പി.എസ്.എൽ.വി ഇനി സ്വകാര്യ കമ്ബനികൾ നിർമിക്കും

തിരുവനന്തപുരം: രാജ്യത്തെ ബഹിരാകാശ മേഖല സ്വകാര്യ കമ്ബനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തുറന്നുകൊടുത്തതോടെ ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനം പി.എസ്.എല്‍.വിയുടെ നിര്‍‍മാണം ഇനി ഐ.എസ്.ആര്‍.ഒയുടെ പുറത്തേക്ക്.

പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡ് (ഹാല്‍), സ്വകാര്യമേഖലയിലെ വമ്ബനായ ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ (എല്‍ ആന്‍ഡ് ടി) ലിമിറ്റഡ് സഖ്യമായിരിക്കും ചരിത്രത്തിലാദ്യമായി ഐ.എസ്.ആര്‍.ഒക്കുവേണ്ടി അഞ്ച് പി.എസ്.എല്‍.വി റോക്കറ്റുകള്‍ നിര്‍മിക്കുക. ഇതുസംബന്ധിച്ച കരാര്‍ നടപടികള്‍ രണ്ടുമാസത്തിനകം പൂര്‍ത്തിയാകുമെന്ന് ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍ അറിയിച്ചു. ബഹിരാകാശ മന്ത്രാലയത്തിനു കീഴില്‍ സ്വയംഭരണാവകാശ സ്ഥാപനമായ ഇന്‍- സ്പേസിനായിരിക്കും നിര്‍മാണ മേല്‍നോട്ടം.

നേരത്തേ റോക്കറ്റ് നി‌ര്‍മാണത്തിന് സ്വകാര്യ മേഖലയെ ക്ഷണിച്ചു പുറത്തിറക്കിയ വിജ്ഞാപനത്തില്‍ മൂന്ന് കമ്ബനികളാണ് താല്‍പര്യമറിയിച്ച്‌ രംഗത്തെത്തിയത്. ഇതില്‍ ഹാല്‍- എല്‍ ആന്‍ഡ് ടി സഖ്യം അഞ്ച് റോക്കറ്റുകള്‍ക്കായി 825 കോടി ക്വോട്ട് ചെയ്തപ്പോള്‍, ബെല്‍ – അദാനി ഡിസൈന്‍ – ബി.ഇ.എം.എല്‍ കണ്‍സോര്‍ട്ടിയം 1218 കോടിയും ഭെല്‍ 1129 കോടിയും മുന്നോട്ടുവെച്ചതാണ് സൂചന. കുറഞ്ഞ തുക ക്വാട്ട് ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് ഹാല്‍-എല്‍ ആന്‍ഡ് ടി സഖ്യത്തിന് കരാര്‍ ലഭിക്കുന്നത്. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡും എല്‍ ആന്‍ഡ് ടിയും വര്‍ഷങ്ങളായി ഐ.എസ്.ആര്‍.ഒയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്.

പി.എസ്.എല്‍.വിയുടെ പലഭാഗങ്ങളും ഇരുസ്ഥാപനങ്ങളും നിലവില്‍ നിര്‍മിച്ച്‌ നല്‍കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ ‘പുതിയ സംഖ്യം’ഐ.എസ്.ആര്‍.ഒക്ക് തലവേദനയാകില്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കരാര്‍ ഒപ്പിട്ട് 24 മാസത്തിനുള്ളില്‍ ആദ്യ റോക്കറ്റ് പുറത്തിറങ്ങും. 2025-26കളിലായിരിക്കും മറ്റ് നാല് റോക്കറ്റുകളുടെയും നിര്‍മാണം പൂര്‍ത്തീകരിക്കുക.

ഐ.എസ്.ആര്‍.ഒ ഇതുവരെ വികസിപ്പിച്ച വിക്ഷേപണ വാഹനങ്ങളില്‍ ഏറ്റവും മികച്ച ട്രാക്ക് റെക്കോഡുള്ള റോക്കറ്റാണ് പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ ( പി.എസ്.എല്‍.വി). ലോകത്തെ ചെലവു കുറഞ്ഞതും ഏറ്റവും മികച്ചതുമായ വിക്ഷേപണ റോക്കറ്റാണിത്. ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച്‌ 54 പി.എസ്.എല്‍.വി വിക്ഷേപണങ്ങള്‍ നടന്നിട്ടുണ്ട്.

ഇതില്‍ 1993 ലെ ആദ്യ പറക്കലും 2017 ലെ 41ാം പറക്കലുമൊഴികെ 51 വിക്ഷേപണങ്ങളും സമ്ബൂര്‍ണ വിജയമായിരുന്നു. ഒരു ദൗത്യം ഭാഗിക വിജയമായിരുന്നു. ഗതിനിര്‍ണയത്തിനുള്ള ഇന്ത്യയുടെ ഏഴ് ഐ.ആര്‍.എന്‍.എസ്.എസ് ഉപഗ്രഹങ്ങളെ ബഹിരാകാശ പഥങ്ങളിലെത്തിച്ചത് പി.എസ്.എല്‍.വികളാണ്. ചന്ദ്രയാന്‍ 1-ഉം മംഗള്‍യാനും വിക്ഷേപിച്ച ഈ ‘ആകാശക്കുതിര’2017 ഫെബ്രുവരി 15ന് ഒറ്റക്കുതിപ്പിന് 104 ഉപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിച്ച്‌ ലോക റെക്കോഡ് സൃഷ്ടിച്ചിരുന്നു.

പി.എസ്.എല്‍.വിക്ക് പുറമെ, സ്വകാര്യ മേഖലയുമായി സഹകരിച്ച്‌ ചെറുകിട ഉപഗ്രഹ വിക്ഷേപണ വാഹനത്തിന്‍റെ (എസ്.എസ്.എല്‍.വി) നിര്‍മാണവും സ്വകാര്യമേഖലയെ ഏല്‍പ്പിക്കാന്‍ ഐ.എസ്.ആര്‍.ഒ ലക്ഷ്യമിടുന്നുണ്ട്. താഴ്ന്ന ഭ്രമണപഥങ്ങളില്‍ 500 കിലോയും ഉയര്‍ന്ന ഭ്രമണപഥങ്ങളില്‍ 300 കിലോയും വരെ എത്തിക്കാന്‍ എസ്.എസ്.എല്‍.വിക്ക് കഴിയും. ഉപഗ്രഹ വിക്ഷേപണത്തിലൂടെ രാജ്യത്തിന് കോടികള്‍ നേടിത്തരുന്ന ഈ റോക്കറ്റിന്‍റെ (എസ്.എസ്.എല്‍.വി-ഡി1) ആദ്യവിക്ഷേപണം മേയില്‍ സാധ്യമാകുന്ന പ്രതീക്ഷയിലാണ് ഐ.എസ്.ആര്‍.ഒ. അതിനു ശേഷമാകും സ്വകാര്യ കമ്ബനികള്‍ക്ക് സാങ്കേതികവിദ്യ കൈമാറുക.