പാകിസ്താന്‍ ദേശീയ അസംബ്ലി പിരിച്ചുവിട്ടു

ഇംറാന്‍ ഖാന്റെ ശിപാര്‍ശ അംഗീകരിച്ച്‌ പാകിസ്താന്‍ ദേശീയ അസംബ്ലി പിരിച്ചുവിട്ടു. മൂന്ന് മാസത്തിനകം തെരഞ്ഞെടുപ്പ് നടക്കും.

കാവല്‍ പ്രധാനമന്ത്രിയായി ഇംറാന്‍ ഖാന്‍ തുടരും. ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച്‌ ഡെപ്യൂട്ടി സ്പീക്കര്‍ അവിശ്വാസ പ്രമേയം തള്ളിയതിന് പിന്നാലെയാണ് ഇംറാന്‍ ദേശീയ അസംബ്ലി പിരിച്ചുവിടാന്‍ പ്രസിഡണ്ട് ആരിഫ് അല്‍വിനോട് ശിപാര്‍ശ ചെയ്തത്. ഇസ്‌ലാമാബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

അവിശ്വാസ പ്രമേയ വോട്ടെടുപ്പിനായി ചേര്‍ന്ന പാക് അസംബ്ലിയില്‍ നാടകീയ രംഗങ്ങളാണുണ്ടായത്. സ്പീക്കര്‍ക്കെതിരെയും പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നു. സ്പീക്കറെ പുറത്താക്കണമെന്നായിരുന്നു ആവശ്യം. അസംബ്ലിയില്‍ നിന്ന് സ്പീക്കര്‍ ഇറങ്ങിപ്പോയി. അതിനിടെ ഇംറാനെതിരായ അവിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പ് ഭരണഘടനയുടെ അഞ്ചാം അനുച്ഛേദത്തിന് എതിരാണെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ഖാസിം ഖാന്‍ സൂരി പറഞ്ഞു. ഏപ്രില്‍ 25 വരെ വോട്ടെടുപ്പ് അനുവദിക്കാനാകില്ലെന്നും ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇതെന്നും ഡപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ഇംറാന്‍ ഖാന്‍ സഭയില്‍ ഹാജരായിരുന്നില്ല. പാകിസ്താനിലെ ജനങ്ങള്‍ക്ക് മാത്രമാണ് സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ അധികാരമെന്ന് ഇംറാന്‍ പറഞ്ഞു.

അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നടന്നിരുന്നുവെങ്കില്‍ ഇംറാന്‍ ഖാന്‍ പരാജയപ്പെടുമായിരുന്നുവെന്ന് ഏകദേശം ഉറപ്പായിരുന്നു. 176 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് പ്രതിപക്ഷം അവകാശപ്പെട്ടിരുന്നു. 342 അംഗ ദേശീയ അസംബ്ലിയില്‍ അവിശ്വാസ പ്രമേയത്തെ അതിജീവിക്കാന്‍ സര്‍ക്കാറിന് 172 അംഗങ്ങളുടെ പിന്തുണ വേണമായിരുന്നു. ഇംറാന്റെ തെഹ്‍രീകെ ഇന്‍സാഫ് പാര്‍ട്ടിക്ക് (പി.ടി.ഐ) 155 അംഗങ്ങളാണുള്ളത്.

ഏഴ് അംഗങ്ങളുള്ള മുത്താഹിദ ക്വാമി മൂവ്മെന്‍റ്-പാകിസ്താന്‍ (എം.ക്യു.എം-പി), നാല് അംഗങ്ങളുള്ള ബാലൂചിസ്ഥാന്‍ അവാമി പാര്‍ട്ടി, ഒരു അംഗമുള്ള പി.എം.എല്‍-ക്യൂ എന്നിവ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതോടെയാണ് ഇംറാന്‍റെ നില പരുങ്ങലിലായത്. പി.ടി.ഐയില്‍തന്നെ ഇംറാനോട് എതിര്‍പ്പുള്ളവരുണ്ട്.

അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നടക്കുമ്ബോള്‍ ജനങ്ങളോട് തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ ഇംറാന്‍ ഇന്നലെ ആഹ്വാനം ചെയ്തിരുന്നു. തന്നെ പുറത്താക്കാന്‍ വിദേശശക്തികള്‍ ഗൂഢാലോചന നടത്തുകയാണെന്ന ആരോപണം ഇംറാന്‍ ആവര്‍ത്തിച്ചു. പാകിസ്താനില്‍ ഒരു പ്രധാനമന്ത്രി പോലും കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ല. താന്‍ രാജി വെയ്ക്കില്ലെന്നും അവസാന പന്തു വരെ പോരാടുമെന്നും ഇംറാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയുണ്ടായി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇന്ന് ഇസ്‍ലാമാബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നഗരത്തില്‍ 10,000 സൈനികരെ വിന്യസിച്ചു.