മഴക്കെടുതിയിൽ 39 മരണം, ദുരന്തത്തിന് കാരണം ഇരട്ടന്യൂനമർദം ദുരിത ബാധിതരെ കൈവിടില്ല: മുഖ്യമന്ത്രി

പ്രകൃതി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തെയും ദുതിതബാധിതരെയും സര്‍ക്കാര്‍ കൈവിടില്ലെന്ന് മുഖ്യമന്ത്രി.

ദുരന്തത്തില്‍ മരിച്ചവര്‍ക്ക് നിയമസഭയില്‍ ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

തെക്കന്‍ജില്ലകളിലുണ്ടായ അതിതീവ്ര മഴയിലും മലവെള്ളപ്പാച്ചിലിലും ഉരുള്‍പൊട്ടലിലുമായി ഇതുവരെ 39 പേരാണ് മരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു ആറ് പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. ദുരന്തത്തിലേക്ക് നയിച്ച അതിതീവ്ര മഴക്ക് കാരണം ഇരട്ട ന്യൂനമര്‍ദമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഒക്ടോബര്‍ 11 മുതല്‍ സംസ്ഥാനത്ത് വര്‍ധിച്ച തോതിലുള്ള മഴയാണ് ഉണ്ടാകുന്നത്. ഒക്ടോബര്‍ 13 മുതല്‍ 17 വരെ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലില്‍ ലക്ഷദ്വീപ് തീരത്തും ചക്രവാതചുഴികള്‍ ഇരട്ടന്യൂനമര്‍ദമായി രൂപപ്പെട്ടു. സംസ്ഥാനത്തിന്റെ പലഭാഗത്തും അതിന്റെ ഭാഗമായി അതീതീവ്രമായ മഴ ഉണ്ടായെന്നും മുഖ്യമന്ത്രി അറിയിച്ചു.

എവിടേയും ആപത്തുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തികൊണ്ടാണ് അണക്കെട്ടുകളിലെ ജലം തുറന്നുവിടുന്നത്. സംസ്ഥാനത്തെ 304 ദുരിതാശ്വാസ ക്യാമ്ബുകളിലായി 3851 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ദുരന്തത്തില്‍ 217 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 1393 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ദുരന്തത്തില്‍ ജീവന്‍പൊലിഞ്ഞവരുടെ കുടുംബങ്ങളെ സര്‍ക്കാര്‍ ഒരിക്കലും കൈവിടില്ല. അപ്രതീക്ഷിതമായാണ് ദുരന്തം സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം രണ്ടു ദിവസത്തേക്ക് ഒഴിവാക്കുകയും ചെയ്തു.