മുല്ലപ്പെരിയാറിലേക്കുള്ള നീരൊഴുക്ക് രണ്ടിരട്ടി: എട്ട് ഷട്ടറുകൾ തുറന്നു

ഇടുക്കി: വൃഷ്ടിപ്രദേശത്തെ ശക്തമായ മഴയില്‍ നീരൊഴുക്ക് രണ്ടിരട്ടിയായതോടെ മുല്ലപ്പെരിയാര്‍ ഡാമിന്റെ എട്ട് സ്‌പില്‍വേ ഷട്ടറുകള്‍ 60 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി.

സെക്കന്‍ഡില്‍ 3870.98 ഘനയടി വെള്ളമാണ് (109611.7 ലിറ്റര്‍) പെരിയാറിലേക്ക് ഒഴുക്കുന്നത്. ഇതോടെ പെരിയാറിലെ ജലനിരപ്പ് രണ്ടരയടിയോളം കൂടി. എന്നാല്‍ ഇടുക്കിയിലെ ജലനിരപ്പില്‍ കാര്യമായ മാറ്റമില്ല. 2398.10 അടിയാണ് നിലവിലെ ജലനിരപ്പ്. ഏറ്റവുമൊടുവിലെ വിവരമനുസരിച്ച്‌ 138.85 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ

സുപ്രീംകോടതി ഉത്തരവ് പ്രകാരം നവംബര്‍ 10 വരെ തമിഴ്നാടിന് റൂള്‍ലെവലായ 139.5 അടി വരെ ജലനിരപ്പ് നിലനിറുത്താം. അതിനിടെ ജലനിരപ്പ് 138.10 അടിയിലേക്ക് താഴ്ന്നതിനെ തുടര്‍ന്ന് തുറന്നിരുന്ന ആറ് ഷട്ടറുകളില്‍ അഞ്ചും ചൊവ്വാഴ്ച അടച്ചിരുന്നു. എന്നാല്‍ രാത്രി മഴ ശക്തമായതോടെയാണ് വീണ്ടും ഷട്ടറുകള്‍ ഉയര്‍ത്തിയത്. ജലനിരപ്പ് 138.95 അടിയായതോടെയാണ് തുറന്നിരുന്ന മൂന്നാം നമ്ബറിനൊപ്പം ഇന്നലെ രാവിലെ 6.30ന് രണ്ട്,​ നാല് ഷട്ടറുകളാണ് ആദ്യം ഉയര്‍ത്തിയത്. നീരൊഴുക്ക് വീണ്ടും കൂടിയതോടെ എട്ടിന്, മൂന്ന് ഷട്ടറുകളും ഉയര്‍ത്തി. എന്നിട്ടും ജലനിരപ്പ് താഴാതായതോടെ ഉച്ചയ്ക്ക് 12ന് രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തുകയായിരുന്നു. എന്നാല്‍ പുറന്തള്ളുന്ന ജലത്തിന്റെ ഇരട്ടിയോളമാണ് ഇപ്പോഴത്തെ നീരൊഴുക്ക്. സെക്കന്‍ഡില്‍ 6175.98 ഘനയടി വെള്ളമാണ് ഡാമിലെത്തുന്നത്.

സെക്കന്‍ഡില്‍ 2305 ഘനയടി വെള്ളം തമിഴ്നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്. 71 അടി ശേഷിയുള്ള വൈഗയിലെ ഇപ്പോഴത്തെ ജലനിരപ്പ് 62.73 അടിയാണ്. ഇന്നലെ മുതല്‍ തമിഴ്നാട്ടിലും മഴ ശക്തമാണ്.

 തമിഴ്നാട് മന്ത്രി മുല്ലപ്പെരിയാറിലേക്ക്

തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകന്‍ നാളെ മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ചേക്കും. ഷട്ടറുകള്‍ തുറന്നതില്‍ പ്രതിഷേധിച്ച്‌ തമിഴ്നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ സമരത്തിലേക്ക് നീങ്ങുകയാണ്. എ.ഐ.എ.ഡി.എം.കെയുടെ നേതൃത്വത്തില്‍ ഒമ്ബതിന് മുല്ലപ്പെരിയാറിലെ ജലം ഉപയോഗിക്കുന്ന അഞ്ച് ജില്ലകളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് മന്ത്രിയുടെ സന്ദര്‍ശനം.

കണക്കുകള്‍ ഇങ്ങനെ

 മുല്ലപ്പെരിയാര്‍ ഡാമിലെ നിലവിലെ ജലനിരപ്പ്- 138.85 അടി

 പെരിയാറിലേക്ക് ഒഴുക്കുന്നത്- 3870.98 ഘനയടി (സെക്കന്‍ഡില്‍)

 ഡാമിലെത്തുന്ന വെള്ളം- 6175.98 ഘനയടി (സെക്കന്‍ഡില്‍)

 ഇടുക്കിയിലെ ജലനിരപ്പ്- 2398.10 അടി

 തമിഴ്നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്നത്- 2305 ഘനയടി (സെക്കന്‍ഡില്‍)

 വൈഗയുടെ സംഭരണ ശേഷി- 71

 വൈഗയിലെ നിലവിലെ ജലനിരപ്പ്- 62.73 അടി

പുതിയ ഡാം വേണമെന്നാണ് നിലപാട്-മുഖ്യമന്ത്രി

തിരുവനന്തപുരം: 126 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാമിന് പകരം പുതിയ ഡാം പണിയണമെന്നാണ് കേരളത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയങ്ങള്‍ക്ക് അനുസൃതമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സുപ്രീംകോടതിയില്‍ കേരളം ഫയല്‍ ചെയ്ത നോട്ടുകളില്‍ തമിഴ്നാട്​ വൈഗ ഡാമിലേക്ക് പരമാവധി ജലം കൊണ്ടുപോകണമെന്ന് ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഡാമിലെ ജലനിരപ്പ് 136ല്‍ നിന്ന് 142 അടിയായി ഉയര്‍ന്നാലുള്ള അപകട സാദ്ധ്യതയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 136ന് മുകളില്‍ ഉയരുന്ന ഓരോ ജലനിരപ്പും ഡാമിനു നല്‍കുന്ന മര്‍ദ്ദം ക്രമാനുഗതമായ ഒന്നല്ല എന്ന വസ്തുതയും വ്യക്തമാക്കിയിട്ടുണ്ട്. മേല്‍നോട്ട സമിതി മുന്‍പാകെ തമിഴ്നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച റൂള്‍ കര്‍വിനെപ്പറ്റിയുള്ള വിയോജിപ്പും അറിയിച്ചിട്ടുണ്ട്.

തുലാവര്‍ഷത്തിന് മുന്‍പ് ലഭിച്ച അതിതീവ്ര മഴ കാരണം ഒക്ടോബര്‍ 29 മുതല്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി വ്യക്തമായ മുന്നറിയിപ്പോടെ നിയന്ത്രിത അളവില്‍ അധിക ജലം പുറത്തേക്ക് ഒഴുക്കുന്നു. മുല്ലപ്പെരിയാറില്‍ ജലനിരപ്പുയരുന്നത് മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ആശങ്ക സര്‍ക്കാര്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. വൃഷ്ടി പ്രദേശങ്ങളില്‍ ലഭ്യമാകുന്ന മഴയും നീരൊഴുക്കും കണക്കിലെടുത്ത് ജലനിരപ്പിലെ വ്യതിയാനങ്ങള്‍ സമയാസമയം അവലോകനം ചെയ്ത് വേണ്ട മുന്‍കരുതലുകള്‍ എടുക്കുന്നുണ്ട്