കുമളി: ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. രാവിലെ ഏഴര മണിയോടെ അണക്കെട്ടിനോട് ചേര്‍ന്നുള്ള സ്പില്‍വേയുടെ 3, 4 ഷട്ടറുകളാണ് 0.35 മീറ്റര്‍ ഉയര്‍ത്തിയത്. രണ്ട് ഷട്ടറുകളില്‍ നിന്നായി 267 ഘനയടി ജലം വീതം 534 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്.സ്പില്‍വേ ഷട്ടറുകള്‍ തുറന്നാല്‍ ആദ്യം വെള്ളം എത്തുക ജനവാസ മേഖലയായ വള്ളക്കടവിലാണ്. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുതറ വഴി ഒമ്ബത് മണിയോടെ ഇടുക്കി ജലസംഭരണിയില്‍ വെള്ളം എത്തിച്ചേരും. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 0.25 അടി മാത്രമാകും ഉയരുക.
138.75 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് നിന്ന് സെക്കന്‍ഡില്‍ 5800 ഘനയടി (ക്യുസെക്സ്) ജലമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. തമിഴ്നാട് സെക്കന്‍ഡില്‍ 2335 ഘനയടി വെള്ളമാണ് ടണല്‍ വഴി വൈഗ അണക്കെട്ടിലേക്ക് കൊണ്ടു പോകുന്നത്.
ജലനിരപ്പ് 138 അടിയില്‍ നിജപ്പെടുത്തണമെന്ന സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് അണക്കെട്ട് തുറക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചത്. 2018 പ്രളയത്തിന് ശേഷം ആദ്യമായാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നത്.