ചവിട്ടു കിട്ടുന്നത് നല്ലതാണ്…

സ്വപ്നങ്ങള്‍ കാണാത്തവന് ഉയിര്‍ക്കാനുള്ള അവകാശമില്ല. അന്ധയും ബധിരയുമായ ഹെലന്‍ എന്ന പെണ്‍കുട്ടിക്ക് സ്വപ്നങ്ങളില്ലായിരുന്നുവെങ്കില്‍ ഇന്ന് ലോകം അറിയുന്ന ഹെലന്‍ കെല്ലര്‍ രൂപപ്പെടുമായിരുന്നില്ല. ബധിരതയെ പ്രതിഭകൊണ്ട് കീഴ്പ്പെടുത്തിയ ബീഥോവനും കാലുകള്‍കൊണ്ട് വിമാനം പറപ്പിച്ച് പരിമിതികളെ ഉല്ലംഘിച്ച ജെസീക്ക കോക്ക്സും കൈകളും കാലുകളും മാത്രമല്ല ദുഃഖവും ഇല്ലെന്ന് ലോകത്തോട് കൂട്ടിച്ചേര്‍ത്തു പറഞ്ഞ നിക്കും ഒക്കെ വിവിധതരത്തിലുള്ള ഉയിര്‍പ്പുകളുടെ ഉദാഹരണങ്ങളാണ്. സാധ്യതകളാണ്. തീര്‍ച്ചയായും ഉയിര്‍പ്പിന് അതിജീവനം എന്നു കൂടി അര്‍ത്ഥമുണ്ട്.
പ്രകൃതിയിലെവിടെയും ഉയിര്‍പ്പിന്‍റെ കിരണങ്ങളുണ്ട്. ഇന്നലെ വരെ വറ്റിവരണ്ടു കിടന്ന പുഴ ഒരു മഴപ്പെയ്ത്തില്‍ വീണ്ടും ഒഴുകിത്തുടങ്ങുന്നു, സമൃദ്ധിയോടെ… ഇനി ഒഴുകാതിരിക്കുമ്പോള്‍ പോലും അതിന്‍റെ ആത്മാവില്‍ ഉറവകളുണ്ടായിരുന്നു. വീണ്ടും ഒഴുകിത്തുടങ്ങുന്ന പുഴയെ അത് സ്വപ്നം കാണുകയായിരുന്നു. ഒഴുകുമ്പോഴാണ് പുഴയും കടലും ഉണ്ടാകുന്നത്. ഒഴുകാതിരിക്കുമ്പോള്‍ അത് അഴുക്കുവെള്ളമാകുന്നു. അതില്‍ രോഗം പരത്തുന്ന കീടജാലങ്ങള്‍ പെറ്റുപെരുകുന്നു. ഒഴുകുന്ന പുഴകളാകുക… ആത്മാവില്‍ ഉറവയുള്ള പുഴകളാകുക.
ശിരച്ഛേദം നടത്തുന്ന ചെടികളെയും വൃക്ഷലതാദികളെയും നോക്കൂ… ഒരു മഴയ്ക്കുശേഷം അവയില്‍ വീണ്ടും പച്ചിലനാമ്പുകള്‍ പൊട്ടിത്തുടങ്ങുന്നു. പുതിയ ഇലകളണിഞ്ഞ് അവ പുതുപ്പെണ്ണിനെപ്പോലെ മനോഹരിയാകുന്നു. ഇല പൊഴിക്കുന്ന മരങ്ങളും ഉയിര്‍പ്പിനുവേണ്ടി അണിഞ്ഞൊരുങ്ങുകയാണ്. ഓരോ പ്രഭാതവും ഓരോ തര ത്തില്‍ ഓരോ ഉയിര്‍പ്പുകളാണ്. ജീവിതം വീണ്ടും നന്നായി തുടങ്ങാനും ഇന്നലെത്തെ പിഴവുകള്‍ തിരുത്താനുമുള്ള ഉയിര്‍പ്പിന്‍റെ പ്രഭാതം.
ഒരു മനുഷ്യന്‍ കാണുന്ന സ്വപ്നമാണ് ഉയിര്‍പ്പ്. പ്രതീക്ഷ കൈവിടാത്ത അയാളുടെ മാനസികഭാവമാണത്. ക്രിസ്തുവിന്‍റെ ഉയിര്‍പ്പിനെപ്പോലും മറ്റൊരു രീതിയില്‍ കാണാനുള്ള സാധ്യതയുണ്ട്. ക്രിസ്തു കണ്ട സ്വപ്നമായിരുന്നു ഉയിര്‍പ്പ്. എല്ലാ തിരസ്ക്ക രണങ്ങള്‍ക്കും പീഡാസഹനങ്ങള്‍ക്കും അപ്പുറം ഉയിര്‍പ്പിന്‍റെ ഒരു മഴവില്ലിനെ ക്രിസ്തു സ്വപ്നം കണ്ടു. അല്ലെങ്കില്‍ അങ്ങനെയൊന്ന് പ്രത്യാശിച്ചു. മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ദേവാലയം പുനരുദ്ധരിക്കുമെന്നുള്ള, പീഡാസഹനങ്ങള്‍ക്കുമുമ്പുള്ള പ്രവചനം പോലും ക്രിസ്തു നടത്തിയത് താന്‍ പ്രവേശിക്കാനിരിക്കുന്ന ഉയിര്‍പ്പിന്‍റെ മഹിമയെക്കുറിച്ചുള്ള സ്വപ്നത്തില്‍നിന്നായിരുന്നു.
ഉയിര്‍ക്കുന്നവരെല്ലാം ക്രിസ്തുമാരാണ്. നിന്നെ ഇപ്പോള്‍ കല്ലറയ്ക്കുള്ളിലാക്കിയിരി ക്കുന്നത് ചില വ്യക്തികളാകാം… നിഷേധാത്മകമായ വിചാരങ്ങളാകാം… പ്രതികൂലമായ ചുറ്റുപാടുകളാകാം. ഈസ്റ്റര്‍ നമ്മെ ക്ഷണിക്കുന്നത് ക്രിസ്തുവാകണമെന്നാണ്. ഉയിര്‍ ക്കുന്ന ക്രിസ്തു… നിരാശതയില്‍നിന്നും നിഷേധാത്മകവിചാരങ്ങളില്‍നിന്നും ഉയിര്‍ത്തെണീല്ക്കുന്ന ക്രിസ്തു… ലോകത്തിന് പ്രകാശം നല്കുന്ന ക്രിസ്തു… ലോകത്തിന് പുതിയ സ്വപ്നം നല്കുന്ന ക്രിസ്തു.
ക്രിസ്തു പ്രവചിച്ചിരിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും ഉയിര്‍പ്പുമായി കൂടി ബന്ധപ്പെട്ടാണിരിക്കുന്നത്. പുതിയ ആകാശം കാണാത്തവന് ഉയിര്‍പ്പില്ല… പുതിയ ഭൂമി കാണാത്തവനും ഉയിര്‍പ്പില്ല. കല്ലറയിലാണെന്ന് കരുതണ്ടാ… പുറത്തേക്കുവരുമെന്ന്സ്വപ്നം കണ്ടാല്‍ മതി. അതിനുവേണ്ടി പ്രാര്‍ത്ഥിച്ചാല്‍ മതി.
മറ്റുള്ളവര്‍ നിനക്കു ചുറ്റും ചേര്‍ത്ത് അടച്ചുവച്ചിരിക്കുന്ന കല്ലറയ്ക്കുള്ളില്‍നിന്നും പുറത്തുവരാന്‍ നീ ആഗ്രഹിക്കുന്നുവെങ്കില്‍ നീ ക്രിസ്തുവാണ്. നിനക്ക് ഉയിര്‍പ്പുണ്ട്. ശരിയാണ് ചില ഉയിര്‍പ്പുകള്‍ക്കുവേണ്ടി നാം വേദന അനുഭവിക്കേണ്ടിവന്നേക്കാം… ക്രൂശുമരവുമായി കാല്‍വരിയിലേക്ക് നടക്കേണ്ടിവന്നേക്കാം. പീഡനങ്ങള്‍ സഹിക്കേണ്ടി വന്നേക്കാം… പക്ഷേ, അവ അനിവാര്യമാണ്. കാരണം അവയില്ലാതെ ഉയിര്‍പ്പില്ല… അവ കൂടാതെയുള്ള ഉയിര്‍പ്പുകള്‍ക്ക് മാധുര്യവുമില്ല.
അതുകൊണ്ട് ഉയിര്‍പ്പുകളെ സ്വപ്നം കാണാം നമുക്ക്. കാരണം ഉയിര്‍പ്പ് നമുക്കുള്ള വാഗ്ദാനമാണ്… ഉയിര്‍പ്പ് നമ്മുടെ അവകാശമാണ്. ഉയിര്‍പ്പ് നമ്മുടെ സാധ്യതയാണ്.

വിനായക് നിര്‍മ്മല്‍

Leave a Reply