പ്രളയ നഷ്ടം; നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചപ്പോൾ സർക്കാർ സഹായം ഉറപ്പു നൽകി

ഒക്ടോബര്‍ 16-)0 തീയതി സംസ്ഥാനത്ത് ചിലയിടങ്ങളിലും പൂഞ്ഞാർ നിയമസഭാ നിയോജക മണ്ഡലത്തിൽ കൂട്ടിക്കൽ ഉൾപ്പെടെ സംഭവിച്ച പ്രളയദുരന്തത്തിലേക്ക് നിയമസഭയുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഇന്നു സഭ സമ്മേളിച്ചപ്പോൾ സബ്മിഷൻ അവതരിപ്പിക്കുകയുണ്ടായി. ദുരന്തത്തിൽ വീടും സ്ഥലവും ജീവനോപാധികളും നഷ്ടമായവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം അടിയന്തിരമായി നല്‍കുമെന്നും വിവിധ രേഖകളും പ്രമാണങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് പകരം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും റവന്യൂ മന്ത്രി ശ്രീ. കെ. രാജന്‍ നിയമസഭയില്‍ ഉറപ്പുനല്‍കി.
പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ നാശനഷ്ടങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള സബ്മിഷനിലാണ് സംസ്ഥാനത്തെയാകെ ബാധകമാകുന്ന മറുപടി ബഹു. റവന്യൂമന്ത്രി നൽകിയതെന്നത് ശ്രദ്ധേയമാണ്.
പ്രകൃതി ദുരന്തത്തില്‍ സംസ്ഥാനത്ത് ഏറ്റവും അധികം നാശനഷ്ടങ്ങള്‍ സംഭവിച്ചത് പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലാണെന്ന വസ്തുതകൾ നിരത്തി, നിയമസഭയെയും സർക്കാരിനെയും ബോദ്ധ്യപ്പെടുത്താനായി എന്ന് കരുതുന്നു.
കൂട്ടിക്കല്‍ പഞ്ചായത്തില്‍ മാത്രം 14 പേര്‍ ദുരന്തത്തില്‍ മരണമടഞ്ഞു. മണ്ഡലത്തിലാകെ 200ലധികം ഉരുള്‍പൊട്ടലുകള്‍ സംഭവിച്ചു. 313 വീടുകള്‍ പൂര്‍ണ്ണമായും 748 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 600ല്‍ അധികം വീടുകളില്‍ വെള്ളം കയറി നാശനഷ്ടങ്ങള്‍ സംഭവിച്ചു. 9 പൊതുമരാമത്ത് വകുപ്പ് പാലങ്ങളും 42 പഞ്ചായത്ത് പാലങ്ങളും പ്രളയത്തില്‍ ഒലിച്ചുപോകുകയോ കേടുപാട് സംഭവിക്കുകയോ ചെയ്തു. 39 പി.ഡബ്യൂ.ഡി. റോഡുകളും അനവധി പഞ്ചായത്ത് റോഡുകളും താറുമാറായി. 214 ഹെക്ടര്‍ സ്ഥലത്ത് കൃഷിനാശം ഉണ്ടായി. നിരവധി കര്‍ഷകരുടെ ആടുമാടുകളും കോഴികളും മറ്റ് വളര്‍ത്തുമൃഗങ്ങളും നഷ്ടപ്പെട്ടു. വൈദ്യുതി ബന്ധവും ജലവിതരണ സംവിധാനവും തകരാറിലായി. ഈ കാര്യങ്ങളെല്ലാം അടിയന്തിരമായി പുനരുദ്ധരിച്ച് സാധാരണനില പുനസ്ഥാപിക്കണമെന്നും, വ്യാപാരികള്‍ ഉള്‍പ്പെടെ നഷ്ടം സംഭവിച്ച മുഴുവന്‍ ആളുകള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും നിയമസഭയിൽ ബോദ്ധ്യപ്പെടുത്തുവാൻ കഴിഞ്ഞു. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് കൂടുതല്‍ നഷ്ടപരിഹാരം നല്‍കുന്നതിന് പരിഗണിക്കുമെന്ന് നിയമസഭയിൽ സർക്കാർ ഉറപ്പ് നൽകിയത് ദുരന്തത്തിന്റെ വ്യാപ്തി ബോദ്ധ്യപ്പെട്ടതിനാലാണെന്ന് വിശ്വസിക്കുന്നു. എന്നും ജനങ്ങൾക്കൊപ്പം നിലകൊള്ളുന്ന ആദരണനീയനായ സംസ്ഥാന മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫ് സർക്കാർ പൂഞ്ഞാർ നിയോജക മണ്ഡലത്തിലുണ്ടായ നാശനഷ്ടങ്ങൾക്കനുസരിച്ച് പ്രത്യേക പരിഗണന നൽകും.

എന്ന്
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ
എം എൽ എ, പൂഞ്ഞാർ