ ആചരിക്കുകയാണ്.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയതിന്റെ ഒന്നാം വാര്‍ഷികം. ഡല്‍ഹി അതിര്‍ത്തിയില്‍ ആരംഭിച്ച കര്‍ഷക പ്രക്ഷോഭം പത്ത് മാസം പൂര്‍ത്തിയാകുന്ന ദിനം. ഭാരത് ബന്ദിന് സെപ്റ്റംബര്‍ 27 തന്നെ തെരഞ്ഞെടുത്തത് ഈരണ്ട് കാരണങ്ങള്‍ കൊണ്ടാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. സിംഗു, തിക്രി, ഗാസിപുര്‍ അതിര്‍ത്തികളില്‍ കര്‍ഷകര്‍ ദേശീയ പാത ഉപരോധിക്കും. ഹരിയാനയിലെ റോത്തക്ക്‌സോനിപത് ദേശീയപാതയില്‍ ടോള്‍ ബൂത്തുകള്‍ കേന്ദ്രീകരിച്ചാകും പ്രതിഷേധം. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ട്രേഡ് യൂണിയനുകള്‍ രാവിലെ പതിനൊന്നിന് ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ പ്രതിഷേധ പ്രകടനം നടത്തും. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളെ ഭാരത് ബന്ദ് കാര്യമായി ബാധിച്ചേക്കും. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്ര സര്‍ക്കാരും, തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ ഡി.എം.കെയും, ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും അടക്കം 19 പ്രതിപക്ഷ പാര്‍ട്ടികളും, വിവിധ സംഘടനകളും ഭാരത് ബന്ദിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും വരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. റെയില്‍, റോഡ് ഗതാഗതം തടയുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭാരത് ബന്ദിന്റെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്തും, ഡല്‍ഹി അതിര്‍ത്തികളിലും സുരക്ഷ ശക്തമാക്കി.

കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ സ്ംയുക്ത കര്‍ഷക സമിതി കേരളത്തിലും ഹര്‍ത്താല്‍ ആചരിക്കുകയാണ്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതുഗതാഗതം ഏറെക്കുറെ പൂര്‍ണമായി സ്തംഭിക്കും. ഹര്‍ത്താലിന് എല്‍ഡിഎഫും യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്നാണ് നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. പത്രം, പാല്‍, ആംബുലന്‍സ്, മരുന്നുവിതരണം, ആശുപത്രി, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യസര്‍വീസുകള്‍ എന്നിവയേയും ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ ബസുകള്‍, ഓട്ടോടാക്‌സി എന്നിവ നിരത്തിലിറങ്ങില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കും. ട്രേഡ് യൂണിയനുകളും സമരത്തിന്റെ ഭാഗമാകുന്നതോടെ വ്യവസായ മേഖലയും പ്രവര്‍ത്തിക്കില്ല. സാധാരണ നിലയിലെ സര്‍വീസ് ഉണ്ടാവില്ലെന്ന് കെ.എസ്.ആര്‍.ടി.സി സി.എം.ഡി ബിജു പ്രഭാകര്‍ അറിയിച്ചു. പൊലീസിന്റെ നിര്‍ദ്ദേശപ്രകാരവും ആവശ്യം അനുസരിച്ചുംആശുപത്രികള്‍, റയില്‍വേ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച്‌ പ്രധാന റൂട്ടില്‍ പരിമിതമായ ലോക്കല്‍ സര്‍വീസുകള്‍ പൊലീസ് അകമ്പടിയോടെ നടത്തും. വൈകിട്ട് 6 മണിക്ക് ശേഷം ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഉണ്ടായിരിക്കും. ഹര്‍ത്താലിന് പിന്തുണയുമായി നഗര ഗ്രാമ കേന്ദ്രങ്ങളില്‍ അഞ്ചുലക്ഷം പേരെ അണിനിരത്തി എല്‍ഡിഎഫ് കര്‍ഷക ഐക്യദാര്‍ഢ്യ കൂട്ടായ്മ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ അഞ്ചുപേരുള്ള ഗ്രൂപ്പായി തിരിഞ്ഞായിരിക്കും പരിപാടി. സംയുക്ത കര്‍ഷകസമിതിയുടെ നേതൃത്വത്തില്‍ രാജ്ഭവനു മുന്നില്‍ കര്‍ഷക ധര്‍ണയും ട്രേഡ് യൂണിയന്‍ സംയുക്ത സമിതി രാവിലെ എല്ലാ തെരുവിലും പ്രതിഷേധം ശൃംഖലയും സംഘടിപ്പിക്കും.