ലൂണയില്ലാതെ ഫൈനൽ കളിക്കാൻ ബ്ലാസ്റ്റേഴ്‌സ്

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ISL 2021-22) ഫൈനലില്‍ ഹൈദരാബാദ് എഫ്‌സിയെ (Hyderabad FC) നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് (Kerala Blasters) കനത്ത തിരിച്ചടി.

ടീമിന്റെ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയുടെ സേവനം ബ്ലാസ്റ്റേഴ്സിന് ലഭിക്കില്ല. താരത്തിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് കോച്ച്‌ ഇവാന്‍ വുകോമാനോവിച്ച്‌ (Ivan Vukomanovic). ഫൈനലിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ ആരാധകരുടെ സാന്നിധ്യം ടീമിന് ആത്മവിശ്വാസം നല്‍കുമെന്ന് കോച്ച്‌ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങള്‍… ”ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് ഇതിനോടകം പരസ്പര ധാരണയായി കഴിഞ്ഞു. അതോടൊപ്പം ആരാധകരുടെ സാന്നിധ്യവും ശക്തി വര്‍ധിപ്പിക്കുന്നു. ആരാധകര്‍ക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്. സീസണിലുടനീളം അവരുടെ സ്‌നേഹം അനുഭവിക്കാനായി. ശരിക്കും അവരോടാണ് കടപ്പെട്ടിരിക്കുന്നത്. എതിരാളികളെ ബഹുമാനിച്ച്‌ തന്നെ ഫൈനലിനിറങ്ങും. ലൂണ മെഡിക്കല്‍ സംഘത്തോടൊപ്പമാണ്. അദ്ദേഹം ഫൈനലില്‍ കളിച്ചേക്കില്ല. ഫൈനലില്‍ ആരായിരിക്കും ക്യാപ്റ്റനെന്നുള്ള കാര്യം തീരുമാനിച്ചിട്ടില്ല.” അദ്ദേഹം പറഞ്ഞു.

അതേസമയം സഹലിന്റെ പരിക്കിനെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 100 ശതമാനവും പരിക്ക് മാറിയാല്‍ മാത്രമേ സഹലിനെ കളിപ്പിക്കൂവെന്ന് കഴിഞ്ഞദിവസം അദ്ദേഹം സൂചിപ്പിച്ചിരുന്നു. സഹല്‍ ഇന്ത്യക്ക് വേണ്ടി കൂടി കളിക്കേണ്ട താരമാണ് അതുകൊണ്ട് റിസ്‌ക്കെടുക്കാന്‍ തയ്യാറല്ലെന്നായിരുന്നു കോച്ചിന്റെ പക്ഷം. സഹലിന്റെ പരിക്ക് വഷളാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സഹല്‍ കളിക്കില്ലെന്ന സൂചന അസിസ്റ്റന്റ് കോച്ച്‌ ഇഷ്ഫാഖ് അഹമ്മദും നല്‍കിയിരുന്നു.

പരിക്കേറ്റ സഹല്‍ അബ്ദുല്‍ സമദിനായി കിരീടം നേടാനുള്ള അവസരമാണ് മുന്നിലെന്ന് ഇഷ്ഫാഖ് അഹമ്മദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബ്ലാസ്റ്റേഴ്സിന്റെ മുന്‍താരം കൂടിയാണ് ഇഷ്ഫാഖ് അഹമ്മദ്. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. മൂന്നാം ഫൈനല്‍ കളിക്കുന്ന ബ്ലാസ്റ്റേഴ്സും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദും ലക്ഷ്യമിടുന്നത് കന്നിക്കിരീടമാണ്. സെമിയില്‍ ലീഗ് വിന്നേഴ്സ് ഷീല്‍ഡ് നേടിയ ജംഷഡ്പൂര്‍ എഫ് സിയെ ഇരുപാദങ്ങളിലുമായി 2-1ന് തോല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയത്.

ഹൈദരാബാദ് എഫ്സിയാകട്ടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ച്‌ ഫൈനലിലെത്തി. ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്സും ഹൈദരാബാദും ഓരോ കളിയില്‍ ജയിച്ചു. അതേസമയം, ഐഎസ്‌എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് മഞ്ഞ ജഴ്‌സി ഇടാനാവില്ല. ലീഗ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്റ് നേടിയതിനാല്‍ ഹൈദരാബാദിന് ഹോം ജേഴ്‌സിയായ മഞ്ഞ ജഴ്‌സി ധരിക്കാം.

എങ്കിലും ഗാലറിയില്‍ മഞ്ഞപ്പടയെത്തുക ബ്ലാസ്റ്റേഴ്സിന്റെ ഹോം ജഴ്സിയായ മഞ്ഞയണിഞ്ഞാവാനാണ് സാധ്യത. ഗാലറി മഞ്ഞയില്‍ കുളിച്ചുനില്‍ക്കുമ്ബോള്‍ കളത്തില്‍ കറുപ്പില്‍ നീലവരകളുള്ള ജഴ്‌സി ധരിച്ചാവും ബ്ലാസ്റ്റേഴ്‌സ് താരങ്ങളെത്തുക. ഫൈനലിന്റെ ടിക്കറ്റിനായി പൊരിഞ്ഞ പോരാട്ടമായിരുന്നു മഞ്ഞപ്പട ആരാധകര്‍ തമ്മില്‍. 18,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്റ്റേഡിയത്തിലെ മുഴുവന്‍ ടിക്കറ്റും വില്‍പനയ്ക്ക് വച്ചിരുന്നു.