അഞ്ച് റഷ്യൻ പോർവിമാനങ്ങൾ വെടിവെച്ചിട്ടതായി യുക്രെയ്ൻ സൈന്യം; എന്തും നേരിടാൻ തയാറെന്ന് സെലെൻസ്കി

കിയവ്: യുക്രെയ്ന്‍ പൊരുതുമെന്നും എന്തും നേരിടാന്‍ തയാറാണെന്നും പ്രസിഡന്‍റ് വ്ലാദിമിര്‍ സെലെന്‍സ്കി. റഷ്യ യുദ്ധം തുടങ്ങിയ പശ്ചാത്തലത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തില്‍ യുക്രെയ്നില്‍ ഒരു മാസത്തേക്ക് പട്ടാളനിയമം പ്രഖ്യാപിച്ചു. അഞ്ച് റഷ്യന്‍ യുദ്ധവിമാനങ്ങളും ഒരു ഹെലികോപ്ടറും വെടിവെച്ചിട്ടതായി പ്രതിരോധ സേന അവകാശപ്പെട്ടു. എന്നാല്‍, ഇക്കാര്യം റഷ്യന്‍ സേന നിഷേധിച്ചു.

റഷ്യ നിരവധി നഗരങ്ങളില്‍ ആക്രമണം നടത്തുകയാണെന്ന് പ്രസിഡന്‍റ് ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു. യുക്രെയ്നില്‍ പട്ടാള നിയമം പ്രഖ്യാപിക്കുകയാണ്. അല്‍പസമയം മുമ്ബ് യു.എസ് പ്രസിഡന്‍റ് ജോ ബൈഡനുമായി സംസാരിച്ചിരുന്നു. അന്താരാഷ്ട്ര പിന്തുണ ഉറപ്പാക്കുമെന്ന് അദ്ദേഹം വാക്കുനല്‍കി. ഇന്ന് നിങ്ങളോരോരുത്തരേയും രാജ്യത്തിന് ആവശ്യമുണ്ട്. സാധ്യമായ അത്രയും വീടുകളില്‍ തന്നെ തുടരുക. നമ്മുടെ സൈന്യവും പ്രതിരോധ വിഭാഗവും സജീവമാണ്. ആരും പരിഭ്രാന്തരാകരുത്. നമ്മള്‍ ശക്തരാണ്. നമ്മള്‍ എന്തും നേരിടും. നമ്മള്‍ എന്തിനെയും പരാജയപ്പെടുത്തും. കാരണം നമ്മള്‍ യുക്രെയ്നിയരാണ് -പ്രസിഡന്‍റ് സെലെന്‍സ്കി വിഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.

ആരും ഓടിയൊളിക്കില്ലെന്നും യുക്രെയ്ന്‍ പൊരുതി ജയിക്കുമെന്നും വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ട്വീറ്റില്‍ പറഞ്ഞു. ലോകമെമ്ബാടുമുള്ള ഉക്രെയ്നിയക്കാര്‍ നിങ്ങളുടെ രാജ്യത്ത് പുടിന്‍റെ അധിനിവേശത്തെക്കുറിച്ച്‌ ചര്‍ച്ചയാക്കുക, ഉടനടി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാറുകളോട് ആവശ്യപ്പെടുക. -അദ്ദേഹം ട്വീറ്റ് ചെയ്തു.