സംസ്ഥാനത്തെ ബസ് ചാര്‍ജ് വർദ്ധിപ്പിച്ചു,മിനിമം നിരക്ക് 10 രൂപ

സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കി എല്‍ഡിഎഫ് യോഗം.

മിനിമം നിരക്ക് നിലവിലെ 8 രൂപയില്‍ നിന്ന് 10 രൂപയായി ആണ് വര്‍ധിപ്പിക്കുന്നത്. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ തള്ളി. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്കിലും മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. നിരക്ക് വര്‍ധിപ്പിച്ച്‌ കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറക്കും. എകെജി സെന്‍ററില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം എടുത്തത്.

ബസ് ചാര്‍ജ് മിനിമം 12 രൂപയാക്കണമെന്നായിരുന്നു ബസ് ഉടമകളുടെ ആവശ്യം. ഇതിന് മുമ്ബ് ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ്സുടമകള്‍ മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഈ കൂടിക്കാഴ്ചയില്‍ വിഷയത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച്‌ സ്വകാര്യ ബസ്സുടമകള്‍ സമരവുമായി മുന്നോട്ടു പോവുകയും ചെയ്തിരുന്നു.ഇപ്പോള്‍ നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ പ്രതികരണവുമായി ബസ് ഉടമകള്‍ രംഗത്ത് എത്തിയിട്ടുണ്ട്. അതേസമയം, കണ്‍സഷന്‍ നിരക്ക് കൂട്ടാതെ ചാര്‍ജ് വര്‍ധന ഫലപ്രദമല്ലെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. നിരക്ക് വര്‍ധനവിലും ബസ്സുടമകള്‍ അതൃപ്തി പ്രകടിപ്പിച്ചു. തീരുമാനം സ്വീകാര്യമല്ലെന്നാണ് ഭൂരിഭാഗം ബസ്സുടമകളും വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങുന്നതോടെ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.