“”All of us are responsable for every thing, and I even more” (എല്ലാവരും എല്ലാറ്റിനും ഉത്തരവാദികളാണ്. ഞാനാകട്ടെ കുറച്ചേറെയം). ദസ്തയേവ്സ്കിയുടെ അലീഷ എന്ന കഥാപാത്രത്തിന്‍റെ വാക്കുകളാണിത്. ഇങ്ങനെയുമുണ്ട്, ഈ ഭൂമിയില്‍ ചില മനുഷ്യര്‍, ഏതു മനുഷ്യന്‍റെ വിശപ്പിനും ഏതൊരാളുടെ വേദനയ്ക്കും താന്‍കൂടി ഉത്തരവാദിയാണ് എന്ന് ഏറ്റുപറയുന്നവര്‍. ഒരുവന്‍റെയെങ്കിലും വിശപ്പകറ്റുകയാണ്, ഒരാളുടെയെങ്കിലും കണ്ണീരൊപ്പുകയാണ് ഏറ്റവും വലിയ പുണ്യകര്‍മ്മമെന്നു തിരിച്ചറിയുന്നവര്‍. ഭൂമിയുടെ ഉപ്പുപോലെ, ലോകത്തിന്‍റെ പ്രകാശംപോലെ ചില മനുഷ്യര്‍.
അത്തരമൊരാളുടെ പേരാണ് നാരായണന്‍ കൃഷ്ണന്‍. നമ്മുടെ അയല്‍സംസ്ഥാനമായ തമിഴ്നാട്ടിലെ മധുരയില്‍ നിന്നുള്ളൊരു ചെറുപ്പക്കാരന്‍. ഈ ചെറുപ്പക്കാരനും അദ്ദേഹം സ്ഥാപിച്ച അക്ഷയട്രസ്റ്റും ചേര്‍ന്ന് ഇതുവരേയും പന്ത്രണ്ടുലക്ഷത്തിലധികം ഭക്ഷണപ്പൊതികളാണ് തെരുവില്‍അലയുന്ന അനാഥരും മനോരോഗികളുമായിട്ടുള്ള മനുഷ്യര്‍ക്കായി വിതരണം ചെയ്തിട്ടുള്ളത്. ആരോരുമില്ലാത്ത അനേകായിരങ്ങള്‍ക്ക് അന്നവുമായെത്തുന്ന മാലാഖയുടെ പേരാണ് നാരായണന്‍. ആ ജീവിതവഴികളിലേക്ക്…
തമിഴ്നാട്ടിലെ മധുരെയില്‍ 1981-ലാണ് നാരായണന്‍റെ ജനനം. സ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസത്തിനുശേഷം മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയില്‍നിന്നും ഹോട്ടല്‍ മാനേജ്മെന്‍റില്‍ ഗോള്‍ഡ് മെഡലോടെ ബിരുദപഠനം പൂര്‍ത്തിയാക്കി. ഇരുപത്താം വയസ്സില്‍ താജ്ഹോട്ടല്‍ ഗ്രൂപ്പിന്‍റെ ബാംഗ്ലൂര്‍ ശാഖയില്‍ ചീഫ് ഷെഫ് ആയി ജോലിയില്‍ പ്രവേശിച്ചു. പാചകകലയിലെ നാരായണന്‍റെ പ്രാഗല്ഭ്യം തിരിച്ചറിഞ്ഞ ഹോട്ടല്‍ മാനേജ്മെന്‍റ് സ്വിറ്റ്സര്‍ലന്‍ഡിലെ താജ്ഹോട്ടലിലേക്ക് അദ്ദേഹത്തെ തെരഞ്ഞെടുത്തു. ഒരാഴ്ചയ്ക്കുള്ളില്‍ സ്വിറ്റ്സെര്‍ലന്‍ഡിലെത്താനായിരുന്നു മാനേജ്മെന്‍റിന്‍റെ ഓര്‍ഡര്‍. ബന്ധുക്കളോടും സുഹൃത്തുക്കളോടും യാത്ര പറയാനായി, നാരായണന്‍ ബാംഗ്ലൂരില്‍നിന്നും മധുരയിലെത്തി. പിറ്റേന്നു രാവിലെ കുടുംബാംഗങ്ങള്‍ക്കൊപ്പം മധുരമീനാക്ഷി ക്ഷേത്രത്തിലേക്കു യാത്ര. നാരായണന്‍റെ ജീവിതത്തെ മാറ്റിമറിച്ച യാത്രയായിരുന്നു അത്.
ആ യാത്രയിലാണ് അത്യന്തം ഹൃദയഭേദകമായൊരു ദൃശ്യം അദ്ദേഹം കാണുന്നത്. ആ കാഴ്ച ഇങ്ങനെ, “I saw a very old man eating his own human waste for good. It really hurts me so much. I was ;iterally shocked for a second. After that I started feeding that man and decided this is what should do the rest of my lifetime.”
നാരായണന്‍ കാര്‍ നിര്‍ത്തി, അടുത്തുള്ള ഒരു ഹോട്ടലില്‍ പോയി കുറച്ച് ഇഡ്ഡലി വാങ്ങിക്കൊണ്ടുവന്ന് ആ വൃദ്ധനു കൊടുത്തു. നിമിഷനേരംകൊണ്ട് ആ ഇഡ്ഡലി മുഴുവന്‍ കഴിച്ച്, കണ്ണീരോടെ അയാള്‍ നാരായണനെ നോക്കി. ആ നോട്ടം നാരായണന്‍റെ ജീവിതയാത്രയുടെ തന്നെ ദിശമാറ്റിയ നോട്ടമായിരുന്നു. ക്ഷേത്രദര്‍ശനം കഴിഞ്ഞു തിരികെ വീട്ടിലെത്തിയിട്ടും ആ വൃദ്ധന്‍റെ നോട്ടം, നാരായണന്‍റെ മനസ്സില്‍ തങ്ങിനിന്നു. വീട്ടില്‍നിന്നൊരു ചോറുംപൊതിയുമായി, അയാള്‍ വൈകുന്നേരവും ആ വൃദ്ധനടുത്തെത്തി. അതും അയാള്‍ ആര്‍ത്തിയോടെ വാങ്ങിക്കഴിച്ചു. ഈ സംഭവത്തെക്കുറിച്ച് നാരായണന്‍ പിന്നീടോര്‍ക്കുന്നതിങ്ങനെ; ‘ഒരു നേരത്തെ അന്നത്തിനു വകയില്ലാതെ, എന്‍റെ ചുറ്റും മനുഷ്യര്‍ നരകിക്കുമ്പോള്‍, വിദേശത്തെ പഞ്ചനക്ഷത്രഹോട്ടലില്‍ ജോലിക്കു പോകുന്നത് അനീതിയാണെന്നെനിക്കു തോന്നി. നാട്ടില്‍തന്നെ താമസിക്കുവാന്‍ ഞാന്‍ തീരുമാനിച്ചു. ആദ്യമായി, ആ വൃദ്ധനു ഭക്ഷണം നല്‍കാനും നല്ല വസ്ത്രങ്ങള്‍ ധരിപ്പിച്ച്, മുടിവെട്ടിക്കൊടുത്ത് പരിചരിക്കാനും തുടങ്ങി. എന്‍റെ ജീവിതദൗത്യം ഞാന്‍ കണ്ടെത്തുകയായിരുന്നു.’
തന്‍റെ പ്രവര്‍ത്തനമേഖല വിപുലപ്പെടുത്തുന്നതിനായി 2003-ല്‍ നാരായണന്‍ ‘അക്ഷയ’ എന്ന പേരില്‍ ഒരുജീവകാരുണ്യ ട്രസ്റ്റിനു രൂപം നല്‍കി. സുമനസുകളായ അനേകം പേര്‍ ട്രസ്റ്റിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പങ്കുകാരായി. എന്നും നാരായണനും സുഹൃത്തുക്കളും പുലര്‍ച്ചെ നാലുമണിക്ക് എണീറ്റ് രുചികരമായ ഭക്ഷണം പാകം ചെയ്തു പൊതികളിലാക്കി തങ്ങളുടെ യാത്ര തുടങ്ങുന്നു. തെരുവില്‍ അലയുന്ന പാവങ്ങള്‍ക്കായി അവ വിതരണം ചെയ്യുവാന്‍. ആ അന്നത്തിനായി അനേകായിരങ്ങള്‍ തെരുവോരങ്ങളില്‍ കാത്തിരിക്കുന്നു.
ഭക്ഷണപ്പൊതി എത്തിക്കുന്നതില്‍ തീരുന്നില്ല നാരായണന്‍റെ ചുമതലകള്‍. ചിലര്‍ക്ക് അതെടുത്തുകഴിക്കാന്‍ പോലും കഴിയില്ല. അങ്ങനെയുള്ളവര്‍ക്ക് കുട്ടികള്‍ക്കെന്നപോലെ ചോറുവാരി നല്‍കി കഴിപ്പിച്ചിട്ടേ നാരായണന്‍ അവിടെനിന്നു പോകൂ. അവിടെയും തീരുന്നില്ല. മുടിയും താടിയും വളര്‍ന്ന്, കുളിക്കാതെയും മുഷിഞ്ഞ വസ്ത്രങ്ങളോടെയും കാണപ്പെടുന്നവരെ സ്വന്തം വാഹനത്തില്‍ കയറ്റി, തന്‍റെ വീട്ടില്‍കൊണ്ടുവന്ന്, താടിയും മുടിയും വെട്ടി കുളിപ്പിച്ച്, നല്ല വസ്ത്രങ്ങളും ധരിപ്പിച്ചേ വിടുകയുള്ളൂ. ഇനിയുമെന്താണ് പറയേണ്ടത് ഇദ്ദേഹത്തെക്കുറിച്ച്… ഇങ്ങനെ ചില മനുഷ്യരാണ്, ഈ ലോകത്തെ ഇന്നും ജീവിക്കാന്‍ കൊള്ളാവുന്നൊരു ഇടമാക്കിതീര്‍ക്കുന്നത്… മിഴി നിറഞ്ഞു നന്ദി പറയാം, ഈ നന്മ മരത്തോട്….
എം.ജെ. ജിന്‍സ്