കസ്റ്റഡിയിലെടുത്ത് 28 മണിക്കൂറിലേറെ, പൊലീസ് കസ്റ്റഡിയില്‍ നിരാഹാരം തുടങ്ങി പ്രിയങ്ക ഗാന്ധി

ന്യൂഡെല്‍ഹി:  കസ്റ്റഡിയിലെടുത്ത് 28 മണിക്കൂറിലേറെ. പൊലീസ് കസ്റ്റഡിയില്‍ നിരാഹാരം തുടങ്ങി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി .

അതിനിടെ പ്രിയങ്കയുടെ മോചനം ആവശ്യപ്പെട്ട് ഗസ്റ്റ് ഹൗസിന് മുന്നില്‍ നൂറു കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടിച്ചുകൂടി.

ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേഡിയില്‍ ഞായറാഴ്ച കര്‍ഷക പ്രതിഷേധത്തിനിടെ മുദ്രാവാക്യം വിളിച്ചു നീങ്ങുന്ന സമരക്കാര്‍ക്കുമേല്‍ വാഹനം ഓടിച്ചു കയറ്റി എട്ടുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് പ്രിയങ്കയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ലക്‌നൗവില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള സിതാപൂരിലെ പൊലീസ് ഗസ്റ്റ് ഹൗസിലാണ് പ്രിയങ്കയെ കസ്റ്റഡിയില്‍ പാര്‍പിച്ചിരിക്കുന്നത്.

കഴിഞ്ഞദിവസം കസ്റ്റഡിയിലിരിക്കെ ഗസ്റ്റ് ഹൗസ് വൃത്തിയാക്കുന്ന പ്രിയങ്കയുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.

ഞായറാഴ്ച ലഖിംപൂര്‍ ഖേരിയില്‍ നടന്ന അക്രമത്തില്‍ നാല് കര്‍ഷകരടക്കം എട്ടു പേരാണ് മരിച്ചത്. സംഘര്‍ഷങ്ങളില്‍ 18 പേരെ അറസ്റ്റു ചെയ്തതായി ഉത്തര്‍പ്രദേശ് പൊലീസ് പറഞ്ഞു. ചിലര്‍ സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമിച്ചെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മീററ്റ് ജില്ലാ പൊലീസ് മേധാവി വിനീത് ഭട്‌നഗര്‍ പറഞ്ഞു.

കര്‍ഷകര്‍ക്കിടയിലേക്ക് മനപ്പൂര്‍വം വാഹനം ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. മനപ്പൂര്‍വമായ കൂട്ടക്കൊലയ്ക്ക് തെളിവാണ് ദൃശ്യങ്ങളെന്ന് കോണ്‍ഗ്രസ് പറഞ്ഞു. അതിനിടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നാല് കമ്ബനി കേന്ദ്രസേനയെ കൂടി ലഖിംപൂര്‍ ഖേരിയില്‍ വിന്യസിച്ചിട്ടുണ്ട്. മേഖലയിലാകെ നിരോധനാജ്ഞ തുടരുകയാണ്.