കുര്‍ബാന കാണാനല്ല പോകേണ്ടത്

പള്ളികളില്‍ പോകുമ്പോള്‍ നമ്മുടെ പതിവു സംസാരമാണിത്. കുര്‍ബാന കാണാന്‍ പോകുന്നുവെന്ന്. ഉള്ളര്‍ത്ഥങ്ങള്‍ ഇല്ലാത്ത വെറും കാഴ്ചയല്ല വിശുദ്ധ കുര്‍ബാന എന്നു നമുക്കറിയാം. എങ്കിലും പതിവുശൈലി മാറ്റാന്‍ നാം മെനക്കെടാറുമില്ല. ഒരുപക്ഷേ, പറഞ്ഞു പറഞ്ഞു ചില അസത്യങ്ങളെ സത്യങ്ങളാക്കി മാറ്റാം എന്ന തത്വവും കൂടി ഉണ്ടെന്ന് ഓര്‍ക്കുക. കുര്‍ബാനയിലേക്കുള്ള യാത്ര കാണാന്‍ പോകുന്നു എന്നതിനപ്പുറത്തേക്ക് ‘അര്‍പ്പണം’ ‘പങ്കുവയ്ക്കല്‍’ ‘പങ്കെടുക്കല്‍’ എന്നീ അര്‍ത്ഥതലങ്ങളിലേക്ക് വളരേണ്ടിയിരിക്കുന്നു. കാണാനുള്ള കണ്ണുകളോടുകൂടി പോകുമ്പോഴാണ് പള്ളിയില്‍ പലരും നമുക്ക് കെട്ടുകാഴ്ചകളായി തീരുന്നത്.
2017 ഒക്ടോബര്‍ മാസത്തില്‍ തന്‍റെ വിശുദ്ധ ബലിക്കിടെ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ വിശ്വാസികളെ ഫ്രാന്‍സിസ് പാപ്പ തിരുത്തി. മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ അതു പ്രസിദ്ധീകരിക്കുകയും ചെയ്തു. “വിശുദ്ധ കുര്‍ബാന പ്രാര്‍ത്ഥനക്കുള്ള സമയമാണ്. വി. ബലി മധ്യേ കാര്‍മ്മികന്‍ നിങ്ങളുടെ ഹൃദയങ്ങളെ ദൈവത്തിങ്കലേക്കുയര്‍ത്തൂ എന്നു പറയുന്ന സന്ദര്‍ഭമുണ്ട്; പകരം മൊബൈല്‍ ഫോണ്‍ ഉയര്‍ത്താനല്ല പറയുന്നത്. ഇത് വളരെ വേദനാജനകമായ കാര്യമാണ്.” മാധ്യമങ്ങള്‍ അണുവിട നഷ്ടമാക്കാതെ പാപ്പായുടെ ഈ വാക്കുകള്‍ സര്‍വ്വരിലുമെത്തിച്ചു. ലോകമാധ്യമങ്ങള്‍ വരെ വലിയ പ്രാധാന്യത്തോടുകൂടി പിതാവിന്‍റെ ഈ തിരുത്തല്‍ വാക്കുകളെ കണ്ടു. സമൂഹമാധ്യമങ്ങളില്‍ സജീവനായ പാപ്പയുടെ ഫെയ്സ് ബുക്ക് പേജിലും ഇത് പ്രസിദ്ധീകരിച്ചു. തുറന്ന ഹൃദയത്തോടെയാണ് വിശ്വാസസമൂഹം അത് സ്വീകരിച്ചത്. പലരും മാപ്പപേക്ഷിച്ചുകൊണ്ട് കമന്‍റുകള്‍ ഇട്ടു. ഇത് വളരെ ഹൃദ്യതയോടെ പാപ്പ സ്വീകരിക്കുകയും ചെയ്തു. സെല്‍ഫിയും, ട്വിറ്ററും, ഫെയ്സ്ബുക്കും ഒന്നും പാപ്പാക്ക് അന്യമല്ല. ഇതിലെല്ലാം സജീവനാണ്താനും പാപ്പ. ഏതു യാത്രയിലും ആരുടെ ഒപ്പവും സെല്‍ഫികള്‍ എടുക്കുന്നതിന് യാതൊരു മടിയും കാട്ടാറുമില്ല. എന്നാല്‍, മേല്‍പറഞ്ഞ പാപ്പായുടെ വാക്കുകള്‍ അദ്ദേഹത്തിന്‍റെ നിലപാടുകള്‍ വ്യക്തമാക്കുക. ആധുനിക സമ്പര്‍ക്കമാധ്യമങ്ങളുടെ കടന്നുകയറിയുള്ള ഉപയോഗത്തെ പാപ്പ നിയന്ത്രണവിധേയമാക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.
വി. കുര്‍ബാനയാണ് സഭയുടെയും കുടുംബങ്ങളുടെയും ശക്തിയും സ്രോതസുമെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വ്യക്തമായി പഠിപ്പിക്കുന്നു. ഇത് അടിസ്ഥാന കൂദാശയും ത്രിത്വത്തിന്‍റെ പൂര്‍ണ്ണതയിലുള്ള ആഘോഷവുമാണ്. ഇത് ക്രൈസ്തവജീവിതത്തിന്‍റെ കേന്ദ്രബിന്ദുവാണ്. വി. കുര്‍ബാനയില്ലാതെ സഭയുമില്ലാതെ ലോകവുമില്ല. ഇത്തരം ശക്തമായ ബോധ്യങ്ങള്‍ നമ്മുടെ ഉള്ളില്‍ ഉള്ളിടത്തോളം കാലം കാഴ്ചയുടെ മാമാങ്കമായി കുര്‍ബാനയര്‍പ്പണം തീരാനിടയാവരുത്.
ഗായകസംഘത്തിന്‍റെ ‘പ്രകടനവും’ കാതടപ്പിക്കുന്ന ശബ്ദവും എല്‍.ഇ.ഡി. ബള്‍ബുകള്‍ നിറയുന്ന ദൈവാലയ ഉള്‍വശങ്ങളും വി. കുര്‍ബാനയും വെറും കലാപരിപാടിയുടെ നിലവാരത്തിലേക്ക് താഴ്ത്തിക്കാണാനിടയാക്കും. സെല്‍ഫോണുകള്‍ ഉയര്‍ത്തിപ്പിടിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ‘കലാസംസ്കാര’ത്തിന്‍റെ ശ്രമങ്ങളെ നാം ഒരുമിച്ച് ചെറുത്ത് തോല്‍പിക്കേണ്ടിയിരിക്കുന്നു. ഇത്തരത്തിലൂടെ അന്ധകാരപ്രവണതകളെ നാം ബോധപൂര്‍വ്വം പടിക്കു പുറത്തുനിര്‍ത്തണം. മിശിഹാ രഹസ്യങ്ങള്‍, അവിടുത്തെ ജനനവും പീഡാസഹനവും കുരിശുമരണവും ഉത്ഥാനവും രണ്ടാമത്തെ ആഗമനവും അനുഷ്ഠിക്കപ്പെടുന്നത് വിശ്വാസത്തിലടിയുറച്ച ഹൃദയത്തിന്‍റെ കണ്ണുകള്‍കൊണ്ടാണ്. ക്യാമറക്കണ്ണു കൊണ്ടല്ല. രക്ഷാകര രഹസ്യങ്ങളിലേക്കുള്ള തീര്‍ത്ഥാടനമാണ് വി. കുര്‍ബാനയില്‍ നാം ആഘോഷിക്കുക. ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ഉല്ലാസയാത്രയല്ലാ അത്. ഉള്‍ക്കാഴ്ചകളിലാണ് മിശിഹാരഹസ്യങ്ങളുടെ അര്‍പ്പണം അനുഭവവേദ്യമാകുന്നത്.
ചൊല്ലിത്തീര്‍ക്കുന്ന പ്രാര്‍ത്ഥനകള്‍ക്കപ്പുറത്തേക്ക് ഹൃദയത്തിന്‍റെ ഭാഷയായി കുര്‍ബാനയിലെ പ്രാര്‍ത്ഥനകള്‍ പരിണമിക്കണം. പ്രതിസന്ധികളില്‍ പാഥേയവും മുറിവുകളില്‍ ലേപനവുമായിത്തീരേണ്ടതാണ്. ഉള്‍ക്കണ്ണുകള്‍ ഉയര്‍ത്തി ക്യാമറാക്കണ്ണുകള്‍ താഴ്ത്തി ഈ രക്ഷാകരയാത്രയില്‍ നമുക്ക് പങ്കാളിയാകണം. വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയുടെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. ഇന്ന് പാപബോധം നഷ്ടമാകുന്നത് ബലിയര്‍പ്പണങ്ങള്‍ അനുഭവവേദ്യമാകത്തക്കതും അപചയങ്ങള്‍ ഉണ്ടാവുന്നത് ബലിയുടെ ചൈതന്യം വികലമാക്കപ്പെടുന്നതും കൊണ്ടാണ്.

Leave a Reply