റുവാണ്ടയില്‍ ഉയിര്‍ത്തെഴുന്നേറ്റ രക്തപുഷ്പം – ഇമാകുലീ ഇലിബഗിസ

റുവാണ്ട എന്ന നാമം തന്നെ ഇന്ന് ലോകജനതയില്‍ ഭീതി പരത്തുന്ന ഒന്നാണ്. ആ പേര് കേള്‍ക്കുമ്പോഴേ നമ്മുടെ മനസ്സിലേക്ക് കടന്നുവരിക നിലവിളികളും രക്തചൊരിച്ചിലും ഭീതി തളംകെട്ടുന്ന ഓര്‍മ്മകളുമാണ്. പക്ഷേ, റുവാണ്ടയില്‍ ഒരു നരഹത്യ നടന്നെന്നും അത് ആയിരക്കണക്കിന് ജീവനുകളെ അപഹരിച്ചെന്നും നമ്മളെ അറിയിച്ച ഒരു ധീരവനിതയുണ്ട് അവളാണ് ഇമാകുലീ ഇലിബഗിസ. 1994 ല്‍ നടന്ന റുവാണ്ടന്‍ നരഹത്യ 2006 ല്‍ “ലെഫ്റ്റ് ടു ടെല്‍” എന്ന പുസ്തകത്തിലൂടെ ലോകത്തെ അറിയിച്ചത് ഈ ധീരവനിതയാണ്. വേദനയുറുന്ന, രക്തം കിനിയുന്ന നൊമ്പരങ്ങളുടെയും നിഷ്ഠൂരമായ നരബലിയുടെയും കഥകളാണ് ഇലിബഗിസയുടെ തൂലികയില്‍ നിന്നും ഒഴുകിയിറങ്ങിയത്. ഇത് അവളുടെ അതിജീവനത്തിന്‍റെ കഥയാണ്. കണ്ണുനീരോടുകൂടി അവള്‍ 100 ദിവസം നീണ്ട കലാപത്തെയും 800000 ത്തോളം വരുന്ന തങ്ങളുടെ കൂട്ടുകാരുടെയും ബന്ധുക്കളുടെയും കൊലപാതകങ്ങളെയും പറ്റി പ്രതിപാദിക്കുന്നു.
ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ച അവള്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കാന്‍ ഭാഗ്യം ലഭിച്ച ചുരുക്കം ചില പെണ്‍കുട്ടികളില്‍ ഒരാളാണ്. അവള്‍ക്ക് മൂന്ന് സഹോദരന്മാരുമുണ്ട്. ട്ടുട്ട്സി എന്ന ഗോത്രവിഭാഗത്തില്‍ ആണ് ഇവള്‍ ജന്മമെടുത്തത്. ഹുട്ടു എന്നു പറയുന്ന ഗോത്ര വര്‍ഗ്ഗവുമായി തര്‍ക്കങ്ങളും പ്രശ്നങ്ങളും നിലനിന്നിരുന്ന സമയമായിരുന്നു അത്. ഇമാകുലീ തന്‍റെ സ്കൂള്‍ വിദ്യാഭ്യാസവും ബിരുദപഠനവുമെല്ലാം കാലക്രമത്തില്‍ പൂര്‍ത്തിയാക്കി. ഒരു ഈസ്റ്റര്‍ദിനമാണ് അത് സംഭവിച്ചത്. ഉയിര്‍പ്പുതിരുനാളിന്‍റെ സന്തോഷവും സമാധാനവും കെടുത്തിക്കൊണ്ട് ഒരു ഗോത്രയുദ്ധം പൊട്ടിപ്പുറപ്പെട്ടു. കണ്ണില്‍ കണ്ടവരെ, ബന്ധുക്കളോ കൂട്ടുകാരോ എന്നു നോക്കാതെ അവര്‍ കൊന്നൊടുക്കി. ഇമാകുലിയും വേറെ ഏഴു സ്ത്രീകളും അത്ഭുതകരമായി ആക്രമണങ്ങളില്‍നിന്ന് രക്ഷപെട്ട് പാസ്റ്റര്‍ മുറിന്‍സിയുടെ വീട്ടില്‍ അഭയം നേടി. അദ്ദേഹം തന്‍റെ വീടിനുള്ളിലെ വളരെ ചെറിയ ഒരു കുളിമുറിയില്‍ അവരെ ഒളിപ്പിച്ചു. 91 ദിനങ്ങള്‍ അവര്‍ അതില്‍നിന്നും പുറത്തിറങ്ങാതെ കഴിച്ചുകൂട്ടി. എന്നാല്‍ ഈ സമയത്ത് ഇമാകുലി മണിക്കൂറുകള്‍ പ്രാര്‍ത്ഥനയ്ക്കായി ചിലവഴിച്ചു. പ്രത്യേകിച്ച് തങ്ങളുടെ വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനുവേണ്ടിയും അതുപോലെ തന്നെ അക്രമകാരികള്‍ മാനസാന്തരപ്പെടുന്നതിനുവേണ്ടിയും അവള്‍ പ്രാര്‍ത്ഥിച്ചു. ഈ ദിവസങ്ങള്‍ കൊണ്ട് വെറും രണ്ട് ഇംഗ്ലീഷ് പുസ്തകങ്ങളിലൂടെ അവള്‍ ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം നേടി.
ഇമാകുലിയും കൂട്ടുകാരും ഒരു ഫ്രഞ്ച് ക്യാമ്പില്‍ അഭയം തേടി. ഇതിനിടയില്‍ ഒരു സഹോദരനൊഴിച്ച് തന്‍റെ കുടുംബം മുഴുവന്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത അവളെ വേദനയിലാഴ്ത്തി. 100 ദിവസം നീണ്ടുനിന്ന കലാപത്തിന് വിരാമമായി. അഭയാര്‍ത്ഥി ക്യാംപില്‍ രണ്ട് ഭാഷകളില്‍കൂടുതലറിയാമായിരുന്ന ഏക വ്യക്തി ഇമാകുലിയായിരുന്നു. ഫ്രഞ്ചും ഇംഗ്ലീഷും അവളുടെ ഗോത്രഭാഷയും (ഗശി്യമൃംമിറമ) അവള്‍ അനായാസം കൈകാര്യം ചെയ്തു. ഇമാകുലി ഐക്യരാഷ്ട്ര സംഘടനയില്‍ ജോലിക്കപേക്ഷിക്കുകയും അവിടെ വച്ച് തന്‍റെ ഭാവി വരനായ അമേരിക്കന്‍ വംശജന്‍ ജോണിനെ കണ്ടുമുട്ടുകയും ചെയ്തു. വിവാഹശേഷം ഇമാകുലി അമേരിക്കയില്‍ താമസമാക്കി. ഈ സമയത്താണ് പുസ്തകങ്ങള്‍ രചിക്കുകയും പ്രചോദനാത്മകമായ സമാധാന സന്ദേശങ്ങളിലൂടെ പ്രസിദ്ധിയാര്‍ജിക്കുകയും ചെയ്തത്. ഇമാകുലി പങ്കുവയ്ക്കുന്ന സന്ദേശം ഇതാണ്, “ഒരുവന്‍ എത്രയേറെ മുറിവേറ്റാലും വേദനയനുഭവിച്ചാലും അവന് ക്ഷമിക്കാനായിട്ട് സാധിക്കും. അതിനുവേണ്ടി മനസ്സിനെ ഒരുക്കിയാല്‍ മതി. ക്ഷമയാണ് ഒരുവനെ ദൈവത്തിലേക്ക് നയിക്കുന്നത്. അവള്‍ തന്‍റെ കുടുംബത്തെ നാമാവശേഷമാക്കിയ കൊലപാതകികളോട് പരസ്യമായി ക്ഷമിച്ചു.”
ശത്രുവിനോട് ക്ഷമിക്കുക എന്നുള്ളത് ക്രിസ്തു ദര്‍ശനമാണ്. ക്രിസ്തുവിന്‍റെ അനുയായിക്ക് ഇത് അത്യന്താപേക്ഷിതമാണ്. നമ്മുടെ ചുറ്റുമുള്ളവരിലേക്ക് കണ്ണോടിക്കുക. അസൂയയോടും വെറുപ്പോടും, വൈരാഗ്യത്തോടുംകൂടെ അവരെ കാണാതെ, സ്നേഹത്തോടെ ഇടപഴകാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ. ഇമാകുലി ക്ഷമയുടെയും സ്നേഹത്തിന്‍റെയും സാക്ഷ്യമായി ഇന്നും ഉദിച്ചുയര്‍ന്നുനില്ക്കുന്നു.

Leave a Reply