മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി കേസില്ല; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കിലും ആള്‍ക്കൂട്ട നിയന്ത്രണം ലംഘിച്ചാലും ഇനി മുതല്‍ കേസെടുക്കില്ല. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്ഭല്ല സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതി.

കോവിഡ് വ്യാപനം തടയാന്‍ 2020-ലാണ് മാസ്‌കും കൂടിച്ചേരലുകള്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയിരിന്നത്. ആ ഉത്തരവിന്റെ കാലാവധി മാര്‍ച്ച് 25-ന് അവസാനിക്കുകയാണ്. ഇതിന് ശേഷം ഈ നിയന്ത്രണങ്ങള്‍ തുടരേണ്ടതില്ല എന്നാണ് നിര്‍ദേശം. കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതോടെയാണ് ഇളവുകള്‍ നല്‍കുന്നത്.

കേന്ദ്ര നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കും.