തിരുവനന്തപുരം: അര്‍ഹതയുള്ള എല്ലാവര്‍ക്കും കോവിഡ് നഷ്ടപരിഹാരം നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
രേഖകളുടെ അഭാവം മൂലം ചില കോവിഡ് മരണങ്ങള്‍ പട്ടികയില്‍ നിന്ന് ഒഴിവായിട്ടുണ്ട്. ഇത്തരത്തില്‍ രേഖകളില്ലാത്തതിനാല്‍ ഒഴിവാക്കപ്പെട്ട ഏഴായിരത്തോളം കോവിഡ് മരണങ്ങള്‍ കണ്ടെത്തിയതായും വീണാ ജോര്‍ജ് അറിയിച്ചു.
ഒക്ടോബര്‍ പത്ത് മുതലാണ് കോവിഡ് നഷ്ടപരിഹാരത്തിന് വീണ്ടും അപേക്ഷിക്കാന്‍ സാധിക്കുക. അതിന് മുന്‍പ് ഈ ഏഴായിരത്തോളം പേരുടെ പട്ടിക കൂടി പ്രസിദ്ധീകരിക്കും. പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പരാതി നല്‍കാന്‍ സൗകര്യം ഒരുക്കും. ഇവര്‍ക്ക് ജില്ലാ തല സമിതിയെ സമീപിക്കാവുന്നതാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
ജൂണ്‍ മാസം മുതലാണ് കോവിഡ് മരണങ്ങള്‍ ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാന്‍ തുടങ്ങിയത്. അതിന് മുന്‍പ് രേഖകളുടെ അഭാവം മൂലം ചില മരണങ്ങള്‍ ഒഴിവായിട്ടുണ്ട്. ഇത്തരത്തില്‍ രേഖകളില്ലാത്തതിനാല്‍ ഒഴിവാക്കപ്പെട്ട ഏഴായിരത്തോളം കോവിഡ് മരണങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്. സര്‍ക്കാര്‍ തന്നെ പരിശോധിച്ച് കണ്ടെത്തിയതാണ് ഈ കോവിഡ് മരണങ്ങള്‍. മെഡിക്കല്‍ ബുള്ളറ്റിന്‍, ആര്‍ടിപിസിആര്‍ പരിശോധന റിപ്പോര്‍ട്ട് തുടങ്ങിയ വിവിധ രേഖകളുടെ അഭാവം മൂലമാകാം ഇവരുടെ പേരുകള്‍ അന്ന് പട്ടികയില്‍ ഇടം പിടിക്കാതെ പോയത്. ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
വരുംദിവസങ്ങളില്‍ തന്നെ പട്ടിക പ്രസിദ്ധീകരിക്കും. പട്ടിക പരിശോധിച്ച് പേരുണ്ടോ എന്ന കുടുംബാംഗങ്ങള്‍ക്ക് നോക്കാവുന്നതാണ്. പേരില്ലെങ്കില്‍ പരാതി നല്‍കാനും സൗകര്യം ഒരുക്കും. ഇവര്‍ക്ക് ജില്ലാ തല സമിതിയെ സമീപിക്കാവുന്നതാണെന്നും അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും കോവിഡ് നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും വീണാ ജോര്‍ജ് അറിയിച്ചു