നിങ്ങളിലോരോ വ്യക്തിയും തന്നെപ്പോലെതന്നെ ഭാര്യയെ സ്നേഹിക്കണം. ഭാര്യയാകട്ടെ ഭര്‍ത്താവിനെ ബഹുമാനിക്കുകയും വേണം (എഫേ. 5:33)
കുടുംബജീവിതം സ്വര്‍ഗ്ഗമാക്കാനും അത് കൃപകൊണ്ടു നിറയപ്പെടാനും നാം തീവ്രമായി ആഗ്രഹിക്കണം. അതിനായി നിരന്തരം പ്രാര്‍ത്ഥിക്കണം. അതിനുള്ള ഏതാനും കുറുക്കുവഴികള്‍ കണ്ടെത്താം.
1. നിങ്ങളുടെ കോപത്തെ കണ്ടെത്തുക
വീട്ടിനുള്ളില്‍ കലഹത്തിന്‍റെയും അടിപിടിയുടെയും സാഹചര്യമുണ്ടെങ്കില്‍ അതിന്‍റെ കാരണമെന്ത് എന്നാണ് ആദ്യമായി കണ്ടെത്തേണ്ടത്. ദാമ്പത്യത്തിനകത്തെ പ്രശ്നമാണോ ഇത്? അതോ പുറമേനിന്നും കടന്നുവരുന്നതാണോ? ആരാണ് യഥാര്‍ത്ഥത്തില്‍ പ്രശ്നമുണ്ടാക്കുന്നത്? അല്ലെങ്കില്‍ ഏതാണു പ്രശ്നകാരണം? ഇതേപ്പറ്റി വ്യക്തതയുണ്ടാകണം.
2. കോപത്തെ നിയന്ത്രിക്കുക
കോപമുണ്ടായാലും അത് അധികനേരം നീട്ടിക്കൊണ്ടുപോകരുത്. പരസ്പരം മൗനം പാലിച്ചു മുന്നേറാന്‍ ശ്രമിക്കണം. അധികം വൈകാതെ ഒന്നിച്ചിരുന്നു പരസ്പരം സംസാരിക്കാനുള്ള മനസ്സു കാണിക്കണം. ദമ്പതികള്‍ ചൂടാകുന്നവരാണെന്ന് തിരിച്ചറിയുന്ന സമയമുണ്ടല്ലോ. കല്യാണമൊക്കെ കഴിഞ്ഞ് ജീവിതയാത്ര തുടങ്ങുന്ന സമയം. അത്തരമൊരു സുബോധാവസ്ഥയില്‍ കോപത്തിന്‍റെ സാഹചര്യത്തെ എങ്ങനെ നേരിടണമെന്മ്പരസ്പരധാരണയിലെത്തണം. അപ്പോള്‍ കോപനിയന്ത്രണസംവിധാനങ്ങള്‍ പ്രായോഗികമാക്കാനാകും.
3. ശാരീരികാധ്വാനത്തിലേര്‍പ്പെടുക
ഒന്നിച്ച് ശാരീരികാധ്വാനത്തിലേര്‍പ്പെടാന്‍ സമയം കണ്ടെത്തുക. അരമണിക്കൂര്‍ ഒന്നിച്ചു നടക്കുന്നതാകാം. മറ്റ് എന്തെങ്കിലും വ്യായാമം അനുഷ്ഠിക്കുന്നതാകാം. യോഗ അഭ്യസിക്കുന്നതോ പച്ചക്കറികൃഷിയില്‍ ഏര്‍പ്പെടുന്നതോ ആകാം. ഇത്തരം കൂട്ടായ അധ്വാനത്തിലൂടെ മിണ്ടിയും പറഞ്ഞും സ്നേഹം പങ്കിടാന്‍ സാധിക്കും. ഇണയും തുണയും കൂടുതല്‍ ഹൃദയബന്ധത്തിലേക്കു കടന്നുവരും. പരസ്പരം സംസാരിക്കാനും കൂട്ടായ്മയോടെ പ്രവര്‍ത്തിക്കാനും കുടുംബത്തില്‍ അവസരമില്ലാതെ പോകുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. അതിനെയൊക്കെ ഒരു പരിധിവരെ ഒഴിവാക്കാന്‍ ഇതു സഹായിക്കും.
4. പൊരുത്തപ്പെടലിനു ശ്രമിക്കുക
രണ്ടു വ്യത്യസ്ത പുഴകള്‍ ഒഴുകി ലയിച്ച് ഒന്നായതാണു കുടുംബജീവിതം. അതിനാല്‍ വിഭിന്നമായ ചിന്തയും അഭിപ്രായങ്ങളുമുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍, കുടുംബജീവിതസമര്‍പ്പണത്തിലേക്കു കടന്നു വന്നു കഴിഞ്ഞാല്‍ പിന്നെ അതൊക്കെ മറക്കണം… എന്‍റെ ‘കംഫര്‍ട്ട് സോണുകള്‍’ കൈ വെടിഞ്ഞുകൊണ്ട്, എന്‍റെ ‘ഈഗോ’യൊക്കെ മാറ്റിവച്ച് ഭാര്യയും ഭര്‍ത്താവും ഇടപഴകണം.
അതേസമയം ഒരാള്‍തന്നെ എപ്പോഴും വിട്ടുകൊടുക്കുന്നതും ശരിയല്ല. ഭാര്യ മാത്രം എപ്പോഴും തോറ്റു കൊടുക്കും. ഭര്‍ത്താവ് വിജയശ്രീലാളിതനായി ഗമക്കങ്ങു നില്ക്കും. മരണംവരെയും ഇതു തുടരാന്‍ പാടില്ല. ഒരിക്കല്‍ ഒരു ദമ്പതി കൗണ്‍സിലിങ്ങിനു വന്നു. കാര്യങ്ങളൊക്കെ സംസാരിച്ചു. ഭാര്യ കൃത്യമായിട്ട് പിണക്കത്തിന്‍റെ എണ്ണവും തീയതിയുമൊക്കെ പറയാന്‍ തുടങ്ങി. ഭര്‍ത്താവും വിട്ടുകൊടുക്കുന്നില്ല. അദ്ദേഹവും കണക്കുപറയാന്‍ തുടങ്ങി. കണക്കു പറച്ചില്‍ പരസ്പരം അവസാനിപ്പിക്കുക എന്നതാണ് ഒന്നാമത്തെ കാര്യം. സ്നേഹമില്ലാത്തിടത്താണ് കണക്കു പറച്ചിലുണ്ടാവുക. അതിനാല്‍ കണക്കുകളൊക്കെ മറന്നിട്ട് പൊരുത്തപ്പെടലിന്‍റെ, ഇണങ്ങിച്ചേരലിന്‍റെ കണക്കുകള്‍ നിരത്തുക.
5. കൂടുതല്‍ കേള്‍ക്കുക
ആശയവിനിമയം എന്നത് തുരുതുരാ, പടപടാന്ന് പറഞ്ഞുകൊണ്ടിരിക്കുന്നതാണെന്ന് ചിലര്‍ക്കു തെറ്റിദ്ധാരണയുണ്ട്. അല്ല. ആശയവിനിമയം ഒരു പങ്കുവയ്ക്കലാണ്. എന്‍റെ ജീവിതപങ്കാളിയുടെ വികാരവിചാരങ്ങള്‍ ഞാന്‍ ശ്രദ്ധയോടെ കേള്‍ക്കുന്ന നിമിഷമാണത്. വെറുതെ കേട്ടാല്‍ പോരാ. ബഹുമാനപൂര്‍വ്വം കേള്‍ക്കാനും ശ്രദ്ധിക്കണം. എന്‍റെ ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ വിലയുള്ള ഒരാളാണ് എന്നു തോന്നിപ്പിക്കണം. ലൂക്കായുടെ സുവിശേഷത്തില്‍ 24-ാം അദ്ധ്യായത്തില്‍ എമ്മാവൂസിലേക്കു പോയ ശിഷ്യന്മാര്‍ തങ്ങളുടെ സങ്കടങ്ങളുടെ പൊതിക്കെട്ടഴിച്ചു. ഈശോ അതൊക്കെ ശാന്തമായി കേള്‍ക്കുന്നുണ്ട്. നമുക്ക് ഇങ്ങനെ ശ്രവിക്കാന്‍ സാധിക്കുമ്പോള്‍ തിരുത്താനും സാധിക്കും. ശാന്തതയോടെയും വിവേകത്തോടെയും ശ്രവിച്ച് പരസ്പരം തിരുത്തി മുന്നേറുക.
6. പങ്കാളിയെ വ്യക്തിയായി അംഗീകരിക്കണം
എന്‍റെ ജീവിതപങ്കാളി അടുക്കളയില്‍ കുറെ ജോലികള്‍ ചെയ്തു തീര്‍ക്കുന്ന ഒരു യന്ത്രമല്ലെന്നു മനസ്സിലാക്കുക. അവള്‍ ഒരു മിക്സിയും ഗ്രൈന്‍ഡറുമൊന്നുമല്ല. അതുപോലെതന്നെ എന്‍റെ ഭര്‍ത്താവ് ആവശ്യപ്പെടുമ്പോഴൊക്കെ പണം തരുന്ന എ റ്റി എം കൗണ്ടറുമല്ല. വൈഫിനെ (ണകഎഋ) ചിലരൊക്കെ ഇങ്ങനെ നിര്‍വചിക്കാറുണ്ട്: ണ=ണീിറലൃളൗഹ; ക=കിൃൗാലെേിേ; എ= എീൃ; ഋ = ഋിഷീ്യാലിേ; അതായത് ആനന്ദം തരുന്ന ഒരു അത്ഭുതയന്ത്രം. ഭാര്യയെ യന്ത്രമായി കാണാതെ വ്യക്തിയായി കാണണം. ചില സാഹിത്യകാരൊക്കെ വിശേഷിപ്പിക്കുന്നതുപോലെ അവര്‍ കുറ്റിച്ചൂലല്ല. കുറ്റിച്ചൂല്‍ ഉപയോഗം കഴിഞ്ഞാല്‍ അടുക്കളയുടെ ഒരു മൂലയ്ക്കു കൊണ്ടുപോയി എറിയും. അത് തേഞ്ഞുതേഞ്ഞു തീരുമ്പോള്‍ ഉപയോഗശൂന്യമായി വലിച്ചെറിയും.
7. സ്നേഹത്തിന്‍റെ ഗുണവിശേഷങ്ങള്‍ സ്വന്തമാക്കുക
സ്നേഹം എല്ലാത്തിനെയും അതിലംഘിക്കുന്നതാണെന്ന് പൗലോസ് ശ്ലീഹാ കോറിന്തോസുകാര്‍ക്കെഴുതിയ ലേഖനത്തിന്‍റെ 13-ാം അദ്ധ്യായത്തില്‍ വിവരിക്കുന്നുണ്ടല്ലോ. ദമ്പതികള്‍ നിര്‍ബന്ധമായും സ്വന്തമാക്കിയിരിക്കേണ്ട നന്മകളാണിത്. അല്ലാതെ കുറച്ചു ദിവസത്തേക്ക് വാടകയ്ക്ക് എടുത്താല്‍ പോരാ. ഏതെങ്കിലും അതിഥികള്‍ വരുമ്പോള്‍ ‘തേനേ, പാലേ’ എന്നൊക്കെ പറഞ്ഞ് പെരുമാറുന്ന ദമ്പതികളുണ്ട്. എല്ലാം കഴിഞ്ഞ് അവര്‍ മടങ്ങുമ്പോള്‍ യഥാര്‍ത്ഥ പേരുവിളിയും പോരുകുത്തും തുടങ്ങും. അപ്പസ്തോലന്‍ പറയുന്ന സ്നേഹം ദീര്‍ഘക്ഷമയുള്ളതാണ്. അഹങ്കാരവും അസൂയയും സ്വാര്‍ത്ഥതയും അനീതിയും അനുചിത പെരുമാറ്റവുമല്ല. എല്ലാം സഹിക്കുകയും പ്രത്യാശിക്കുകയും വിശ്വസിക്കുകയും അതിജീവിക്കുകയും ചെയ്യുന്ന വിസ്മയാവഹമായ ഒന്നാണ് ഈ സ്നേഹം. ദമ്പതികള്‍ ഇതു കുടുംബജീവിതത്തിന്‍റെ അനുദിനസാഹചര്യത്തില്‍ പ്രാവര്‍ത്തികമാക്കണം.
8. ഇഷ്ടം തോന്നാത്തപ്പോഴും സ്നേഹിക്കുക
ചിലപ്പോള്‍ ജീവിതപങ്കാളിയോട് മാനസികമായ അകല്‍ച്ച തോന്നിയേക്കാം. കുടുംബജീവിതം ചട്ടിയും കലവും പോലെയാണെന്ന് പറയാറുണ്ടല്ലോ. തട്ടിയും മുട്ടിയും അങ്ങനങ്ങു പോകുമെന്ന്. അങ്ങനെ ഇഷ്ടം തോന്നാത്തപ്പോഴും സ്നേഹത്തിന്‍റെ പ്രകടനങ്ങള്‍ ഇല്ലാതാക്കരുത്. ഒന്നിച്ചുള്ള നടപ്പ്, സംസാരിക്കാന്‍ സൗകര്യം കിട്ടുന്ന തരത്തിലുള്ള കളികള്‍, ഒന്നിച്ചുള്ള ഗ്രന്ഥപാരായണം, ഒരുമിച്ചുള്ള തമാശയും കുട്ടിക്കളിയും, പരസ്പരം ജോലികളില്‍ ഒന്നിച്ചുള്ള മുന്നേറ്റം… അങ്ങനെയുള്ള കാര്യങ്ങള്‍ ഇഷ്ടം തോന്നാത്തപ്പോഴും അവസാനിക്കാതെ തുടരട്ടെ.
9. ഒന്നിച്ചു പ്രാര്‍ത്ഥിക്കുക
ദമ്പതികള്‍ ഒരിക്കലും മുടക്കം വരുത്താത്ത ഒരു കാര്യമായിരിക്കണം ഇത്. അനുദിനജീവിതത്തില്‍ കൃപ കണ്ടെത്തണമെങ്കില്‍ കൈ കോര്‍ത്തു പിടിച്ച്, മുട്ടിന്മേല്‍നിന്നു പ്രാര്‍ത്ഥിക്കണം. നമ്മുടെ മക്കള്‍ ഇതു കണ്ടു വളരട്ടെ. എന്‍റെ ചാച്ചനും അമ്മച്ചിയും പ്രാര്‍ത്ഥിച്ചതുപോലെ ഞാനും പ്രാര്‍ത്ഥിക്കുമെന്ന് മക്കളുടെ മനസ്സില്‍ ബോധ്യങ്ങള്‍ വിതച്ച് അതു വളരട്ടെ.
10. കുടുംബത്തിലെ സംഭവങ്ങള്‍ ആചരിക്കുക
ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ കുടുംബജീവിതത്തിലുണ്ട്. മക്കളുടെ സ്കൂള്‍ പ്രവേശനമാകാം. ജന്മദിനമാകാം. വിവാഹവാര്‍ഷികമാകാം. അത്തരത്തില്‍ ഒട്ടനവധി സംഭവങ്ങളുണ്ട്. അവയൊക്കെ പ്രാര്‍ത്ഥനാപൂര്‍വ്വം ആചരിക്കാനും അന്നേ ദിവസം വിശുദ്ധകുര്‍ബാനയില്‍ പങ്കെടുക്കാനും ശ്രദ്ധിക്കുക. അള്‍ത്താരയോടും വിശ്വാസസമൂഹത്തോടും ചേര്‍ന്നുനിന്ന് ഇത്തരം സംഭവങ്ങള്‍ ആചരിക്കുമ്പോള്‍ അതു കൂട്ടായ്മയും കൃപയും അനുഗ്രഹങ്ങളും സമൃദ്ധമാകാനുള്ള അവസരമാകും.
അങ്ങനെ പടിപടിയായി കുടുംബങ്ങളെ സ്വര്‍ഗമാക്കാന്‍ നമുക്ക് ഇന്നുതന്നെ പ്രതിജ്ഞയെടുക്കാം.
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ കപ്പൂച്ചിന്‍