ബസ് ചാര്‍ജ്ജ് വര്‍ധനയുള്‍പ്പെടെ നിര്‍ണായക വിഷയങ്ങൾക്ക് ഇന്ന് തീരുമാനം ഉണ്ടായേക്കും; ഇടതുമുന്നണി യോഗം ഇന്ന്

തിരുവനന്തപുരം: ബസ് ചാര്‍ജ്ജ് വര്‍ധനയുള്‍പ്പെടെ നിര്‍ണായക വിഷയങ്ങള്‍ പരിഗണിച്ച്‌ ഇന്ന് ഇടതുമുന്നണി യോഗം.

ചാര്‍ജ്ജ് വര്‍ധന വേണമെന്ന് ബസ് ഉടമകള്‍ നിലപാട് കടുപ്പിച്ച സാഹചര്യത്തില്‍ ഇന്ന് ചേരുന്ന ഇടത് മുന്നണി യോഗത്തില്‍ എത്ര രൂപവരെ കൂട്ടാനാവും തീരുമാനം എടുക്കുക എന്നതാണ് ശ്രദ്ധേയമാക്കുന്നത്.

ബസ് ചാര്‍ജ് 10 രൂപയും, വിദ്യാര്‍ത്ഥികളുടെ നിരക്ക് 3 രൂപയുമാകുമെന്നാണ് സൂചന. എന്നാല്‍ മിനിമം ചാര്‍ജ്ജ് 12 രൂപയാക്കണം എന്നാണ് ബസ് ഉടമകളുടെ ആവശ്യം. ബിപിഎല്‍ കുടുംബങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. കണ്‍സഷനില്‍ വര്‍ദ്ധനവ് വരുത്തുന്ന സാചര്യത്തില്‍ ഉയരാനിടയുള്ള ബിപിഎല്‍ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സൗജന്യ യാത്രയിലൂടെ ഇല്ലാതാക്കാനാകും എന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.

അതേസമയം, കെ റെയില്‍ രാഷ്ട്രീയ വിവാദങ്ങളും യോഗത്തില്‍ ചര്‍ച്ചയായേക്കും. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സിപിഐ സ്വീകരിക്കുന്ന നിലപാട് ഉള്‍പ്പെടെ യോഗത്തില്‍ പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിന് പുറമെ പുതുക്കിയ മദ്യ നയം, രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പരസ്യമായി രംഗത്ത് എത്തിയ എല്‍ജെഡിയുടെ നിലപാട് എന്നിവയും യോഗത്തില്‍ ചര്‍ച്ചയായേക്കും. എല്‍ജെഡിക്ക് എതിരെ യോഗത്തില്‍ വിമര്‍ശനം ഉയരുമോ എന്നതും എവരും ഉറ്റുനോക്കുന്ന കാര്യമാണ്.