പി.സി. സിറിയക് ഐ.എ.എസ് (റിട്ട.)
നാണ്യവിളകളുടെ വിലത്തകര്‍ച്ച, കാലാവസ്ഥാവ്യതിയാനം, വന്യമൃഗശല്യം, തൊഴിലാളിക്ഷാമം, പ്രകൃതിക്ഷോഭം, ഉയരുന്ന ഉല്പാദനച്ചെലവ്, കപടപരിസ്ഥിതി വാദം, കടക്കെണി, പട്ടയപ്രശ്നം ഇവയെല്ലാം കേരളത്തിന്‍റെ മലനാട്ടിലും, ഇടനാട്ടിലും, തീരപ്രദേശത്തുമുള്ള കര്‍ഷകരുടെ നിലനില്പിനെത്തന്നെ ചോദ്യംചെയ്യുകയാണ്.
പോരാളികളായ കര്‍ഷകര്‍
ഡല്‍ഹിയിലെ സമരഭൂമിയില്‍, കഠിനമായ ശൈത്യവും, അതുകഴിഞ്ഞ് അതിരൂക്ഷമായ ചൂടും, ഘോരമഴയും വകവയ്ക്കാതെ ഒരു കൊല്ലക്കാലം തമ്പടിച്ച് ധീരസമരം നടത്തി, ഐതിഹാസികമായ വിജയം നേടിയ നമ്മുടെ ഉത്തരേന്ത്യന്‍ കര്‍ഷക സഹോദരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍! സമരഭൂമിയില്‍ വീണുമരിച്ച എഴുന്നൂറോളം പോരാളികള്‍ക്ക് നമോവാകം! ഉത്തരേന്ത്യന്‍ കര്‍ഷകരെ അംബാനി/അദാനിമാര്‍ക്കും, അവര്‍ പ്രതിനിധാനം ചെയ്യുന്ന ചങ്ങാത്ത മുതലാളിത്തത്തിനും കാഴ്ചവയ്ക്കാന്‍ വേണ്ടി മോദിസര്‍ക്കാര്‍ പടച്ചുവിട്ട മൂന്ന് കാര്‍ഷികനിയമങ്ങളും പിന്‍വലിച്ചെങ്കിലും കര്‍ഷകരുടെ ഒരു പ്രധാന ആവശ്യമായ എം.എസ്സ്.പി. എന്ന താങ്ങുവില ഉറപ്പാക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
രാജ്യത്തിന്‍റെ പകുതി കര്‍ഷകരാണ്
രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും തീറ്റിപ്പോറ്റുകയും, സുഗന്ധവിളകള്‍ ഉല്പാദിപ്പിച്ച് കയറ്റുമതി ചെയ്ത് വിദേശനാണ്യം ലഭ്യമാക്കുകയും, പ്രധാന വ്യവസായങ്ങളായ തുണി, റബ്ബര്‍/ടയര്‍, പഞ്ചസാര മുതലായവ ലാഭകരമായി പ്രവര്‍ത്തിക്കാനാവശ്യമായ അസംസ്കൃതപദാര്‍ത്ഥങ്ങള്‍ നല്ല ഗുണനിലവാരത്തോടെ ഉല്പാദിപ്പിക്കുകയും ചെയ്യുന്നവരാണ് നമ്മുടെ കര്‍ഷകര്‍. ഇന്‍ഡ്യയിലെ 135 കോടി ജനങ്ങളില്‍ പകുതിപ്പേരും കാര്‍ഷികമേഖലയിലാണ് തൊഴില്‍ കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ക്ക് അര്‍ഹമായ പരിഗണന ഇതുവരെ നമ്മുടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍നിന്നും ലഭിക്കുന്നില്ല. കര്‍ഷകസംഘടനകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച് ശക്തമാകേണ്ടതിന്‍റെ ആവശ്യം വളരെ പ്രസക്തം.
ഇന്‍ഫാം എന്ന താങ്ങുമരം
കേരളത്തിലാണെങ്കില്‍ വിളവെടുപ്പ് സമയത്തുണ്ടാകുന്ന വിലയിടിവും, കടക്കെണിയും, ഇറക്കുമതിയുടെ അതിപ്രസരവും കൂടി നമ്മുടെ കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്, ഇന്ന്. ഇതേപോലുള്ള ഒരു ഗുരുതരമായ പ്രതിസന്ധിവേളയില്‍ 21 കൊല്ലം മുമ്പ് ഇന്‍ഫാം എന്ന സ്വതന്ത്രകര്‍ഷക സംഘടന രൂപം കൊണ്ടത് നമുക്കഭിമാനത്തോടെ ഓര്‍മ്മിക്കാം. പരാതികള്‍ നല്‍കിയും, സമരം ചെയ്തും അനേകം നേട്ടങ്ങള്‍ നാം കൈവരിച്ചിട്ടുണ്ട്. കാര്‍ഷിക കടം എഴുതിത്തള്ളാനും, കര്‍ഷകപെന്‍ഷന്‍ തുടങ്ങാനും, വന്യമൃഗശല്യം അല്പമെങ്കിലും കുറയ്ക്കാനും, കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തനം കൊണ്ട് നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇടനിലക്കാരുടെ ചൂഷണത്തില്‍നിന്നും കര്‍ഷകനെ രക്ഷിക്കാനായി ഇന്‍ഫാം നടത്തിയ വിപണി ഇടപെടലുകള്‍ (കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റുകളും, റബര്‍ കയറ്റുമതിയും) വലിയ അളവില്‍ ആശ്വാസം നല്‍കിയിട്ടുണ്ടെന്ന് നാം ഓര്‍മ്മിക്കണം.
തകര്‍ന്ന റബര്‍മേഖല
ശാശ്വത പരിഹാരം ഇന്നും അകലെയാണ്. കേരളത്തിലെ കാര്‍ഷികമേഖല പരിപൂര്‍ണ്ണമായി തകര്‍ന്നിരിക്കുകയാണിന്ന്. കഴിഞ്ഞ അരനൂറ്റാണ്ടുകാലത്ത് കേരളത്തിന്‍റെ കാര്‍ഷിക സമ്പദ്വ്യവസ്ഥയുടെ നെതുംതൂണായിരുന്നു റബര്‍ കൃഷി. ഇന്ന്, കര്‍ഷകന് ന്യായവില കിട്ടുന്നില്ല. ഇറക്കുമതി റബര്‍ സ്റ്റോക്ക് ചെയ്യുന്ന ടയര്‍ വ്യവസായി പറയുന്ന വിലയ്ക്ക് റബര്‍ വില്‍ക്കേണ്ട സ്ഥിതിയിലാണ് കര്‍ഷകന്‍. വിദഗ്ധ ടാപ്പര്‍മാരെ കിട്ടാനില്ല. കഴിഞ്ഞ ഏഴെട്ട് കൊല്ലമായി വന്‍തോതില്‍ ഇറക്കുമതി നടക്കുന്നു. ഇറക്കുമതിയുടെ ആധിക്യംകൊണ്ട് വിലയിടിഞ്ഞ്,ടാപ്പിംഗ് നടക്കാതെ പോകുന്നു. ഉല്പാദനം കുറയുന്നു. സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞ് റബറിന്‍റെ ഉല്പാദനം ഉയര്‍ത്താനും, സ്വയംപര്യാപ്തത കൈവരിക്കാനുമായിരുന്നു ശ്രമം. ന്യായവില ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞതോടെ കഠിനാധ്വാനം ചെയ്ത കര്‍ഷകര്‍, റബറിന്‍റെ ഉല്പാദനം 15,000 ടണ്ണില്‍നിന്നും, 10 ലക്ഷം ടണ്ണിലെത്തിച്ചു. പക്ഷേ, കഴിഞ്ഞ അഞ്ചാറ് കൊല്ലത്തെ കേന്ദ്ര അവഗണന കാരണം റബറിന്‍റെ ഉല്പാദനം വെറും അഞ്ചരലക്ഷം ടണ്ണിലേക്കു താഴ്ന്നു!
സര്‍ക്കാരിനെ ഭരിക്കുന്ന കോര്‍പറേറ്റുകള്‍
ലോകവാണിജ്യകരാറിന്‍റെ വ്യവസ്ഥകളനുസരിച്ച് ഇറക്കുമതി അധികമായിത്തീര്‍ന്ന് ഒരു ഉല്പന്നത്തിന്‍റെ വിലയിടിഞ്ഞ്, അതിന്‍റെ ആഭ്യന്തര ഉല്പാദനം കുറഞ്ഞുപോയാല്‍, ഉല്പാദനക്കുറവ് വീണ്ടെടുക്കാനായി ഇറക്കുമതിക്ക് കൂടുതല്‍ ചുങ്കം ചുമത്താന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ട്. ഇതിനുവേണ്ടി നമ്മള്‍ നിരവധി അപേക്ഷകള്‍ കേന്ദ്രത്തിലെത്തിച്ചെങ്കിലും, സര്‍ക്കാര്‍ കനിഞ്ഞില്ല.അതേസമയം, ചൈനയില്‍നിന്നും ടയര്‍ ഇറക്കുമതി നടന്നാല്‍ റിക്കാര്‍ഡ് ലാഭം നേടുന്ന ടയര്‍ കമ്പനികളുടെ ലാഭം കുറഞ്ഞുപോയേക്കുമെന്ന് കരുതി അവര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു, ചൈനീസ് ടയറിന്‍റെ മേല്‍ കൂടുതല്‍ ഇറക്കുമതിച്ചുങ്കം വിധിച്ച്, തങ്ങളെ സഹായിക്കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട്. അതുപോലെതന്നെ, കൃത്രിമറബര്‍ ഇറക്കുമതി ജര്‍മ്മനിയില്‍നിന്നും നടക്കുന്നു; അതിന്‍റെ ഇറക്കുമതിച്ചുങ്കം ഉയര്‍ത്തി തങ്ങളുടെ ലാഭം കുറയാതെ നോക്കണമെന്ന് ഇന്‍ഡ്യന്‍ കൃത്രിമറബര്‍ ഉല്പാദകരായ റിലയന്‍സും മറ്റും അപേക്ഷ നല്‍കി. ഈ രണ്ടു കൂട്ടര്‍ക്കും ഉടനടിയായി വരദാനം നല്‍കിയ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ചെറുകിട കര്‍ഷകര്‍ക്ക് ഇതേ സഹായം നിഷേധിക്കുകയാണ്. അങ്ങനെ കേരളത്തിലെ റബര്‍ കര്‍ഷകര്‍, ടയര്‍ വ്യവസായികള്‍ നല്‍കുന്ന ചില്ലറ വാങ്ങിക്കൊണ്ട് കുമ്പിളില്‍ത്തന്നെ കഞ്ഞികുടിച്ചു കഴിയുന്നു. ‘കോര’ന്മാരായി കഴിഞ്ഞുകൂടാന്‍ കേന്ദ്രസര്‍ക്കാര്‍ വിധിച്ചിരിക്കുകയാണ്.
എണ്ണപ്പന ആദായകരമാണ്
ഈ സന്ദര്‍ഭത്തില്‍ മുന്നോട്ടുള്ള വഴിയറിയാതെ പകച്ചുനില്ക്കുന്ന റബര്‍ കര്‍ഷകര്‍ക്ക് ആദായകരമായ മറ്റു വിളകളിലേക്ക് തിരിയാന്‍ എന്തെങ്കിലും സാങ്കേതിക ഉപദേശവും, സാമ്പത്തിക സഹായവും നല്‍കാന്‍ കേരളസര്‍ക്കാര്‍ തയ്യാറുണ്ടോ? ഫലഭൂയിഷ്ടമായ നമ്മുടെ മണ്ണില്‍ ടാപ്പിംഗ് കഴിഞ്ഞ് മരം വെട്ടിവിറ്റ്, ആദായകരമായ മറ്റു വിളകള്‍ കൃഷി ചെയ്യാമല്ലോ. ആണ്ടുതോറും തുടര്‍ച്ചയായി ഡിമാന്‍ഡ് ഉയരുന്ന ഉല്പന്നമാണ് പാമോയില്‍. എണ്ണപ്പനയുടെ കൃഷിയും, സംസ്ക്കരണ ഫാക്ടറികളും ലാഭകരമായി കേരളത്തില്‍ നടത്താന്‍ കഴിയും. പൊതുമേഖലാസ്ഥാപനമായ ഓയില്‍പാം ഇന്‍ഡ്യ, പൊതുമേഖലയുടെ പരിമിതികളെല്ലാമുണ്ടെങ്കിലും, കഴിഞ്ഞ കാല്‍നൂറ്റാണ്ടു കാലത്ത്, ഓരോ കൊല്ലവും, ഇരുപതും, ഇരുപത്തഞ്ചും കോടിരൂപ ലാഭം സമ്പാദിക്കുന്നു. എണ്ണപ്പനയോടൊപ്പം ഇടവിളയായി കൊക്കോ, കുരുമുളക് എന്നിവ കൂടി കൃഷിചെയ്താല്‍ കര്‍ഷകന് നിരാശപ്പെടേണ്ടി വരില്ല.
ഇടവിളകള്‍ വ്യാപകമാക്കണം
നമ്മുടെ പ്രിയപ്പെട്ട വിളയായ നാളികേരത്തിനോടൊപ്പം, ഇടവിളകളായി കൊക്കോയും, കുരുമുളകും കൃഷി ചെയ്യുന്നതും ലാഭകരമായിരിക്കും. പറങ്കിമാവും, ഇടവിളയായി കുരുമുളകും, മറ്റൊരു ലാഭകരമായ മാറ്റമായി പരിഗണിക്കാം. പ്ലാവ്, ആഞ്ഞിലി ഇവയും റമ്പൂട്ടാന്‍, മാങ്കോസ്റ്റീന്‍ തുടങ്ങിയ വിദേശ പഴവര്‍ഗ്ഗങ്ങളും അതുപോലെതന്നെ പരിഗണിക്കാവുന്ന പുതിയ വിളകളാണ്. ഈ പുതിയ കൃഷികളോടൊപ്പം മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള വ്യാവസായിക സംരംഭങ്ങള്‍കൂടി കര്‍ഷകര്‍ തന്നെ ഏറ്റെടുത്ത് നടത്തുന്നത് മികച്ച ലാഭം തുടര്‍ച്ചയായി ലഭ്യമാകാന്‍ സഹായകരമാകും. പൈനാപ്പിള്‍, കൊക്കോ, കുരുമുളക്, എണ്ണപ്പനക്കുല, ചക്ക, മാമ്പഴം, നേന്ത്രപ്പഴം, കപ്പ, കശുവണ്ടി, കശുമാമ്പഴം, നാളികേരത്തിന്‍റെ വിവിധ ഭാഗങ്ങള്‍, വെട്ടിവില്‍ക്കുന്ന റബര്‍ത്തടിയുടെ സംസ്കരണം, ഇവയെല്ലാം മൂല്യവര്‍ദ്ധന വരുത്തി വില്പന ചെയ്ത് കൂടുതല്‍ ലാഭം നേടാന്‍ കഴിയും.
പക്ഷേ, ഈ സ്വപ്നങ്ങളെല്ലാം യാഥാര്‍ത്ഥ്യമായിത്തീരാന്‍ കേരളസര്‍ക്കാര്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ അടിയന്തിരമായി ചെയ്യേണ്ടിയിരിക്കുന്നു.1) 60 കൊല്ലം മുന്‍പ് അന്നത്തെ മുന്‍ഗണനകളും, ആവശ്യങ്ങളും പരിഗണിച്ച് നടപ്പാക്കിയ പല നിയമങ്ങളും തിരുത്തപ്പെടേണ്ടിയിരിക്കുന്നു. ഉദാഹരണമായി, നമ്മുടെ ഭൂപരിധി നിര്‍ണ്ണയ നിയമമനുസരിച്ച്, റബര്‍, കാപ്പി, തേയില, ഏലം, ഗ്രാമ്പൂ, കശുമാവ്, കൊക്കോ എന്നീ വിളകള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ഇപ്പോള്‍ റബര്‍ മേഖലയിലുള്ള പ്രതിസന്ധി പരിഗണിച്ച് നാളികേരം, എണ്ണപ്പന, കുരുമുളക്, പ്ലാവ്, ആഞ്ഞിലി, മാങ്കോസ്റ്റിന്‍, റമ്പൂട്ടാന്‍ തുടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ എന്നീ വിളകളേക്കൂടി ഇളവ് അനുവദിച്ചിരിക്കുന്നവയുടെ പട്ടികയില്‍ ചേര്‍ക്കുക. ഈ വിളകള്‍ കൃഷി ചെയ്യാനാവശ്യമായ സാങ്കേതിക ഉപദേശം നല്‍കുന്നതോടൊപ്പം മികച്ച നടീല്‍ വസ്തുക്കളും ലഭ്യമാക്കുക.
2. സാമ്പത്തിക നേട്ടത്തിനും, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും, നികുതി വരുമാനം ഉയര്‍ത്താനും മേല്പറഞ്ഞ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണത്തിന് ആവശ്യമായ സംസ്കരണഫാക്ടറികള്‍ പൊന്തിവരണം. ഇത് സാധിക്കാന്‍ നമ്മുടെ പഞ്ചായത്തുകളും, സര്‍ക്കാര്‍ വകുപ്പുകളും ബിസിനസ്സ് സൗഹൃദനയങ്ങളും, സുതാര്യവും, സത്യസന്ധവുമായ സമീപനവും കൈക്കൊള്ളേണ്ടത്, അത്യാവശ്യം. ലൈസന്‍സുകളും, പെര്‍മിറ്റുകളും സംരംഭകര്‍ക്ക് നല്‍കുന്ന കാര്യത്തില്‍ നമ്മുടെ പഞ്ചായത്ത് മെമ്പര്‍മാര്‍ ഉദാരമനോഭാവം പ്രകടിപ്പിക്കണം. നോക്കുകൂലി വാങ്ങി, പുതിയ സംരംഭകരെ പീഡിപ്പിക്കാന്‍ സംഘടിത തൊഴിലാളികള്‍ നടത്തുന്ന ശ്രമങ്ങളെ ചെറുക്കാന്‍ പഞ്ചായത്ത് മെമ്പര്‍മാരും, മറ്റു ജനപ്രതിനിധികളും വീറോടെ രംഗത്തിറങ്ങണം.
3. കോവിഡ് കാലത്ത് ഒരു ജോലിയും ചെയ്യാതെ വീട്ടിലിരുന്നപ്പോള്‍ പോലും മുഴുശമ്പളവും ലഭിച്ചവരും, കൃത്യമായ ഇടവേളകളില്‍ ശമ്പളവര്‍ധന വാങ്ങുന്നവരുമായ നമ്മുടെ സര്‍ക്കാര്‍ ജീവനക്കാര്‍ പലപ്പോഴും അര്‍ഹമായ സഹായങ്ങള്‍ക്കും അനുമതികള്‍ക്കുമായി സര്‍ക്കാരാഫീസുകളില്‍ എത്തുന്ന സാധാരണക്കാരെ വട്ടംചുറ്റിക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്. ജീവനക്കാരുടെ ഭാഗത്ത് ഒരു മനംമാറ്റമുണ്ടാകണം. അതുപോലെതന്നെ, ഓഫീസുകളിലെ നടപടി ക്രമങ്ങള്‍ ലളിതവും ഉദാരവുമാക്കണം. ഈ വിഷയങ്ങളില്‍ സര്‍ക്കാരും, ജീവനക്കാരും കൃത്യമായ മാറ്റങ്ങള്‍ വരുത്തുന്നില്ലെങ്കില്‍ കൈക്കൂലി തുടങ്ങിയ അനാശാസ്യപ്രവണതകള്‍ക്കെതിരേ കര്‍ഷകസംഘടനകള്‍ പ്രതിഷേധിക്കണം; നടപടി ക്രമങ്ങള്‍ ലഘൂകരിച്ച് നീതിപൂര്‍വ്വമായ തീരുമാനങ്ങളെടുപ്പിക്കാനായി സമരം ചെയ്യണം.
4. സര്‍വ്വകക്ഷി യോഗങ്ങളില്‍ അനേകവര്‍ഷങ്ങളായി വാഗ്ദാനം ചെയ്യപ്പെടുന്ന പട്ടയങ്ങള്‍ ഇനിയെങ്കിലും എല്ലാവര്‍ക്കും ലഭ്യമാക്കണം.
5. പശ്ചിമഘട്ടത്തിലെ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം. തീരദേശവാസികളായ മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണം. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ സമിതികളുടെയും മീനാകുമാരി കമ്മീഷന്‍റെയും റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ മലയോര, തീരദേശപ്രദേശങ്ങളില്‍ ജനമനസ്സിലുള്ള ആശങ്കകള്‍ പരിഹരിക്കപ്പെടണം. ഈ ആവശ്യങ്ങളെല്ലാം നേടിയെടുക്കാന്‍ കര്‍ഷകര്‍ സംഘടിച്ച് ശക്തരാകണം.
- അതി തീവ്ര മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് പ്രളയ മുന്നറിയിപ്പുണ്ടെന്ന് കേന്ദ്ര ജല കമ്മീഷന്
- സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട് പിന്‍വലിച്ചു