ഫ്രാന്‍സീസ് പാപ്പായുടെ പഞ്ചപദങ്ങള്‍

കാരുണ്യം, ദരിദ്രര്‍, പ്രാന്തപ്രദേശങ്ങള്‍, സാത്താന്‍, ഇറങ്ങിത്തിരിക്കുക
കാരുണ്യം
മാര്‍പാപ്പായ്ക്കുവേണ്ടി വിശുദ്ധ പാത്രോസിന്‍റെ ചത്വരത്തില്‍ വിതരണം ചെയ്ത “കാരുണ്യസമ്മാനപ്പൊതി”- ഒരു മരുന്നുപെട്ടിപോലെ കാണപ്പെട്ട അതിലടങ്ങിയിരുന്നത് ഒരു കരുണക്കൊന്തയും പ്രാര്‍ത്ഥനാകാര്‍ഡും – ഹൃദയത്തിന്‍റെയും ആത്മാവിന്‍റെയും ആഴങ്ങളെ ചികിത്സിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്ന ഒരു ആത്മീയപ്രതിവിധി. ആ ‘ഹൃദയത്തിന്‍റെ ഔഷധശാല’ കത്തോലിക്കാതിരുസഭയ്ക്ക് പുതിയ മാര്‍പാപ്പാ നിര്‍ദ്ദേശിച്ച ചികിത്സയ്ക്കുള്ള ഒരു പരിപൂര്‍ണ്ണപ്രതീകമായിരുന്നു. അതോടൊപ്പമുണ്ടായിരുന്ന ലഘുലേഖയില്‍ പാപ്പാ പതിവായി ഉപയോഗിക്കുന്ന ഒരു പദമുണ്ടായിരുന്നു ‘ആര്‍ദ്രതയുടെ വിപ്ലവം’. ഇത് ഒരു ചികിത്സ മാത്രമല്ല സര്‍വ്വോപരി ഒരു രോഗനിര്‍ണ്ണയംകൂടി സൂചിപ്പിച്ചു. ജീവിതത്തിന്‍റെ എല്ലാ ദുരിതങ്ങള്‍ക്കുമുള്ള ക്രിസ്തുവിന്‍റെ അനുകമ്പയും കാരുണ്യവും എന്ന തന്‍റെ സര്‍വ്വപ്രധാനമായ സന്ദേശം പകര്‍ന്നു നല്കാന്‍ കത്തോലിക്കാസഭയ്ക്ക് കഴിഞ്ഞില്ല എന്ന തിരിച്ചറിവ്.
20-ാം നൂറ്റാണ്ടിന്‍റെ ചരിത്രഗതികളെ ശ്രദ്ധിക്കുമ്പോള്‍, ദൈവകാരുണ്യത്തിന്‍റെ വിശുദ്ധയായ പോളണ്ടില്‍ നിന്നുള്ള സിസ്റ്റര്‍ ഫൗസ്റ്റീനാ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പായെ നിര്‍ണായകമായി സ്വാധീനിച്ചിരുന്നു. പാപ്പായുടെ രണ്ടാമത്തെ ചാക്രികലേഖനത്തില്‍ ദൈവകാരുണ്യത്തെക്കുറിച്ചാണ് പ്രതിപാദിച്ചത്. രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ ആരംഭിച്ചതും അവസാനിച്ചതും കൃത്യമായും സുവിശേഷത്തിന്‍റെ ഹൃദ്യമായ കാരുണ്യത്തിന്‍റെ അടയാളത്തിലായിരുന്നു. ദൈവകാരുണ്യത്തിന്‍റെ ഈ വിലപ്പെട്ട സന്ദേശം സവിശേഷമായിരുന്നുവെന്ന് പറയുവാന്‍ കഴിയുമെങ്കിലും പൊതുജാനാഭിപ്രായം നേടാന്‍ അതിനു കഴിഞ്ഞിരുന്നില്ല. വിട്ടുവീഴ്ചയില്ലാത്ത ഒരു ധാര്‍മ്മികപോലീസുകാരന്‍റെ പ്രതിച്ഛായയാണ് പൊതുജനാഭിപ്രായത്തില്‍ കത്തോലിക്കാസഭയ്ക്ക് കാലങ്ങളായി ഉണ്ടായിരുന്നത്. ഈ പ്രതിച്ഛായ മാറ്റിയെടുക്കുക വാസ്തവത്തില്‍ പ്രയാസകരമായിരുന്നു. ഫ്രാന്‍സീസ് പാപ്പായുടെ പരമാചാര്യത്വത്തിന്‍റെ അഞ്ചുവര്‍ഷങ്ങളിലെ വിപ്ലവകരമായ വലിയ മാറ്റങ്ങളിലൊന്ന് ഈ മേഖലയിലാണ്.
അനുരഞ്ജനത്തിന്‍റെ കൂദാശയെക്കുറിച്ച് നിഷ്കര്‍ഷ പുലര്‍ത്തിക്കൊണ്ടും, കാരുണ്യത്തിന് പ്രതിഷ്ഠിക്കപ്പെട്ട ഒരു ‘അസാധാരണ വിശുദ്ധവര്‍ഷം’ ആഘോഷിച്ചുകൊണ്ടും പൊതുജനാഭിപ്രായം നേടാനും നിരുപാധികമായ ദൈവസ്നേഹത്തിന്‍റെ-കാരുണ്യത്തിന്‍റെ- ആത്മീയസന്ദേശം അറിയിക്കാനും പാപ്പായ്ക്കു കഴിഞ്ഞു. മുന്‍ഗാമികള്‍ വിതച്ചത് ഫ്രാന്‍സീസ് മാര്‍പാപ്പാ കൂടുതലളവിലും സകലര്‍ക്കുമുള്ള ആത്മീയപോഷണത്തിന്‍റെ രൂപത്തിലും വളര്‍ത്തിയെടുക്കുന്നു.
ദരിദ്രര്‍
സിസ്റ്റെയിന്‍ ചാപ്പലില്‍ പെട്ടെന്ന് ഒരാഹ്ലാദാരവം. വോട്ടുകളുടെ എണ്ണം ശരിയായി. കര്‍ദ്ദിനാള്‍ ബര്‍ഗോളിയയുടെ കാതില്‍ ബ്രസീലുകാരന്‍റെ മന്ത്രണം ” ദരിദ്രരെ മറക്കരുത്”. ദൈവംൃദുവായി സംസാരിക്കുന്നതുപോലെ കര്‍ദ്ദിനാളിനു തോന്നി. പരിശുദ്ധാത്മാവിന്‍റെ ഇളംകാറ്റ് അര്‍ജന്‍റീനാക്കാരന്‍റെ ബുദ്ധിയില്‍ ഏറ്റു പറഞ്ഞു: ‘ദരിദ്രര്‍, ദരിദ്രര്‍’. ഒപ്പം മറ്റൊരു പദവും ഹൃദയത്തില്‍നിന്നുയര്‍ന്നു ‘ഫ്രാന്‍സീസ്’. ദൈവത്തിന്‍റെ മറ്റൊരു നിസ്വന്‍.
മുക്കുവന്‍റെ ചെരിപ്പണിഞ്ഞ് തന്‍റെ ചുവടുവയ്പ്പുകളിലൂടെ സ്വയം വരച്ചിടുന്ന പാതകളിലൂടെ അദ്ദേഹം നടന്നു. കടല്‍ വിഴുങ്ങിയ അഭയാര്‍ത്ഥികളുടെ നാടായ ലാംപെദൂസ, മനുഷ്യകടത്തിനിരയായ പെണ്‍കുട്ടിയുടെ ഫിലിപ്പൈന്‍സ്, കൊളംബിയന്‍ തടവറകള്‍, അഭയാര്‍ത്ഥികളുടെ രോഹിന്‍ഹത്യാ ഇവിടൊക്കെ ദരിദ്രര്‍ക്കിടയിലെ ദരിദ്രരെ കണ്ടുമുട്ടിയ അദ്ദേഹം കാരുണ്യത്തിന്‍റെ കരം നീട്ടുകയും ചെയ്തു. ബുവെനോസ് ഐറെസിലെ വീടുകള്‍ക്കിടയിലൂടെ തലങ്ങും വിലങ്ങും നടന്ന ഇടയന്‍. തോട്ടിപ്പണിക്കാരുടെയും മയക്കുമരുന്നുവ്യവസായത്തില്‍ അടിമപ്പണി ചെയ്യുന്ന കുട്ടികളുടെയും ഭര്‍ത്താവില്ലാതെ പ്രസവിച്ച സ്ത്രീകളുടെയും ദുരിതങ്ങളിലേക്ക് തന്‍റെ ജീവിതത്തെ പറിച്ചു നട്ടവന്‍. ആ ഇടയന് പരിത്യജിക്കപ്പെട്ടവരുടെ വേദന വ്യക്തമായി അറിയാനാകും.
മിതത്വവും വിനയവും കാലിത്തൊഴുത്തില്‍ പിറന്ന ലാളിത്യവും സാന്താമാര്‍ത്തായില്‍ നിത്യവും അദ്ദേഹം പ്രഭാഷണവിഷയമാക്കി. ഫ്രാന്‍സീസ്പാപ്പായുടെ പ്രവര്‍ത്തനങ്ങള്‍ പൂമുഖചര്‍ച്ചകളില്‍ ഒതുങ്ങുകയായിരുന്നില്ല. പാപ്പായ്ക്ക് ദാരിദ്ര്യത്തെ വരിക്കുന്നത് ഒരു ധര്‍മ്മതത്ത്വത്തിന്‍റെ നിര്‍വ്വചനമോ കേവലം ക്ഷേമപ്രവര്‍ത്തനമോ അല്ല. പ്രത്യുത അത് സുവിശേഷമാണ് – ദരിദ്രന്‍റെ തുളച്ചുകയറുന്ന നോട്ടത്തില്‍ യേശുവിന്‍റെ മുഖം തിരിച്ചറിയലാണ്. ധൂര്‍ത്തപുത്രന്‍റെ പിതാവിനെപ്പോലെ അനുകമ്പയാല്‍ ഹൃദയം ഇളകുന്ന അനുഭവമാണ്. ചേരിതിരിവുകള്‍ സൃഷ്ടിക്കുന്ന അനീതിയുടെ സാഹചര്യങ്ങള്‍ക്കെതിരെ ഉയര്‍ന്നുനില്‍ക്കാനുള്ള ദൃഢനിശ്ചയമാണത്. ‘ദാരിദ്ര്യം വരിക്കുക’ എന്നതിന് പാപ്പാ നല്കുന്ന അര്‍ത്ഥം ‘അതിന്‍റെ കാരണം കണ്ടെത്തി ഉന്മൂലനം ചെയ്യുക’ എന്നതാണ്. അതേ, ‘ദരിദ്ര’രാണ് പാപ്പായുടെ കേന്ദ്രബിന്ദു– ആദ്യനിമിഷം മുതല്‍ ഇന്നുവരെ.
പ്രാന്തപ്രദേശങ്ങള്‍
ഫ്രാന്‍സീസ് പാപ്പാ താന്‍ ഏറ്റെടുക്കുന്ന ദൗത്യത്തെക്കുറിച്ച് പുലര്‍ത്തിയിരുന്ന കാഴ്ചപ്പാടും, ഒരു മാര്‍പാപ്പായുടെ ജീവീതശൈലിയെക്കുറിച്ചുള്ള മനോഭാവവും ഏറെ പുതുമയുള്ളതായിരുന്നു. പ്രാന്തപ്രദേശങ്ങളുടെ കാഴ്ചപ്പാടുകളില്‍നിന്ന്, ലോകത്തെ നോക്കിക്കാണുന്നത് പാപ്പായുടെ പരമാചാര്യത്തിലെ ഓരോ പ്രവൃത്തിയെയും ഓരോ തീരുമാനത്തെയും പ്രചോദിപ്പിച്ചിട്ടുണ്ട്. ലാംപെദൂസാ ദ്വീപിലേക്കുള്ള പ്രഥമയാത്ര മുതല്‍ ഇതായിരുന്നു അവസ്ഥ. അവിടേക്കുള്ള യാത്രയ്ക്ക് പ്രചോദനമായത് ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ എത്തിച്ചേരുന്ന ഇടമാണെന്നുള്ളതാണ്. ദരിദ്രരെക്കുറിച്ച് സംസാരിക്കുന്നത് ശ്രവിക്കാന്‍ ആഗ്രഹിക്കാത്ത ഒരു സമ്പന്നലോകത്തിനു പുതിയ ബോധ്യങ്ങള്‍ പകരുന്ന പുതിയ പദങ്ങളെ അവതരിപ്പിക്കുന്നതില്‍ പാപ്പാ പ്രത്യേകം ശ്രദ്ധചെലുത്തി.
പ്രാന്തപ്രദേശങ്ങളില്‍നിന്നാണ് തിന്മ വരുന്നതെന്നും അതുകൊണ്ട് ലോകത്തിനുവേണ്ട നന്മയ്ക്കും അവിടെനിന്ന് വരാന്‍ കഴിയുമെന്നും ഫ്രാന്‍സീസ് പാപ്പായ്ക്ക് വ്യക്തമായ ബോധ്യമുണ്ട്. കൂരിയസമ്പ്രദായങ്ങളില്‍ വിപ്ലവം ഉളവാക്കിക്കൊണ്ട് ഒട്ടും പ്രാധാന്യം നല്കാത്ത പ്രാന്തപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അനേകരെ കര്‍ദ്ദിനാള്‍മാരായി അദ്ദേഹം നിയമിച്ചിട്ടുണ്ട്. അദ്ദേഹം നിറവേറ്റിയ ഏറ്റവും നിര്‍ബന്ധസ്വഭാവമുള്ള രണ്ടുകൃത്യങ്ങള്‍ ഇവയാണ്. ‘അങ്ങേയ്ക്കു സ്തുതി’ എന്ന ചാക്രികലേഖനം പ്രസിദ്ധീകരിച്ചതും, ബാങ്കൂയീ നഗരത്തില്‍ വച്ച് കാരുണ്യത്തിന്‍റെ ജൂബിലി ഉത്ഘാടനം ചെയ്തതും. മലിനീകരണത്തെക്കുറിച്ചുണ്ടായിരുന്ന കാഴ്ചപ്പാടിനെ ഈ ചാക്രികലേഖനം തികച്ചും വിപരീതമാക്കി. ദരിദ്രരാജ്യനിവാസികള്‍ വികസനത്തിനായി നല്കുന്ന വമ്പിച്ചതും നീതിപൂര്‍വമല്ലാത്തതുമായ വിലയെ, വന്‍നഗരങ്ങളിലെ പുകമഞ്ഞിനെക്കുറിച്ച് മാത്രം പരാതികളുള്ള ലോകത്തിന്‍റെ ദൃഷ്ടിപഥത്തിലേക്ക് ഈ വിശിഷ്ടഗ്രന്ഥം അവതരിപ്പിക്കുന്നു. യുദ്ധം കൊണ്ട് പീഡിതമായ ജനതയുടെ മധ്യത്തിലുള്ള ദരിദ്രമായ കത്തീഡ്രലിന്‍റെ കരുണയുടെ വാതില്‍ തുറന്നപ്പോള്‍ പത്രോസിന്‍റെ കാലംമുതല്‍ അവളുടെ സൗന്ദര്യവും സമ്പത്സമൃദ്ധിയും പ്രകടിപ്പിച്ച വിജയശ്രീലാളിതയായ തിരുസഭയുടെ യുഗം വഴിമാറുന്നുവെന്ന് ലോകം മനസ്സിലാക്കി. സഭയുടെ ഹൃദയത്തില്‍ത്തന്നെ രക്ഷിക്കപ്പെടേണ്ട മറ്റൊരു പ്രാന്തപ്രദേശം ഇപ്പോഴുമുണ്ട്. സന്ന്യസ്തരും അത്മായരുമായ സ്ത്രീകളുടെ ജീവിതാവസ്ഥകളാണത്. അവര്‍ക്ക് ഏറെ പറയാനും നല്കാനുമുണ്ട്. എന്നാല്‍ അവര്‍ ശ്രവിക്കപ്പെടുന്നില്ല..
സാത്താന്‍
“21-ാം നൂറ്റാണ്ടിലും സാത്താന്‍റെ സാന്നിധ്യമുണ്ട്. അവനോട് പെറുമാറേണ്ട രീതി സുവിശേഷത്തില്‍നിന്നു നാം പഠിക്കണം.” 2014 ഏപ്രില്‍ 11-ന് സാന്താ മാര്‍ത്തായില്‍ ദിവ്യബലിമധ്യേ ഫ്രാന്‍സീസ്പാപ്പാ നല്കിയ വചനസന്ദേശം പഠിപ്പിക്കുന്നത് സാത്താന്‍റെ സാന്നിധ്യത്തെക്കാള്‍ അതിനെ ഒരു ക്രെസ്തവന്‍ നേരിടുന്നത് എങ്ങനെ എന്നതിനെക്കുറിച്ചാണ്. സ്ഥിരസങ്കല്പത്തില്‍നിന്നു വ്യത്യസ്തമായി ഓരോ വ്യക്തിയുടെയും നിത്യജീവിതത്തെ സാത്താന്‍ ബാധിക്കുന്നു എന്നതാണ് അവസ്ഥ. രോഗികളെ സൗഖ്യമാക്കാനും, നഷ്ടപ്പെട്ടവരെ രക്ഷിക്കാനും, സചേതനമായതിനെയെല്ലാം തന്നോടു രഞ്ജിപ്പിക്കാനുമായി മനുഷ്യാവതാരം ചെയ്ത ദൈവത്തിന്‍റെ സദ്വാര്‍ത്തയായ സുവിശേഷം ആയുധമാക്കി നിത്യേന പിശാചിനോട് പോരാടാന്‍ കഴിയുന്ന ക്രൈസ്തവരെക്കുറിച്ചാണ് പാപ്പാ ചിന്തിക്കുന്നത്. ‘വളരുക, പടരുക, സ്വയം നീതികരിക്കുക’ എന്നിങ്ങനെയുള്ള സ്വഭാവത്രയത്തോടെ പിശാച് അവതരിപ്പിക്കുന്ന പ്രലോഭനങ്ങളെ വേര്‍തിരിച്ചറിയാനുള്ള വിവേചനാശക്തി വ്യക്തിയും, സമൂഹവുമെന്ന നിലയില്‍ നമ്മിലുണ്ടാകണമെന്ന് മാര്‍പാപ്പാ വിശദീകരിക്കുന്നു. പ്രലോഭകന്‍ ഒരു വൈറസാണ്. സൂക്ഷ്മമായി ഉള്‍പ്രവേശിച്ച്, നിസ്സാരമെന്നമട്ടില്‍ പ്രത്യക്ഷപ്പെടുന്നയിത് തുടര്‍ന്ന് അണുബാധയെ വ്യാപിപ്പിക്കും. ഒടുവില്‍ ഇതൊക്കെ നീതീകരിക്കാവുന്നതാണ് എന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്യും.
അതുകൊണ്ട് യുദ്ധം ചെയ്യേണ്ടത് ദൈവവചനം ആകുന്ന വാള്‍ കൊണ്ടാണ് (ഹെബ്രാ 4:12). ക്രൈസ്തവനെ കര്‍ത്താവിന്‍റെ കാലടികളിലേയ്ക്ക് മടങ്ങാന്‍ അത് സഹായിക്കും. അപ്പോള്‍ തിന്മയുടെ വളര്‍ച്ച തടയപ്പെടും. അതിന്‍റെ നീതീകരണങ്ങള്‍ നശിപ്പിക്കപ്പെടും. പരിശുദ്ധാത്മാവ് നമ്മുടെയുള്ളിലും നമ്മുടെ ചാരെയും സന്നിഹിതനായി പൊരുതുകയും നമ്മെ ആശ്വസിപ്പിക്കുകയും ചെയ്യും. പിശാചിന്‍റെ വ്യാജപ്രശംസകളില്‍ വീണുപോകാന്‍ പ്രലോഭിതരാകുന്നവരെ ആശ്വസിപ്പിക്കുവാനും ആവശ്യമായ പ്രതിരോധം തീര്‍ക്കുന്നത് കര്‍ത്താവിന്‍റെ കരുണാര്‍ദ്രമായ മുഖമാണ് എന്ന് പാപ്പാ എപ്പോഴും ഓര്‍മ്മിപ്പിക്കുന്നു.
വിഭജിക്കുന്നവനെ പരാജയപ്പെടുത്താനും ഹൃദയങ്ങളെ ഒന്നിച്ചു ചേര്‍ക്കാനും ശക്തനായവന്‍ അവിടുന്നു മാത്രം ആകുന്നു. “യേശുവിലുള്ള വിശ്വാസം നാം പ്രഖ്യാപിക്കാത്തപ്പോള്‍, സാത്താന്‍റെ ലൗകായതികതയെയാണ് നാം ആശ്ലേഷിക്കുന്നത്” എന്ന് ലിയോണ്‍ ബ്ളോയിയെ ഉദ്ധരിച്ചുകൊണ്ട് മാര്‍പാപ്പ ഊന്നിപ്പറയുന്നു.
ഇറങ്ങിത്തിരിക്കുക
‘ഇറങ്ങിത്തിരിക്കുക’ ഫ്രാന്‍സീസ് പാപ്പായുടെ പരമാചാര്യത്വത്തിന്‍റെ പുതുമ നിര്‍വചിക്കുന്ന ഒരു ശൈലിയാണിത്. “അതിനാല്‍ നിങ്ങള്‍ വഴിക്കവലകളില്‍ ചെന്ന് അവിടെ കാണുന്നവരെയെല്ലാം വിവാഹവിരുന്നിനു ക്ഷണിക്കുവിന്‍. ആരെയും ഒഴിവാക്കരുത്” (മത്താ 22:9). പ്രത്യേകമായി പാതയോരങ്ങളിലായിരിക്കുന്നവരെയും മുടന്തരെയും, വികാലാംഗരെയും അന്ധരെയും ഊമരെയും” (മത്താ 15:30). “അനുഗമിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും മതിലുകള്‍ ഉയര്‍ത്തരുത്. അതിരുകള്‍ തിരിക്കരുത്. ഗ്രാമചത്വരങ്ങളും യുദ്ധഭൂമിയിലെ ആശുപത്രികളും ഉണ്ടാകട്ടെ”. ഫിയോറ കത്തീഡ്രലില്‍ ഇറ്റലിയിലെ മെത്രാന്മാരോട് പറഞ്ഞ ഈ വാക്കുകളിലൂടെ “ഇറങ്ങിപ്പുറപ്പെടുന്ന” തിരുസഭയുടെ ശൈലിയെക്കുറിച്ച് പാപ്പാ സൂചിപ്പിച്ചു. ആശ്വസിപ്പിക്കാന്‍, സഹായിക്കാന്‍, സൗഖ്യമാക്കാന്‍, സര്‍വ്വോപരി ദൈവത്തിന്‍റെ കാരുണ്യം ദൃശ്യാക്കാനുള്ള പ്രാപ്തിയോടെ ഇറങ്ങിപ്പുറപ്പെടുന്ന തിരുസഭയുടെ ശൈലിയേക്കുറിച്ച്. “വിമോചനത്തിനും നവീകരണത്തിനും വേണ്ടിയുള്ള ദൈവവചനത്തിന്‍റെ ശക്തിയാണ് സഭയെ സചേതനമാക്കുന്നത്”.
ഫ്രാന്‍സീസ് മാര്‍പാപ്പായുടെ വീക്ഷണത്തില്‍ ഇറങ്ങിപ്പുറപ്പെടുന്നതിനുമുന്‍പ് പരിവര്‍ത്തനം ഉണ്ടാകണം. പാപ്പായുടെ ഓരോ പ്രവൃത്തിയും ഗ്രഹിക്കാന്‍ സഹായിക്കുന്ന വ്യാഖ്യാനസൂചികകളില്‍ ഒന്ന് “പുറത്തേക്കു പോകാനും ശ്രവിക്കുവാനുമുള്ള സന്നദ്ധതയാണ്.” തന്‍റെ പ്രബോധനാധികാരത്തില്‍ ഫ്രാന്‍സീസ് പാപ്പാ സഭയുടെ പ്രേഷിതസ്വഭാവത്തിന്‍റെ അടയാളങ്ങള്‍ കാണുന്ന സരണി അതാണ്. പാപ്പായ്ക്ക് ഇറങ്ങിപ്പുറപ്പെടാന്‍ സഭാപരവും അജപാലനപരവുമായ ആന്തരികപ്രചോദനം ഉണ്ടായി–അതിരുകളിലേക്ക് പോകാനും തിരിഞ്ഞുനോക്കാനും ദൂരെയുള്ള അതിരുകള്‍ തേടി വീണ്ടും യാത്രതിരിക്കാനുമുള്ള ഉള്‍വിളി. കൂട്ടായ്മയില്‍ ദിവ്യബലിയര്‍പ്പിക്കുമ്പോള്‍ തിരുസഭയുടെ തനിക്കിഷ്ടപ്പെട്ട പ്രതിഛായയത്രെ അദ്ദേഹം കാണുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ‘ജനതകളുടെ പ്രകാശത്തില്‍’ വിവരിച്ച “വിശുദ്ധരും വിശ്വസ്തരുമായ ജനം”.
ഫ്രാന്‍സീസ് പാപ്പായ്ക്ക് തിരുസഭയൊടൊത്ത് അറിയുക എന്നതിന്‍റെ അര്‍ത്ഥം ‘പ്രേഷിതദൗത്യത്തില്‍ സ്ഥിരപ്പെട്ടിരുന്ന’ തിരുസഭയെന്നാണ്. അനാസ്ഥയുടെ ആഗോളീകരണം അരങ്ങുവാഴുന്ന ലോകത്തെ നേരിടാന്‍ പോന്ന ഒരു പ്രേഷിതസഭ. വ്യക്തിതാത്പര്യങ്ങള്‍ മുന്‍കൈനേടുമ്പോഴാണ് ‘വലിച്ചെറിയലിന്‍റെ സംസ്കാരം’ സൃഷ്ടിക്കുന്ന അനാസ്ഥ ജനിക്കുന്നത്. കാരുണ്യത്തിന്‍റെ സുവിശേഷംകൊണ്ടാണ് ഇതിനെ നേരിടേണ്ടത് എന്ന് പാപ്പാ കരുതുന്നു.

Leave a Reply