സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷാ തീയതിയില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷാ തീയതിയില്‍ മാറ്റം. പ്ലസ് വണ്‍ മാതൃകാ പരീക്ഷ ‌ ജൂണ്‍ 2ന് തുടങ്ങും.

പ്ലസ് വണ്‍ പൊതു പരീക്ഷ ജൂണ്‍ 13 മുതല്‍ 30 വരെ നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഒന്നാം ക്ലാസ് പ്രവേശനം ഏപ്രില്‍ 27 മുതല്‍ ആരംഭിക്കും. ജൂണ്‍ ഒന്നിന് പ്രവേശനോത്സവം നടത്തും.

ഫോക്കസ് ഏരിയ ആശങ്ക വേണ്ട. പ്ലസ് വണ്‍ പരീക്ഷയ്ക്ക് ഫോക്കസ് ഏരിയ ഇല്ല. ഈ സൗകര്യം കൂടി നോക്കിയാണ് പരീക്ഷ നീട്ടിയത്.

മെയ് രണ്ടാം വാരം മുതല്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. അക്കാദമിക് നിലവാരം മെച്ചപ്പെടുത്താനാണ് പരിശീലനം. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസ്സുകളിലായുള്ള 1.34 ലക്ഷം അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കുന്നത്. പാഠപുസ്തകങ്ങള്‍ അച്ചടി പൂര്‍ത്തിയായി വിതരണത്തിന് തയ്യാറായി. ഏപ്രില്‍ 28ന് പാഠപുസ്തക വിതരണം ഉദ്‌ഘാടനം ചെയ്യും. അക്ഷരമാല പുതിയ പാഠപുസ്തകങ്ങള്‍ക്ക് ഒപ്പം ഉണ്ടാകും. അതിനായി ശ്രമിക്കുന്നു.

7077 സ്‌കൂളുകളില്‍ 9,57,060 കുട്ടികള്‍ക്ക് കൈത്തറി യൂണിഫോമുകള്‍ വിതരണം ചെയ്യും. മെയ് 6ന് സംസ്ഥാനതല ഉദ്‌ഘാടനം നടക്കും. യൂണിഫോം ജെണ്ടര്‍ അതത് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം. വിവാദമാകുന്നവ പാടില്ല. കുട്ടികള്‍ക്ക് സൗകര്യപ്രദം ആവുന്നത് തീരുമാനിക്കുന്നതാണ് നല്ലത്.

അടുത്ത വര്‍ഷം എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് മാന്വല്‍ തയാറാക്കും. സ്‌കൂള്‍ മാന്വല്‍ സ്‌കൂള്‍ നടത്തിപ്പിന് തയ്യാറാക്കും. ഇതു സംബന്ധിച്ച്‌ കൂടിയാലോചന നടത്തി തീരുമാനമെടുക്കും. സ്‌കൂളുകള്‍ക്ക് മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കും. ഓരോ മേഖലയ്ക്കും ഉചിതമായ രീതിയില്‍ മാന്വല്‍ തയാറാക്കും. എല്ലാ സ്‌കൂളുകളിലും പൂര്‍വ വിദ്യാര്‍ത്ഥി സംഘടനകള്‍ രൂപീകരിക്കും. 12,306 സ്‌കൂളുകളില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യും. ആഴ്ചയില്‍ 2 ദിവസം പാല്‍, ഒരു ദിവസം മുട്ട, നേന്ത്രപ്പഴം എന്നിങ്ങനെ നല്‍കും. എല്ലാ ദിവസവും നല്‍കാന്‍ ശ്രമിക്കും. ആഹാരം മെച്ചപ്പെടുത്തും.
സ്‌കൂളുകളില്‍ പച്ചക്കറി തോട്ടങ്ങള്‍ തയ്യാറാക്കും. സോഷ്യല്‍മീഡിയ വഴി ഉള്‍പ്പടെ ഉള്ള വ്യാജവര്‍ത്തകള്‍ക്ക് എതിരെ ബോധവല്‍ക്കരണം നടത്തും. കുട്ടികളിലെ ആത്മഹത്യ ഇല്ലാതാക്കാന്‍ പദ്ധതി തയ്യാറാക്കും.

പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം സംബന്ധിച്ച സമരം ആവശ്യമില്ലാത്തതാണ്. നോക്കേണ്ട പേപ്പറുകളുടെ എണ്ണം ഉയര്‍ത്തിയത് പുനഃക്രമീകരിച്ചു.
സമരക്കാരുടെ ആവശ്യം അംഗീകരിച്ചു. പ്രതിഫലം വര്‍ധിപ്പിക്കണം എന്ന ആവശ്യം പരിഗണനയിലാണ് എന്നും മന്ത്രി പറഞ്ഞു