പ്രപഞ്ചത്തിന്‍റെയും, നാം അധിവസിക്കുന്ന ഭൂമിയുടേയും അവിഭാജ്യഭാഗമാണ് മനുഷ്യന്‍. ഭൂമിയിലെ ജൈവ അജൈവ വസ്തുക്കളെ ഉപയോഗിച്ചുകൊണ്ടാണ് മനുഷ്യവര്‍ഗ്ഗം നിലനില്‍ക്കുന്നതും വളരുന്നതും. പെറ്റുപെരുകി ഭൂമിയെ രൂപാന്തരപ്പെടുത്തി ഭൂമിയെന്ന തോട്ടത്തെ കൂടുതല്‍ മനോഹരമാക്കുമ്പോഴാണ് മനുഷ്യന്‍ ആത്മസാക്ഷാത്ക്കാരം നേടുന്നത്. മനുഷ്യന് നല്‍കപ്പെട്ടതാണ് പ്രകൃതി . പ്രകൃതിയില്‍നിന്ന് മനുഷ്യന്‍ വളര്‍ത്തിയെടുക്കുന്നതാണ് സംസ്ക്കാരം.നല്‍കപ്പെട്ട പ്രകൃതിയിലെ നിഷേധാത്മകഘടകങ്ങളെ ഇല്ലാതാക്കി ഭാവാത്മക ഘടകങ്ങളെ വളര്‍ത്തുന്നതാണ് സംസ്ക്കാരം. ലൈംഗീകത പ്രകൃതിദത്തമാണ്, കുടുംബം മനുഷ്യ നിര്‍മ്മിതമാണ്; ഭാഷ പ്രകൃതിദത്തമാണ്, ലിപിയും ഗ്രാമറും മനുഷ്യനിര്‍മ്മിതമാണ്; ചെടികളില്‍ ഫലങ്ങളുണ്ടാകുക എന്നത് പ്രകൃതിദത്തമാണ്, എന്നാല്‍ ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെ ഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന കൃഷി മനുഷ്യനിര്‍മ്മിതമാണ്, സാംസ്ക്കാരികമാണ്. സാംസ്ക്കാരികമായത് ചിലപ്പോള്‍ പ്രകൃതി വിരുദ്ധമാകാം. എന്നാല്‍ എല്ലാ സാംസ്ക്കാരികവും പ്രകൃതി വിരുദ്ധമാകണമെന്നില്ല. ഉദാഹരണത്തിന് കൃഷിരീതികള്‍ മനുഷ്യനിര്‍മ്മിതമാണ്, എങ്കിലും കൃഷിരീതികളാണ് പ്രകൃതിയെ സംരക്ഷിക്കുന്നത്. ലോകത്തിലുള്ള എല്ലാ മനുഷ്യരും പ്രകൃതിയില്‍നിന്ന് ലഭിക്കുന്നത് മാത്രം ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ ജൈവസാന്നിദ്ധ്യം ഭൂമിയില്‍ ഇല്ലാതായേനെ. മനുഷ്യന്‍ കൃഷി ചെയ്ത് പ്രകൃതിയിലെ ഭക്ഷ്യവസ്തുക്കള്‍ വര്‍ദ്ധിപ്പിച്ചതുകൊണ്ടാണ് കാടുകള്‍ ഈ തലമുറയ്ക്കായി അവശേഷിച്ചിരിക്കുന്നത്. പ്രത്യേകിച്ച് ഗോത്രവര്‍ഗ്ഗപാരമ്പര്യത്തിലെ കൃഷിരീതി അവസാനിപ്പിച്ച് ഒരു സ്ഥലത്ത് താമസിച്ചുള്ള സ്ഥിരകൃഷിരീതി ആരംഭിച്ചതാണ് പ്രകൃതിയുടെ മേലുള്ള മനുഷ്യവര്‍ഗ്ഗത്തിന്‍റെ ആശ്രയവും സമ്മര്‍ദ്ദവും കുറഞ്ഞുവന്നത്.
പരിസ്ഥിതിയുടെ നാശം
മനുഷ്യന്‍ പ്രകൃതിയെ രൂപാന്തരപ്പെടുത്തി ഉപയോഗിക്കുന്നതിനുപകരം, പ്രകൃതിയില്‍നിന്ന് വിഭവങ്ങള്‍ നേരിട്ട് ഉപയോഗിക്കാന്‍ തുടങ്ങിയതോടെ പ്രകൃതി നശിക്കാന്‍ തുടങ്ങി. പ്രകൃതി മനുഷ്യന്‍റെ ഉപയോഗത്തിനുള്ള അസംസ്കൃതവസ്തുവാണെന്നും, പ്രകൃതിയുടെ അധീശന്‍ മനുഷ്യനാണെന്നുമുള്ള മനുഷ്യകേന്ദ്രീകൃതവാദം തത്വചിന്തകരും രാഷ്ട്രനേതാക്കളും പിന്‍തുടരാന്‍ ആരംഭിച്ചു. പ്രകൃതിയുടെ അധീശന്‍ ദൈവമാണെന്ന വാദത്തെ 20-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍തന്നെ മനുഷ്യന്‍ തള്ളിക്കളഞ്ഞു. പരിധിയില്ലാത്ത വികസനം രാഷ്ട്രങ്ങളുടെ അജണ്ടയായി സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ മുന്നോട്ടുവച്ചു. ഇതിന്‍റെ അനന്തരഫലമായി പ്രകൃതിയിലെ ജൈവവൈവിധ്യം നശിക്കാന്‍ തുടങ്ങി. പ്രകൃതിയില്‍ ചില അസന്തുലിതാവസ്ഥകള്‍ കാണാന്‍ തുടങ്ങി. അന്തരീക്ഷത്തെ സംരക്ഷിച്ചു നിലനിര്‍ത്തുന്ന ഓസോണ്‍ പാളിയില്‍ വിള്ളലുണ്ടായി. പുഴകളും, കടലും മാലിന്യം കൊണ്ട് നിറയാന്‍ തുടങ്ങി. മനുഷ്യന്‍ അധിവസിക്കുന്ന ഭൂമിയില്‍ മനുഷ്യവര്‍ഗ്ഗത്തിന് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുമെന്ന് മനുഷ്യന്‍ തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവ് പ്രകൃതി ദൈവമാണെന്ന വാദത്തിലേക്ക് മനുഷ്യനെ നയിച്ചു. പ്രകൃതി മാതാവാണെന്നും പ്രകൃതിയില്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നിരോധിക്കേണ്ടതാണെന്നുമുള്ള വാദം ലോകത്തില്‍ ഉയര്‍ന്നുവന്നു. ഇത്തരം സിദ്ധാന്തത്തെ വിളിക്കുന്ന പേരാണ് പ്രകൃതി കേന്ദ്രീകൃതവാദം . സംസ്ക്കാരം പ്രകൃതിക്ക് വിരുദ്ധമാണെന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. സംസ്ക്കാരം പ്രകൃതിക്ക് വിരുദ്ധമാണെന്ന് ഇക്കൂട്ടര്‍ ഉന്നയിക്കുന്നു. കുടുംബം, ലിപി, ഗ്രാമര്‍, കൃഷി, അജൈവ വളങ്ങള്‍, കീടനാശിനികള്‍ എല്ലാം ഇവര്‍ക്ക് തിന്മയാണ്. എന്നാല്‍ പാടത്തും പറമ്പിലും കീടനാശിനികള്‍ ഉപയോഗിക്കുന്നതിനെ എതിര്‍ക്കുന്ന ഇക്കൂട്ടര്‍ മനുഷ്യന്‍ വളരുന്ന സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ കീടനാശിനി ഉപയോഗിച്ച് മനുഷ്യഭ്രൂണത്തെ കൊല്ലുന്നതിനെ പ്രകൃതി വിരുദ്ധമായി കാണുന്നില്ല എന്നതാണ് ഇവരുടെ കാപട്യത്തിന്‍റെ ലക്ഷണം.
മനുഷ്യകേന്ദ്രീകൃത വീക്ഷണവും, പ്രകൃതി കേന്ദ്രീകൃതവീക്ഷണവും നാം പരിശോധിച്ചു. എന്നാല്‍ സത്യം മുകളില്‍ പറയുന്ന രണ്ടു സിദ്ധാന്തങ്ങളെ ഉള്‍ക്കൊള്ളുന്നതും, എന്നാല്‍ അതിലെ നിഷേധാത്മകഘടകങ്ങളെ തള്ളിക്കളയുന്നതുമാണ്. ഇതാണ് ഇന്ന് ലോകമെമ്പാടും അംഗീകരിക്കുന്ന സുസ്ഥിര വികസനചിന്ത . സുസ്ഥിര വികസനചിന്ത മനുഷ്യന് പ്രകൃതിയെ ഉപയോഗിക്കാതെ ജീവിക്കാന്‍ കഴിയില്ലായെന്ന് അംഗീകരിക്കുന്നു. എന്നാല്‍ അതേസമയം പ്രകൃതി ഈ തലമുറയുടേതു മാത്രമല്ല, വരാനിരിക്കുന്ന തലമുറകള്‍ക്കുക്കൂടി നിലനിര്‍ത്തേണ്ടതാണ്. ലോകത്തിലെ വ്യത്യസ്ത രാഷ്ട്രങ്ങളുടെ നേതാക്കള്‍ യു.എന്‍.ന്‍റെ നേതൃത്വത്തില്‍ ഒരുമിച്ചു ചേരുകയും തങ്ങളുടെ രാജ്യത്തില്‍ പ്രകൃതിചൂഷണം അവസാനിപ്പിക്കുമെന്ന് തീരുമാനമെടുത്തതിന്‍റേയും അനന്തരഫലമായി പ്രകൃതി സംരക്ഷണസംവിധാനങ്ങള്‍ ഓരോ രാഷ്ട്രത്തിലും രൂപം കൊണ്ടു. ഇത്തരമൊരു സംവിധാനത്തിന്‍റെ ഭാഗമായാണ് ഭാരതത്തിലെ ജൈവവൈവിധ്യങ്ങളുടെയും ജലസ്രോതസ്സിന്‍റെയും കേന്ദ്രമായ പശ്ചിമഘട്ടമലനിരകളെ കുറിച്ച് പഠിക്കാന്‍ പ്രകൃതിശാസ്ജ്ഞനായ മാധവ് ഗാഡ്ഗില്ലിന്‍റെ നേതൃത്വത്തിലുള്ള സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്. പ്രസ്തുത റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ച ചില നയങ്ങള്‍ പ്രയോഗികമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. പ്രസ്തുത റിപ്പോര്‍ട്ടില്‍ പശ്ചിമഘട്ടമലനിരകളില്‍ താമസിക്കുകയും, ജീവിക്കുകയും ചെയ്യുന്ന മനുഷ്യരെക്കുറിച്ച് ഒന്നും രേഖപ്പെടുത്തിയിട്ടില്ല. മാധവ് ഗാഡ്ഗില്ലിന്‍റെ റിപ്പോര്‍ട്ട് മനുഷ്യനെയും അവന്‍റെ പ്രവര്‍ത്തികളേയും പശ്ചിമഘട്ടത്തിന്‍റെ ഭാഗമായി കാണുന്നില്ല എന്നതാണ് പ്രസ്തുത റിപ്പോര്‍ട്ടിന്‍റെ അപാകത. ഉദാഹരണമായി കന്യാകുമാരി മുതല്‍ ഗുജറാത്ത് വരെ നീണ്ടുകിടക്കുന്ന ഒരു 8 വരിപാത പണിയണമെങ്കില്‍ പതിനായിരക്കണക്കിന് ടണ്‍ പാറ ആവശ്യമാണ്. ഇത്തരം ഒരു റോഡ് പണിയണമെന്നും അതിനാവശ്യമായ പാറക്കല്ലുകള്‍ ഖനനം ചെയ്യരുതെന്നും എങ്ങനെ ഒരേ സമയം വാദിക്കാന്‍ കഴിയും? ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥിതിയുടെ അടിത്തറ ഇരുമ്പ് / ഉരുക്ക് വ്യവസായമാണ്. ഇതിനാവശ്യമായ ഇരുമ്പയിരു ഖനനം ചെയ്യുന്നത് പശ്ചിമഘട്ട മലനിരകളില്‍ നിന്നാണ് (ഗൗറൃല ങൗസവ ജൃീഷലരേ) ഇതിനെ ഇല്ലാതാക്കി മുളകൊണ്ട് മാത്രം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ കെട്ടിപ്പെടുക്കാന്‍ കഴിയുമോ ? നര്‍മ്മദ മുതല്‍ ഇടുക്കി വരെയുള്ള വന്‍ ജലസംഭരണികളും, ജലവൈദ്യുതപദ്ധതികളും ഇന്ത്യന്‍ജനതയുടെ സാമ്പത്തികസ്രോതസ്സിന്‍റെ അടിത്തറയാണ്, ഇവയെല്ലാം ഇല്ലാതാക്കാന്‍ കഴിയുമോ? ഇന്ത്യയിലെ 10% ജനങ്ങള്‍ തങ്ങളുടെ ഉപജീവന ഉപാധി കണ്ടെത്തുന്നത് പശ്ചിമഘട്ട മലനിരകളിലാണ്, ഇതിനെ കാണാതെ പശ്ചിമഘട്ടത്തില്‍ പുലിയെയും, ആനയെയും, പുഴുവിനെയും, കിളികളെയും മാത്രം കണ്ട് എങ്ങനെ ഒരു രാഷ്ട്രീയനേതൃത്വത്തിന് തീരുമാനത്തിലെത്താന്‍ കഴിയും?
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും പ്രതിഷേധ സമരങ്ങളും
കന്യാകുമാരി മുതല്‍ ഗുജറാത്ത് വരെയുള്ള പശ്ചിമഘട്ടമലനിരകളിലെ ജൈവസമ്പത്ത് സംരക്ഷിക്കാനുള്ള ആഗ്രഹത്താല്‍ മനുഷ്യനെ മറന്ന് പ്രസ്തുത പ്രദേശം മുഴുവന്‍ പരിസ്ഥിതി ലോല പ്രദേശമാക്കണം എന്നതായിരുന്നു ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്‍റെ അനന്തരഫലമായി ചില പരിസ്ഥിതി സ്നേഹികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത്തരം നയത്തിന്‍റെ പരിമിതി മനസ്സിലാക്കി കൂടുതല്‍ മാനുഷിക പരിഗണനകള്‍ നല്‍കാന്‍ ആഗ്രഹിച്ചിട്ടാണ് കസ്തൂരിരംഗന്‍ കമ്മീഷനെ നിയമിച്ചത്. പശ്ചിമഘട്ട മലനിരകളില്‍ അനേകം മനുഷ്യവാസകേന്ദ്രങ്ങളുണ്ട്. കുമളി, മൂന്നാര്‍, കട്ടപ്പന, എരുമേലി, വാല്‍പ്പാറ, ഗൂഢലൂര്‍, ഊട്ടി, കൊടൈകനാല്‍, വയനാട്, കുദ്രെമുഖ് മുതലായ സ്ഥലങ്ങള്‍ ശാസ്ത്രീയമായി പരിസ്ഥിതിലോലപ്രദേശങ്ങളാണ്. എന്നാല്‍ അവിടെയെല്ലാം ജനവാസകേന്ദ്രങ്ങളാണ്. ഇത്തരം ജനവാസകേന്ദ്രങ്ങള്‍ മിനിമം 100 വര്‍ഷത്തെ കുടിയേറ്റ ചരിത്രമുള്ളതാണ്. പ്രസ്തുത സ്ഥലങ്ങളിലെ ജനങ്ങള്‍ നിയമാനുസൃതമായി തന്നെ, സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം, കൃഷി ആരംഭിച്ച സ്ഥലങ്ങളാണ്. ഇത്തരം സ്ഥലങ്ങളില്‍ പത്തും പതിനഞ്ചും വര്‍ഷത്തെ അദ്ധ്വാനം കൊണ്ടാണ് ഒരുവന്‍ ഉപജീവനോപാധി (ഘശ്ലഹ്യവീീറ)ക്കുള്ള സാഹചര്യം സൃഷ്ടിക്കുന്നത്. ഉപജീവനോപാധി നഷ്ടപ്പെടുകയെന്നാല്‍ ഭിക്ഷക്കാരനായി രൂപാന്തരപ്പെടുകയെന്നാണ് അര്‍ത്ഥം.
ജനവാസകേന്ദ്രങ്ങളെ പാരിസ്ഥിതിക ലോലപ്രദേശങ്ങളായി പ്രഖ്യാപിച്ചാല്‍ അനേകലക്ഷം ജനങ്ങളുടെ ഉപജീവനോപാധി നഷ്ടപ്പെടും. ഇതിനെകുറിച്ചുള്ള യാതൊന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലില്ല. ഒരു പദ്ധതി നടപ്പിലാക്കുമ്പോള്‍ അതിന്‍റെ സാമൂഹിക ആഘാതം (ടീരശമഹ ലാുമരേ) എത്രയെന്ന് ചൂണ്ടിക്കാണിക്കണം. എത്രപേര്‍ക്ക് ഉപജീവനം നഷ്ടപ്പെടും? എത്ര തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടും? എത്രത്തോളം സംസ്ഥാനവരുമാനം നഷ്ടപ്പെടും? എന്നീ കാര്യങ്ങള്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഇല്ല. കേരളത്തിലെ പശ്ചിമഘട്ടത്തെ കസ്തൂരിരംഗന്‍ രണ്ടായി വിഭജിക്കുന്നു. പ്രകൃതി ഭൂമിക,സാംസ്ക്കാരിക ഭൂമിക ഇത്തരമൊരു നാമകരണം തന്നെ നിഷേധാത്മകമാണ്. പ്രകൃതിക്കനുകൂലവും, പ്രകൃതിക്കു വിരുദ്ധവും പരിശോധിക്കുക എന്നതാണ് ഈ വര്‍ഗ്ഗീകരണത്തിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം. (ഉദാഹരണമായി പരിഷ്കൃത ബുദ്ധിജീവി വര്‍ഗ്ഗം മൃഗങ്ങളെപ്പോലെയുള്ള ലിവിങ്ങ് ടുഗെതറിനെ പ്രകൃതിജന്യമെന്നും പരമ്പരാഗത ക്രിസ്ത്യന്‍ കുടുംബജീവിതത്തെ പ്രകൃതിവിരുദ്ധമെന്നും വിളിക്കുന്നു.)
ഇത്തരം വര്‍ഗ്ഗീകരണത്തിലൂടെ പ്രസ്തുത റിപ്പോര്‍ട്ട് കുടിയേറ്റ കര്‍ഷകരെല്ലാം പ്രകൃതി വിരുദ്ധരാണെന്ന സന്ദേശം ഇപ്പോള്‍തന്നെ ലോകത്തിന് നല്‍കിക്കഴിഞ്ഞു. മാത്രമല്ല കസ്തൂരിരംഗന്‍ ഒരു പരിസ്ഥിതി ശാസ്ത്രജ്ഞനോ സാമൂഹിക ശാസ്ത്രജ്ഞനോ അല്ല, പ്രത്യുത ഭൗമശാസ്ത്രജ്ഞനാണ്. അദ്ദേഹം ആകാശനിരീക്ഷണത്തിലൂടെയാണ് കാടും/നാടും വേര്‍തിരിച്ചത് ഈ പിഴവുമൂലം റബ്ബര്‍ എസ്റ്റേറ്റുകളും, ഏലം തോട്ടങ്ങളും, കാപ്പിത്തോട്ടങ്ങളും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ വനങ്ങളായി മാറി!
മലയോര കര്‍ഷകപ്രക്ഷോഭം 2013
ജനവാസപ്രദേശങ്ങളെ വനമേഖലകളാക്കി രേഖപ്പെടുത്തി, പ്രസ്തുത പ്രദേശങ്ങളെ പരിസ്ഥിതിലോല പ്രദേശങ്ങളായി പ്രഖ്യാപിക്കും എന്ന വാര്‍ത്ത മലയോരകര്‍ഷകരുടെ ഉറക്കം കളഞ്ഞു. ഒരു പ്രദേശം പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുകയെന്നാല്‍ വനനിയമം നടപ്പിലാക്കുമെന്നാണ് അര്‍ത്ഥം. വനനിയമം ഒരു പ്രദേശത്ത് നടപ്പിലാക്കിയാല്‍ അവിടെയുള്ള കര്‍ഷകരെല്ലാം തങ്ങളുടെ ഓരോ വികസനപ്രവര്‍ത്തിക്കും കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി തേടുക എന്നതാണ്.
തൃശൂരിലുള്ള കുതിരാന്‍ തുരങ്ക നിര്‍മ്മിതിക്കായി വനത്തിലൂടെ കടന്നുപോകുന്ന 1 കിലോമീറ്റര്‍ റോഡ് പണിയാനുള്ള അനുമതിക്കായി സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രവനം മന്ത്രാലയത്തിന്‍റെ മുന്‍പില്‍ 13 വര്‍ഷമാണ് കാത്തുകിടന്നത്. സംസ്ഥാനസര്‍ക്കാരിന് തന്നെ വനനിയമം നിലനില്‍ക്കുന്ന ഒരു സ്ഥലത്ത് ഒരു റോഡ് പണിയാന്‍ അനേകവര്‍ഷം വേണമെങ്കില്‍ ഒരു സാധാരണ കര്‍ഷകന്‍റെ അവസ്ഥ എന്തായിരിക്കും. ഇത്തരം സാഹചര്യം സൃഷ്ടിക്കപ്പെട്ടാല്‍ മലയോരകര്‍ഷകര്‍ക്ക് സ്വയം തങ്ങളുടെ കൃഷി സ്ഥലങ്ങള്‍ ഉപേക്ഷിച്ചുപോകേണ്ട ഗതികേടില്‍ എത്തിച്ചേരും. ഇത് മുന്‍കൂട്ടി മനസ്സിലാക്കിയ കര്‍ഷകരാണ് 2013 ല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അതേപടി നടപ്പിലാക്കുന്നതിനെ എതിര്‍ത്തത്.
കര്‍ഷകരുടെ പ്രക്ഷോഭം ഉള്‍ക്കൊള്ളാന്‍ ഇടുക്കി എം.പി.യായ പി.ടി തോമസ് ഒഴികെയുള്ള എല്ലാ ജനപ്രതിനിധികളും തയ്യാറായി. ഇതിന്‍റെ അനന്തരഫലമായി ശ്രീ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശ്രീ ഉമ്മന്‍ വി ഉമ്മന്‍ നേതൃത്വത്തിലുള്ള ഒരു കമ്മീഷനെ നിയമിച്ചു. പ്രസ്തുത കമ്മീഷന്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ചു. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം തിരിച്ചറിഞ്ഞ് ജനസേവനമേഖലകളെ ഒഴിവാക്കി പരിസ്ഥിതിയെ സംരക്ഷിക്കുന്ന വിധത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സംസ്ഥാനസര്‍ക്കാരിനെ ചുമതലപ്പെടുത്തിയിരിക്കുന്നു.
2018 ലെ പ്രളയവും കര്‍ഷകവിരുദ്ധതയും
2018 മുതല്‍ കഴിഞ്ഞ നാലുവര്‍ഷങ്ങളായി കേരളത്തില്‍ സംഭവിക്കുന്ന അതിവൃഷ്ടി, വെള്ളപ്പൊക്കം മുതലായവയുടെ ഉത്തരവാദികള്‍ മലയോരമേഖലയിലെ കുടിയേറ്റ കര്‍ഷകരാണെന്ന് ചിലര്‍ വാദിക്കാന്‍ ആരംഭിച്ചു. അന്തരിച്ച ശ്രീ.പി.ടി. തോമസ് എം.എല്‍.എ ഇത്തരമൊരു പൊതുബോധ നിര്‍മ്മിതിക്കാവശ്യമായ ചില പ്രഭാഷണങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രക്ഷേപണം ചെയ്തു. ഇത്തരം ഒരു പൊതുബോധനിര്‍മ്മിതിയിലൂടെ കര്‍ഷകര്‍ പ്രകൃതി വിരുദ്ധരാണെന്നും കേരളം രക്ഷപ്പെടണമെങ്കില്‍ മാധവ് ഗാഡ്ഗിന്‍ റിപ്പോര്‍ട്ടുതന്നെ നടപ്പിലാക്കണമെന്നും ജനം തെറ്റിദ്ധരിച്ചിരിക്കുന്നു. എന്നാല്‍ തമിഴ്നാട്, കര്‍ണ്ണാടക മുതലായ സംസ്ഥാനങ്ങള്‍ ജനവാസമേഖലയെ പരിസ്ഥിതിലോലപ്രദേശങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ പരിശ്രമിച്ചിരുന്നു. ഊട്ടി, കൊടൈക്കനാല്‍ മുതലായ അതീവ പരിസ്ഥിതിലോല പ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങളെ അതേപടി നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിയുന്നത് മാനുഷിക പരിഗണനമൂലമാണ്.
മിന്നല്‍ പ്രളയവും മാധവ് ഗാഡ്ഗിലും
മാധവ് ഗാഡ്ഗില്ലിന്‍റെ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞതിന്‍റെ ദുരന്തമാണ് ജലപ്രളയം എന്നു ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ജലപ്രളയത്തിന്‍റെ കാരണം കാലാവസ്ഥാവ്യതിയാനമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രധാനകാരണം അന്തരീക്ഷ ഊഷ്മാവിന്‍റെ ക്രമാതീത വര്‍ദ്ധനയാണ്. ഈ വര്‍ദ്ധനവ് സംഭവിക്കുന്നത് അന്തരീക്ഷവായുവില്‍ കാര്‍ബണ്‍ സംയുക്തങ്ങളുടെ അളവ് വര്‍ദ്ധിക്കുന്നതുകൊണ്ടാണ്. ഖരമാലിന്യങ്ങള്‍ കത്തിക്കുക, ഫോസില്‍ ഫ്യൂവല്‍ ഉപയോഗിക്കുക, കല്‍ക്കരി കത്തിക്കുക, എയര്‍കണ്ടീഷണറുകള്‍ ഉപയോഗിക്കുക, വ്യവസായ ഉല്‍പ്പാദനത്തിന്‍റെ അനന്തരഫലമായി അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ തള്ളിവിടുക മുതലായവയാണ് അന്തരീക്ഷത്തില്‍ കാര്‍ബണ്‍ സംയുക്തങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നത്. കാര്‍ബണ്‍ അന്തരീക്ഷത്തില്‍ വര്‍ദ്ധിച്ചാല്‍ സൂര്യന്‍റെ ചൂട് ഭൂമിയുടെ അന്തരീക്ഷത്തില്‍ തന്നെ നിലനില്‍ക്കുകയും പ്രസ്തുത ചൂടിനെ ഇല്ലാതാക്കാന്‍ പ്രകൃതിതന്നെ ചുഴലികള്‍ സൃഷ്ടിക്കുകയും തണുത്ത വായുവിനെ ചുഴലിയിലേക്ക് വലിച്ചെടുക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയാണ് മിന്നല്‍പ്രളയങ്ങള്‍ക്ക് കാരണമാകുന്നത്. ഇതിന്‍റെ ഉത്തരവാദികള്‍ ആരാണ്? അമിതമായ ഉല്‍പാദനത്തിന്‍റെ ഉറവിടം മനുഷ്യന്‍റെ ആര്‍ത്തിപിടിച്ച ഉപഭോഗതൃഷ്ണയാണ്. കാലാവസ്ഥാവ്യതിയാനപഠനകേന്ദ്രങ്ങളുടെ കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ പ്രശ്നം സൃഷ്ടിക്കുന്നത് കേന്ദ്രീകൃത ശീതീകരണ സംവിധാനമുള്ള മാളുകളാണ് റിലയന്‍സ്, ബിഗ്ബസാര്‍, ലുലുമാള്‍ മുതലായ ആയിരക്കണക്കിന് മാളുകള്‍ സൃഷ്ടിക്കുന്ന കാര്‍ബണ്‍ സംയുക്തങ്ങള്‍ ഇല്ലാതാക്കാന്‍ ആയിരക്കണക്കിന് ഹെക്ടര്‍ വനം വച്ചുപിടിപ്പിക്കേണ്ടിവരും. ടൂറിസത്തിന്‍റെ അനന്തരഫലമായി വേമ്പനാട്ടുകായലിലും, കുട്ടനാടന്‍ പ്രദേശങ്ങളിലും സഞ്ചരിക്കുന്ന ബോട്ടുകളില്‍നിന്ന് പുറത്തുപോകുന്ന എണ്ണ (ഡീസല്‍) ജലോപരിതലത്തില്‍ നില്‍ക്കുന്നതുകൊണ്ട് കായലിലെ മത്സ്യസമ്പത്ത് നശിച്ചുപോകുന്നു. ഫാക്ടറികളില്‍നിന്ന് മലിനജലം പുഴയിലേക്ക് ഒഴുകുന്നതുകൊണ്ട് ശുദ്ധജലം മനുഷ്യന് അപ്രാപ്യമാകുന്നു.
കാലാകാലങ്ങളില്‍ പുഴകളിലും ഡാമുകളിലും അടിഞ്ഞുകൂടുന്ന മണലും എക്കലും വൃത്തിയാക്കാത്തതുകൊണ്ട് അതിവൃഷ്ടി ഞൊടിയിടയില്‍ വെള്ളപ്പൊക്കമായി മാറുന്നു.
അമിതമായി ഉച്ചഭാഷിണികളും, ഹോണ്‍ മുഴക്കങ്ങളും കാരണം ശബ്ദമലീനികരണം സംഭവിക്കുന്നു. ഉത്സവാഘോഷങ്ങളിലെ അമിതമായ കരിമരുന്ന് പ്രയോഗം അന്തരീക്ഷത്തില്‍ കാര്‍ബണ്‍ വര്‍ദ്ധിപ്പിക്കുന്നു. ഇവയൊക്കെ മേഘവിസ്ഫോടനത്തിനും അതിവൃഷ്ടിക്കും ജൈവവൈവിധ്യത്തിന്‍റെ തകര്‍ച്ചയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമായിരിക്കെ കേരളത്തിലെ പൊതുബോധം ڇമലയോരകര്‍ഷകര്‍ മാത്രം പ്രകൃതിവിരുദ്ധര്‍ڈ എന്ന കേന്ദ്രത്തിലേക്ക് മലയാളികളുടെ ചിന്ത ചുരുങ്ങിപ്പോയത് എന്തുകൊണ്ടാണ് ? ലോകം മുഴുവനിലുള്ള ഓരോ വ്യക്തിയും കാലാവസ്ഥാ വ്യതിയാനത്തിന്‍റെ കാരണക്കാരായിരിക്കെ ഒരുവിഭാഗം ജനത്തെ മാത്രം ബലിയാടാക്കുന്നത് തെറ്റാണ്.
ക്യോട്ടോ സമ്മേളനവും കാര്‍ബണ്‍ കച്ചവടവും
അന്തരീക്ഷത്തിലെ വാതകങ്ങളില്‍ കാര്‍ബണ്‍ സംയുക്തങ്ങളുടെ അളവ് വര്‍ദ്ധിച്ചാല്‍ കാലാവസ്ഥാവ്യതിയാനം സംഭവിക്കുമെന്ന് 20-ാം നൂറ്റാണ്ടിന്‍റെ അവസാന ശതകങ്ങളില്‍ തന്നെ ലോകം കണ്ടെത്തി. ഇത്തരം വാതകങ്ങള്‍ക്ക് ഗ്രീന്‍ഹൗസ് വാതകങ്ങള്‍ എന്ന് രസതന്ത്രജ്ഞന്മാര്‍ പേര് നല്‍കി. മിഥേന്‍,കാര്‍ബണ്‍ ഡൈ ഓക്സൈഡ്, നൈട്രസ് ഓക്സൈഡ് , ഹൈഡ്രോ ഫ്ളുറോ കാര്‍ബണ്‍സ് സള്‍ഫര്‍ ഹൈഡ്രോ ഫ്ളൂറൈഡ് എന്നിവയാണ് അവ. ഈ വാതകങ്ങള്‍ അന്തരീക്ഷത്തില്‍ വര്‍ദ്ധിച്ചാല്‍ അന്തരീക്ഷതാപം വര്‍ദ്ധിക്കുകയും ആര്‍ട്ടിക്, അന്‍റാര്‍ട്ടിക് പ്രദേശങ്ങളില്‍ മഞ്ഞുമലകള്‍ ഉരുകുകയും സമുദ്രനിരപ്പ് ഉയരുകയും ചെയ്യും. ഇതുമൂലം കടലോരമേഖലയിലെ ജനങ്ങള്‍ അവിടം വിട്ട് പോകേണ്ടി വരികയും, അവരുടെ ഉപജീവനോപാധി നഷ്ടപ്പെട്ട് ഭിക്ഷക്കാരായി മാറുകയും ചെയ്യും. ഓഖിപോലുള്ള ദുരന്തങ്ങള്‍, കാലാവസ്ഥാവ്യതിയാനത്തിന്‍റെ അനന്തരഫലമാണ്.
ഇക്കാര്യം മനസ്സിലാക്കിയ ലോകരാഷ്ട്രങ്ങളിലെ ശാസ്ത്രീയ, സാമൂഹിക നേതാക്കള്‍ 1997-ല്‍ ജപ്പാനിലെ ക്യോട്ടോ എന്ന സ്ഥലത്ത് ഒരുമിച്ച് കൂടുകയും എല്ലാ രാജ്യങ്ങളും പാലിക്കേണ്ട ചില ചട്ടങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഗ്രീന്‍ ഹൗസ് വാതകങ്ങള്‍ അന്തരീക്ഷത്തിലേക്ക് കടത്തിവിടുന്നത് 1997 -ലെ അവസ്ഥയില്‍ നിന്ന് 2005 എത്തുമ്പോഴേക്കും കാര്യമായി കുറയ്ക്കാമെന്ന് വ്യത്യസ്ഥ രാജ്യങ്ങള്‍ പ്രതിജ്ഞ ചെയ്തു.
എങ്ങനെയാണ് ഗ്രീന്‍ഹൗസ് വാതകങ്ങളുടെ അളവ് കുറയ്ക്കുക? അതിന് അനേകം മാര്‍ഗ്ഗമുണ്ടെങ്കിലും പ്രധാനമായ ഒരു മാര്‍ഗ്ഗമാണ് കാര്‍ബണ്‍ കച്ചവടം. ഗ്രീന്‍ഹൗസ് വാതകങ്ങള്‍ ഏത് രാജ്യത്തുനിന്ന് അന്തരീക്ഷത്തിലേക്ക് തള്ളിവിട്ടാലും അത് ലോകം മുഴുവന്‍ വ്യാപിക്കുന്നു. ഉപ്പ് വെള്ളത്തിലിട്ടാല്‍, വെള്ളം മുഴുവന്‍ ഉപ്പുവെള്ളമാകുന്നതുപോലെ അമേരിക്കയില്‍ ഗ്രീന്‍ഹൗസ് വാതകങ്ങള്‍ അന്തരീക്ഷത്തിലേക്ക് കടത്തിവിട്ടാല്‍ നമ്മുടെ വീടിന് മുകളിലുള്ള അന്തരീക്ഷത്തിലും അത് എത്തിച്ചേരുന്നു. ഇതിനെ മറികടക്കാനുള്ള ഒരു മാര്‍ഗ്ഗമാണ് കാര്‍ബണ്‍ ഫിക്സിങ്ങ്. കാര്‍ബണ്‍ സംയുക്തങ്ങളെ ഇല്ലാതാക്കുന്ന പ്രധാന മാര്‍ഗ്ഗമാണ് മരങ്ങള്‍. മരങ്ങളുടെ പുതുനാമ്പുകളാണ് കാര്‍ബണ്‍ സംയുക്തങ്ങളെ ഇല്ലാതാക്കി ഓക്സിജന്‍ സൃഷ്ടിക്കുന്നത്. അതുകൊണ്ട് കര്‍ഷകരാണ് യഥാര്‍ത്ഥത്തില്‍ ഗ്രീന്‍ഹൗസ് വാതകങ്ങളെ പ്രതിരോധിക്കുന്ന പടയാളികള്‍; അല്ലാതെ പരിസ്ഥിതി പ്രവര്‍ത്തകരോ, ശാസ്ത്രജ്ഞന്മാരോ അല്ല. മാധവ് ഗാഡ്ഗില്ലും കസ്തൂരി രംഗനും ശീതീകരിച്ച മുറികളിലിരുന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് എഴുതിയുണ്ടാക്കുമ്പോള്‍, ശീതീകരിച്ച മുറിയില്‍ നിന്നുവരുന്ന ഗ്രീന്‍ഹൗസ് വാതകങ്ങളെ ഇല്ലായ്മ ചെയ്യുന്നത് പശ്ചിമഘട്ട മലനിരകളിലെ കൃഷിക്കാര്‍ സൃഷ്ടിക്കുന്ന ചെടികളിലെ പുതുനാമ്പുകളാണ്.
അമേരിക്ക, ബ്രിട്ടന്‍, ചൈന, കാനഡ പോലുള്ള രാജ്യങ്ങള്‍ക്ക് ഇക്കാര്യം അറിയാം. അവര്‍ അവരുടെ വ്യവസായ ഉല്പാദനം കുറച്ച് ഗ്രീന്‍ഹൗസ് വാതകങ്ങള്‍ കുറയ്ക്കാന്‍ തയ്യാറല്ല. അത്തരം പ്രക്രിയ അവരുടെ സാമ്പത്തിക വരുമാനവും, ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗങ്ങളും തകര്‍ക്കും. അതിനാല്‍ ഉല്പാദനം കുറയ്ക്കാതെതന്നെ, ഗ്രീന്‍ഹൗസ് വാതകങ്ങള്‍ അന്തരീക്ഷത്തിലേക്ക് തള്ളിവിടുന്നത് കുറയ്ക്കാതെ തന്നെ, ക്യോട്ടോ പ്രോട്ടോകോള്‍ പാലിക്കാന്‍ അവര്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് കാര്‍ബണ്‍ ക്രെഡിറ്റും, കാര്‍ബണ്‍ കച്ചവടവും.
ഉദാരഹണമായി 100 യൂണിറ്റ് ഗ്രീന്‍ഹൗസ് വാതകം അമേരിക്ക അന്തരീക്ഷത്തിലേക്ക് തള്ളിവിടുകയും അതിന് പരിഹാരമായി 100 യൂണിറ്റ് ഗ്രീന്‍ഹൗസ് വാതകം ഇല്ലാതാക്കാന്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയും ചെയ്താല്‍ അമേരിക്കയുടെ കണക്കില്‍ ഗ്രീന്‍ഹൗസ് വാതകം അന്തരീക്ഷത്തിലേക്ക് തള്ളിവിട്ടത് പൂജ്യമായി കണക്കാക്കും. അതിനായി മരങ്ങള്‍ അമേരിക്കയില്‍ തന്നെ നട്ടുപിടിപ്പിക്കണമോ? വേണമെന്നില്ല, ലോകത്തില്‍ എവിടെയായാലും മതി. അമേരിക്കയില്‍ ഒരു മരംവയ്ക്കാന്‍ 500 രൂപയാണെന്ന് കരുതുക, ഇന്ത്യയില്‍ ഒരു മരംവയ്ക്കാന്‍ 50 രൂപയാണെന്ന് കരുതുക. ഇന്ത്യയും അമേരിക്കയുമായി ഒരു കരാര്‍ ഉണ്ടാക്കുക. ഒരു മരം അമേരിക്കയുടെ എക്കൗണ്ടില്‍ ഇന്ത്യക്കാര്‍ ഇന്ത്യയില്‍ നടുക. അപ്പോള്‍ അമേരിക്കയ്ക്ക് 400 രൂപ ലാഭം. ഇന്ത്യയ്ക്ക് 50 രൂപ ലാഭം. ഇത്തരത്തില്‍ കച്ചവടം നടത്തുന്ന രണ്ടുപേര്‍ക്കും ലാഭമുണ്ടാകുന്ന നയം നടപ്പിലാക്കുന്ന പ്രക്രിയയാണ് കാര്‍ബണ്‍ കച്ചവടം. ഇതിനായി ഇന്ത്യ എത്ര രൂപ വിദേശത്തുനിന്ന് വാങ്ങിയിട്ടുണ്ട്? സുതാര്യമായ ഒരു കണക്ക് ഇന്ത്യാ ഗവണ്‍മെന്‍റും, കേരള സര്‍ക്കാരും, പുറത്തുവിടണം. കാര്‍ബണ്‍ കച്ചവടത്തിനായി സര്‍ക്കാര്‍ വാങ്ങിച്ച പണം വകമാറി ചെലവു ചെയ്തതിനുശേഷം, വനം വച്ചുപിടിപ്പിച്ചു എന്ന കണക്ക് കൊടുക്കാന്‍ വേണ്ടി, നാടിനെ കാടാക്കി വിദേശികളെ കബളിപ്പിക്കാനാണ് കസ്തൂരിരംഗന്‍ ശ്രമിക്കുന്നതെന്ന ഹൈറേഞ്ച് സംരക്ഷണസമിതിയുടെ ആരോപണത്തില്‍ കഴമ്പുണ്ടോ? ഇതറിയണമെങ്കില്‍ “എന്‍റെ മരം” എന്ന പേരില്‍ സര്‍ക്കാര്‍ നടത്തിയ വനവത്ക്കരണത്തിന്‍റെ ഫലക്ഷമതാ റിപ്പോര്‍ട്ട് പുറത്തുവിടണം. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഫലക്ഷമതയില്ലെങ്കില്‍ ഹൈറേഞ്ച് സംരക്ഷണസമിതിയുടെ വാദങ്ങള്‍ ശരിയാണ്.
രാഷ്ട്രീയക്കാരുടെ ശ്രദ്ധയ്ക്ക്
സാങ്കേതിക വിദഗ്ദര്‍ നല്‍കുന്ന പദ്ധതികള്‍ അതേപടി നടപ്പിലാക്കാന്‍ സര്‍ക്കാരിന്‍റെ ആവശ്യമില്ല. അത്തരം പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ജനങ്ങളുടെ ജീവനോപാധിയും, അതിജീവന സാഹചര്യവും നഷ്ടപ്പെടുന്നതും അവര്‍ പരിശോധിക്കണം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും, കെ.റെയില്‍ പദ്ധതിയും, വിഴിഞ്ഞം തുറമുഖവും, വനനിയമവും, തീരദേശ സംരക്ഷണനിയമവും സാങ്കേതികമായി നല്ലതായിരിക്കാം. എന്നാല്‍ അതുണ്ടാക്കുന്ന സാമൂഹിക ആഘാതം എത്രയാണെന്ന് പരിശോധിക്കേണ്ടത് സാമൂഹികശാസ്ത്രജ്ഞന്മാരാണ്. വനനിയമം നടപ്പിലാക്കിയപ്പോള്‍ ആദിവാസികള്‍ ഇല്ലാതായി. ഗയില്‍ വാതക പൈപ്പ് സ്ഥാപിച്ചപ്പോള്‍ അനേകം പേരെ കുടിയിറക്കി. ഇവരെ സംരക്ഷിക്കാനുള്ള സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുക്കാത്ത രാഷ്ട്രീയനേതൃത്വം അതിന്‍റെ ധര്‍മ്മത്തില്‍നിന്ന് വളരെ അകലെയാണ്. വ്യത്യസ്ഥ സര്‍ക്കാര്‍ നയങ്ങള്‍ നടപ്പിലാകുമ്പോള്‍ ഉപജീവനോപാധി നഷ്ടപ്പെടുന്നവരെ സംരക്ഷിക്കാന്‍, ഉപജീവനോപാധി നിയമം പാസ്സാക്കാന്‍ നിയമസഭകള്‍ തയ്യാറാകണം. മാത്രമല്ല അത്തരം വികസനപ്രവര്‍ത്തനങ്ങളില്‍ കുടിയിറക്കപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കി തീര്‍ക്കാതെ മറ്റൊരു പദ്ധതി ആരംഭിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ അതിനെ ശക്തിയുക്തം എതിര്‍ക്കാന്‍ പൊതുസമൂഹവും, കോടതികളും മുന്നോട്ടുവരണം. ഏതൊരു നയത്തിനും, പദ്ധതിക്കും പരിസ്ഥിതി ആഘാതം മാത്രമല്ല സാമൂഹിക ആഘാതവും കൂടിയുണ്ടെന്ന് ചിന്തിക്കുന്ന പൗരമുഖ്യന്മാര്‍ കേരളത്തില്‍ ഉണ്ടാകട്ടെ.
- ഗുജറാത്തില്‍ കെമിക്കല്‍ ഫാട്കടറിയില് വന്‍ സ്ഫോടനം,ആറ് മരണം
- സംസ്ഥാനത്ത് ഇന്നും മഴ കനക്കും; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്